Trending Now

പമ്പാ – ഞുണുങ്ങാർ പാലം ഇനി സ്ഥിരമാകും : റോഷി അഗസ്റ്റിൻ

 

താത്കാലിക പാതയിൽ നിന്നും പമ്പാ – ഞുണുങ്ങാർ പാലം ഇനി സ്ഥിരമാകുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പമ്പാ ത്രിവേണിയേയും കാനനപാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഞുണുങ്ങാർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

താത്കാലിക പാതയിൽ നിന്നും സ്ഥിരമായ രീതിയിലേക്ക് പാലത്തിന്റെ പ്രവർത്തികൾ പൂർത്തീകരിച്ച് തുറന്ന് കൊടുക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലെ തീർത്ഥാടനം ആരംഭിക്കുന്നതിനു മുൻപ് ഒരുക്കങ്ങളെ സംബന്ധിച്ചുള്ള ജലസേചന, ജലവിഭവ വകുപ്പുകൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ഇടത്താവളം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വകുപ്പ് നടത്തി വരുന്ന നിർമാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതുമായി ബന്ധപെട്ടു എല്ലാ നടപടികളും ജലവിഭവ വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ കരുതലോടെ വകുപ്പ് പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പമ്പയിൽ ഫെൻസിങ്, കുളിക്കടവ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഷവർ യൂണിറ്റുകളുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട് ആവശ്യമായ അധിക തുക അനുവദിക്കുമെന്നും സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുമെന്നും അദേഹം പറഞ്ഞു.

ജലസേചന വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.39 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ അഡ്വ. പ്രമോദ് നാരായൺ എം. എൽ. എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ഗോപി, പെരുനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് മോഹനൻ, ഇറിഗേഷൻ ചീഫ് എൻഞ്ചീനിയർ ആർ പ്രിയേഷ്, സൂപ്രണ്ടിങ്ങ് എൻഞ്ചീനിയർ സുനിൽ രാജ്, വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!