Trending Now

കാലിത്തീറ്റവില ക്രമീകരിക്കും: മന്ത്രി ജെ.ചിഞ്ചുറാണി

 

കാലിത്തീറ്റവില ക്രമീകരിക്കുമെന്ന് ക്ഷീരവികസനവും മൃഗസംരക്ഷണവും വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വെച്ചൂച്ചിറ എ ടി എം ഹാളില്‍ നടന്ന ക്ഷീരസംഗമം നിറവ് 2023-ന്റെ പൊതുസമ്മേനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പശുക്കള്‍ക്കു ശാസ്ത്രീയതീറ്റ നല്‍കുന്നതു സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കും. കാലിത്തീറ്റവില കുറയ്ക്കുന്നതിനായി പുല്‍കൃഷി വ്യാപകമാക്കണം. പച്ചപ്പുല്ല് പ്രത്യേക രീതിയില്‍ സംസ്‌കരിച്ച് സൂക്ഷിക്കുന്ന സൈലേജ് കാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തണം. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പാലിന്റെ ഉത്പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനു സംഘങ്ങളിലെ അംഗങ്ങളുടെ സഹകരണത്തോടെ കറവസമയം ഏകീകരിക്കും. കന്നുകാലികളിലെ വന്ധ്യതാ ചികിത്സയ്ക്കു സംസ്ഥാനത്തു ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരവികസനവകുപ്പില്‍ സമൂലമായ മാറ്റങ്ങളാണു രണ്ടരവര്‍ഷത്തില്‍ ഉണ്ടായതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. പാലുല്‍പ്പന്നങ്ങളിലൂടെ വിപണി കണ്ടെത്താന്‍ ക്ഷീരകര്‍ഷകര്‍ക്കായി വിവിധ പദ്ധതികളാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.ക്ഷീരമേഖലയ്ക്കു കൂടുതല്‍ തുക വകയിരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകരെയും മന്ത്രി ആദരിച്ചു.

ചടങ്ങില്‍ ക്ഷീരസംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജെയിംസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീനാപ്രഭ, ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.