Trending Now

കറുപ്പസ്വാമി ക്ഷേത്രവും കറുപ്പനൂട്ടും

എസ്. ഹരികുമാര്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം

കറുപ്പസ്വാമിയുടെ കഥ തുടങ്ങുന്നത്  തന്നെ ഭഗവാന്‍ അയ്യപ്പനില്‍ നിന്നാണ്

konnivartha.com: മഹിഷിയുമായി കടുത്ത യുദ്ധം നടക്കുകയാണ്. അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായ വാവര് വിശ്രമിക്കാനിരുന്ന നേരം. യുദ്ധം തടസപ്പെടാന്‍ പാടില്ല. ധീരന്മാരായവരെല്ലാം കളം നിറഞ്ഞു യുദ്ധം ചെയ്യണം. ഈ സമയം കൈലാസനാഥനായ ശിവന്‍ ഉഗ്രമൂര്‍ത്തി ഭാവത്തില്‍ പിറവി നല്‍കിയതാണ് കറുപ്പസ്വാമി. പിന്നീടങ്ങോട്ട് അയ്യപ്പന്റെ വഴികളിലെല്ലാം കറുപ്പസ്വാമിയുടെ കാല്‍പ്പാടുകളും പതിഞ്ഞു.

തമിഴ്‌നാട്ടിലെ ശങ്കരനാരായണന്‍ കോവില്‍ എന്ന സ്ഥലത്താണ് കറുപ്പസ്വാമിയുടെ തിരു അവതാര പിറവി എന്നാണ് വിശ്വാസം. തമിഴ്‌നാട്ടിലടക്കം കറുപ്പസ്വാമിയുടെ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും അച്ചന്‍കോവിലിലുള്ള കറുപ്പസ്വാമിയുടെ ക്ഷേത്രമാണ് വിശ്വപ്രസിദ്ധം. ഇവിടെ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിന് സമീപംതന്നെയാണ് കറുപ്പസ്വാമിയുടെ ക്ഷേത്രവും.

ശാസ്താവും കറുപ്പസ്വാമിയും മുഖാമുഖമാണ് ഇവിടെ ഇരിക്കുന്നത് എന്നതാണ് മറ്റൊരു പ്രതേൃകത. ശാസ്താവിന്റെ സാന്നിധ്യവും നിറഞ്ഞതുകൊണ്ടുതന്നെ ഈ കറുപ്പസ്വാമിക്ഷേത്രത്തിന് പറയാന്‍ ഭക്തിയും വിശ്വാസവും ചേര്‍ന്ന നിരവധി കഥകളുണ്ട്. ഇവിടെ കറുപ്പസ്വാമി പ്രതിഷ്ഠയ്ക്ക് സമീപം തന്നെ ഭാര്യയായ കറുപ്പായിഅമ്മയും ഉണ്ട്.

ഇനി കറുപ്പസ്വാമിയുടെ വിശ്വാസത്തെ കാലത്തിനും പകര്‍ന്നു നല്‍കുന്ന ചില കഥകളിലേക്ക് പോകാം. പണ്ട് കറുപ്പസ്വാമിക്ക് മദ്യവും മാംസവും നിവേദിയ്ക്കാറുണ്ടായിരുന്നത്രെ. നിവേദ്യത്തിനുള്ള മാംസം അന്നന്നു കൊല്ലപ്പെട്ട മൃഗങ്ങളുടേതായിരിക്കണമെന്ന് നിര്‍ബന്ധവും. ഇത്തരത്തില്‍ ഇവിടെ പൂജയക്കും മറ്റും ആവശ്യമായ സാധനങ്ങള്‍ എത്തിയ്ക്കാന്‍ ഒരു കുടുംബത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ നിവേദിയ്ക്കാനാവശ്യമായ മാംസം തേടി കാട്ടില്‍പ്പോയ കൊച്ചിട്ടാണന്‍ എന്നയാളിനെ കടമാന്‍പോത്ത് കൊന്നു. അന്ന് പൂജയ്ക്കുള്ള സമയമായിട്ടും കൊച്ചിട്ടാണനെ കാണാതായതോടെ എല്ലാവരും ഭയത്താല്‍ വിറച്ചു. നിവേദ്യത്തിനുള്ള സാധനങ്ങള്‍ കിട്ടാതായതോടെ പൂശാരി കോപത്താല്‍ തുള്ളിയുറഞ്ഞു. ഈ സമയം പൂശാരിയില്‍ കറുപ്പസ്വാമിയുടെ ആവേശമുണ്ടാകയാല്‍ അയാള്‍ കാട്ടിലേക്കോടി. അവിടെ നിന്ന് ഏറ്റവും വലിയ കടമാന്‍പോത്തിനെ കൊമ്പില്‍ പിടിച്ച് വലിച്ചിഴച്ച് ക്ഷേത്രത്തിലേക്കെത്തിച്ചു. തുള്ളിയുറഞ്ഞ് കറുപ്പസ്വാമിയുടെ ഭാവത്തില്‍ കൊച്ചിട്ടാണന്‍ കൊല്ലപ്പെട്ട വിവരം പറഞ്ഞു.

കറുപ്പസ്വാമി കടമാന്‍പോത്തിന്റ കൊമ്പുകളില്‍ പിടിച്ചുയര്‍ത്തി ദൂരേക്ക് വലിച്ചെറിഞ്ഞു. കൊമ്പുകള്‍ സ്വാമിയുടെ കൈയിലും ഉടല്‍ ഒരാലിന്റെ ചുവട്ടിലും ചെന്നുവീണു. ദുര്‍മരണം നിമിത്തം അറുകൊലയായി തീര്‍ന്ന കൊച്ചിട്ടാണനെ ആല്‍മരത്തിന്റെ ചുവട്ടില്‍ പ്രതിഷ്ഠിക്കുകയും മദ്യവലും മാംസവും മേലാല്‍ നിവേദിക്കുകയും വേണ്ടന്ന് കറുപ്പസ്വാമി കല്‍പ്പിച്ചു. കൊച്ചിട്ടാണന് ആണ്ടിലൊരിക്കല്‍ വീതമേ നിവേദ്യം നടത്താറുള്ളു.

കറുപ്പസ്വാമിയുടെ പ്രധാനവഴിപാടാണ് കറുപ്പനൂട്ട്. ഈ വഴിപാട് ക്ഷേത്ര സന്നിധിയില്‍വെച്ചുതന്നെ നടത്തണമെന്നില്ല. കറുപ്പസ്വാമിയുടെ പൂശാരി കര്‍മ്മിയായിവേണമെന്നു മാത്രം. ഉണക്കലരി നാലുപറ, നാളികേരം 40, ചാരായം നാലുപറ, കോഴിമുട്ട 40, മലര്‍ നാലുപറ, എണ്ണ നാലുപറ എന്നിങ്ങനെ പോകുന്നു കറുപ്പനൂട്ടിന്റെ പട്ടിക.

അച്ചന്‍കോവിലിലെ ഈ കറുപ്പസ്വാമിക്ഷേത്രം ദേവചൈതന്യത്തിന്റെ പരകോടിയണിഞ്ഞ ഭാവത്തിലാണ്. ഉഗ്രമൂര്‍ത്തി ഭാവമെങ്കിലും ശാന്തസുന്ദരമായ ഈ ക്ഷേത്രാന്തരീക്ഷം ഏതൊരു ഭക്തന്റെയും മനസില്‍ ആര്‍ദ്ര ഭാവമണിയും.

സ്വാമി ശരണം