Trending Now

പമ്പ ജല പരിശോധന ലാബ്  നാടിനു സമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

എല്ലാവർക്കും ശുദ്ധമായ ജലം ലഭ്യമാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
എൻ എ ബി എൽ അംഗീകാരം നേടിയ പമ്പ ജല പരിശോധന ലാബിന്റെ പ്രവർത്തനോദ്ഘാടനം പമ്പ വാട്ടർ അഥോറിറ്റി അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ശബരിമലയിൽ  മണ്ഡല- മകരവിളക്ക് കാലത്തും അല്ലാതെയും തീർത്ഥാടനത്തിന് എത്തുന്നവർക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും.  വകുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച്  കൃത്യമായി ഇടപെടലുകളിലൂടെ കരുതലോടെയുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

സീസണൽ ലാബായിരുന്ന പമ്പ ലാബ് മണ്ഡലകാലം മുതൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ലാബായി മാറും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിലേക്ക് 83 എൻഎബിഎൽ അക്രഡിറ്റേഷൻ  നേടിയിട്ടുള്ള കുടിവെള്ള പരിശോധന ലബോറട്ടറികൾ  ജലവിഭവ വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്.  ജില്ലയിലെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ ജീവനക്കാരെയും അവരുടെ കഠിന പരിശ്രമത്തിനെയും ചടങ്ങിൽ മന്ത്രി അഭിനന്ദിച്ചു.

ശബരിമലയിലേക്ക് എത്തുന്ന  തീർത്ഥാടകരുടെ ആരോഗ്യ പരിരക്ഷ പോലെ   സുപ്രധാനമാണ് ലഭിക്കുന്ന ജലം ശുദ്ധമാകണമെന്നതെന്ന് അഡ്വ.പ്രമോദ് നാരായണൻ എംഎൽഎ.  പറഞ്ഞു.ചടങ്ങിൽ  അധ്യക്ഷനായിരുന്നു അദേഹം.

ശബരിമലയോട് ചേർന്നുള്ള പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ലഭിക്കുന്ന കുടിവെള്ളത്തിന്റെയും പരിശുദ്ധി ഉറപ്പുവരുത്താൻ വേണ്ടിയുള്ള അന്താരാഷ്ട്ര നിലവാരമുള്ള പരിശോധനകളാണ് ലാബിൽ സജ്ജീകരിച്ചിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.

നിലവിൽ പമ്പയിൽ ഉണ്ടായിരുന്ന സീസണൽ ലാബിനെ നവീകരിച്ച് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . അന്താരാഷ്ട്ര നിലവാരത്തിലുള്ള കുടിവെള്ള പരിശോധന നടത്തുന്നതിനു വേണ്ടിയുള്ള ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ജലജീവൻ മിഷനിൽ നിന്നും 36 ലക്ഷം രൂപ ചിലവഴിച്ചാണ് ലാബ് നവീകരിച്ചിട്ടുള്ളത്.

ലാബിൽ എല്ലാ തീർത്ഥാടകരുടെയും  ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് 20 പാരമീറ്റർ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശോധന ഫലങ്ങൾ വാട്ടർ അഥോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റാന്നി സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന വടശ്ശേരിക്കര സെക്ഷൻ മേൽനോട്ടം വഹിക്കുന്ന നാല് വാട്ടർ സപ്ലൈ സ്കീമുകളും, റാന്നി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന അഞ്ചു പഞ്ചായത്തുകൾ ആയ ചിറ്റാർ, പെരുനാട്,  സീതത്തോട്, നാറാണമുഴി, വടശ്ശേരിക്കര എന്നിവിടങ്ങളിലെ ജെജെഎം സർവ്വേ സാമ്പിളുകളുടെ പരിശോധനയാണ് പമ്പാ ലാബിൽ ചെയ്യുന്നത്. ഭാവിയിലേക്ക് മൈക്രോബയോളജി ഘടകങ്ങളായ ടോട്ടൽ കോളി ഫോം, ഇകോളി എന്നിവയുടെ എൻ എ ബി എൽ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.

ഫിസിക്കൽ, കെമിക്കൽ,  മൈക്രോബയോളജി ഉൾപ്പെടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം നിർണയിക്കുന്ന ഇരുപതോളം ഘടകങ്ങൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ലാബിൽ സജീരിച്ചിട്ടുണ്ട്.

വാട്ടർ അഥോറിറ്റി ടെക്നിക്കൽ അംഗം ജി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ഗോപി, പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ആൻസൺ ജോൺ, ഡിസിഇ ആർ. വി സന്തോഷ്‌ കുമാർ, പഞ്ചായത്ത്‌ അംഗങ്ങൾ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!