കേരളത്തില്‍ സിന്തറ്റിക് ഡ്രഗ് സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണു സിന്തറ്റിക് ഡ്രഗ്‌സ് കേരളത്തിലെത്തുന്നത്. ഡിജെ പാര്‍ട്ടികളിലും നിശാ പാര്‍ട്ടികളിലും പങ്കെടുക്കാന്‍ പോകുന്നവരില്‍ ചിലര്‍ അവിടെ വച്ചു സിന്തറ്റിക് ഡ്രഗ് മാഫിയയുമായി പരിചയത്തിലാകും. ‘അടിപൊളി ലൈഫി’നായി പെട്ടെന്നു പണം ഉണ്ടാക്കാനുള്ള മാര്‍ഗമായാണ് പലരും ഏജന്റുമാരായി മാറുന്നത്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലെ പാര്‍ട്ടികളില്‍ നിന്നു പരിചയപ്പെടുന്ന പ്രധാന വിതരണക്കാരനില്‍ നിന്നു ലഹരിമരുന്നു ചെറിയ അളവില്‍ മൊത്തമായി വാങ്ങി നഗരത്തില്‍ കൊണ്ടു വരികയാണ്. ഇവിടെ പുതുതലമുറക്കാരെയും വിദ്യാര്‍ഥികളെയുമാണ് ലക്ഷ്യമിടുന്നത്.
പുതുതലമുറക്കാര്‍ക്കായി നഗരത്തില്‍ പലേടത്തും പാര്‍ട്ടികള്‍ നടത്തുന്നുണ്ടെന്നു പൊലീസില്‍ വിവരം ഉണ്ട്. ഇത്തരം പാര്‍ട്ടികളില്‍ വച്ചു ചെറിയ തോതില്‍ സിന്തറ്റിക് ലഹരി വിതരണം ചെയ്യും. അതിനായി പ്രത്യേക പാക്കേജാണ്. പുതുമുഖങ്ങള്‍ക്കു ചെറിയ തുകയ്ക്കു പ്രവേശനം അനുവദിക്കും. തുക നല്‍കിയാല്‍ പാര്‍ട്ടിയില്‍ പാടിയും ആടിയും രസിക്കാം. ഒപ്പം ലഹരിയും നുകരാം. ആവശ്യപ്പെടുന്ന ലഹരിയുടെ അളവ് അനുസരിച്ചു പ്രവേശന ഫീസ് വര്‍ധിക്കും. ഇത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും പങ്കെടുക്കുന്നുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.
ഒന്നോ രണ്ടോ തവണ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ അതിന്റെ അടിമകളായി മാറും. അവര്‍ പിന്നീട് എവിടെ പാര്‍ട്ടി നടന്നാലും പണമുണ്ടാക്കി പങ്കെടുക്കും. ഇത്തരം പാര്‍ട്ടികള്‍ ഒരേ സ്ഥലത്തു തുടര്‍ച്ചയായി നടക്കാറില്ലത്രെ. സ്ഥലം മാറ്റിക്കൊണ്ടിരിക്കും. അതിന്റെ വിശദാംശങ്ങള്‍ സ്ഥിരം അംഗങ്ങളെ യഥാസമയം അറിയിക്കും. സ്ഥിരം അഗങ്ങളിലൂടെയാണു പുതിവര്‍ക്കു പ്രവേശനം. പുതിയ അംഗങ്ങളെ കൊണ്ടു വരുന്നവര്‍ക്കു ചില ‘ആനുകൂല്യങ്ങളും’ പാര്‍ട്ടിയില്‍ ലഭിക്കും. ലഹരി ഉപയോഗിച്ചു ആടി പാടി രസിക്കാം
സിന്തറ്റിക് ഡ്രഗ് ഒരിക്കല്‍ ഉപയോഗിച്ചവര്‍ വീണ്ടും അതു തേടി പോകും. ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ ചുറ്റുപാടുകളെ മറന്നു പ്രവര്‍ത്തിക്കും. ഇത്തരക്കാര്‍ ഏറെയും ബൈക്ക് അമിത വേഗത്തില്‍ ഓടിച്ചു ആഹ്ലാദം കണ്ടെത്തുന്നവരാണ്. ബൈക്ക് ഓടിക്കുമ്പോള്‍ വേഗം കൂട്ടുന്നതില്‍ മാത്രമായിരിക്കും ശ്രദ്ധ. അപകടങ്ങളെക്കുറിച്ചു ബോധമുണ്ടാകില്ല. മാഡ് റൈഡിങ് എന്നാണു ഇത്തരം പ്രതിഭാസം അറിയപ്പെടുന്നത്. കുറച്ചു കാലം ഉപയോഗിക്കുന്നതോടെ ആത്മഹത്യ പ്രവണത, അക്രമ സ്വഭാവം തുടങ്ങിയവയും ഉണ്ടാകും. കൂടുതല്‍ കാലം ഉപയോഗിക്കുന്നതോടെ ആന്തരികാവയവങ്ങള്‍ തകരാറിലാകുകയും ചെയ്യും