Trending Now

പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും : മന്ത്രി വീണാ ജോര്‍ജ്

 

ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 121- ഓര്‍മ പെരുന്നാള്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ട് വരെ

konnivartha.com: ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരുമല പെരുന്നാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരുമല പള്ളി സെമിനാരി ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശാനുസരണമാണ് ആലോചനായോഗം ചേര്‍ന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുളള സേവനവും ക്രമീകരണങ്ങളും ഉറപ്പാക്കണം. ക്ലോറിനേഷന്‍, ഫോഗിംഗ് പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം.

പെരുന്നാള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഭക്ഷ്യവകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ പാടില്ല. പരുമലയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണസാധനങ്ങളുടെ ഗുണമേ• പരിശോധിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കണം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഒരു രഹസ്യ സ്‌ക്വാഡ് ഭക്ഷ്യസാധനങ്ങളുടെ ഗുണമേ•ാ പരിശോധനയ്ക്കായിയുണ്ടാകും.

പൊതുമരാമത്ത് വകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് റോഡിന്റെ വശങ്ങളിലുള്ള കാട് വെട്ടി വൃത്തിയാക്കണമെന്നും മേജര്‍ ഇറിഗേഷന്റെ നേതൃത്വത്തില്‍ പുഴകളുടെ വശങ്ങളില്‍ അപകടസാധ്യതാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് നിര്‍മാര്‍ജ്ജനം ചെയ്യണം. ശുചിത്വമിഷന്റെ സഹകരണത്തോടെ പ്രത്യേക പ്ലാന്‍ തയ്യാറാക്കണം. മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍ ഡിപ്പോകളില്‍ നിന്ന് പരുമലയിലേക്കും തിരിച്ചുമുള്ള സര്‍വീസ് വിപുലപ്പെടുത്തണം. ഷെഡ്യൂളുകള്‍ ബന്ധപ്പെട്ടവരെ അറിയിക്കണം.

മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പ്രവര്‍ത്തിക്കണം. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കുന്നത് പ്രധാനപ്പെട്ടതാണെന്നും കുടിവെള്ളസൗകര്യം പഞ്ചായത്തിന്റെ സഹകരണത്തോടെ ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ ഒ പ്ലാന്റ് ജല അതോറിറ്റി സ്ഥാപിക്കണമെന്ന് അഡ്വ. മാത്യു.ടി.തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. പാലങ്ങളിലെ കാടുകള്‍ തെളിക്കണമെന്നും എംഎല്‍എ പറഞ്ഞു.
വിപുലമായ ജനപങ്കാളിത്തത്തോടെ പെരുനാള്‍ നടത്തുന്നതിനാവശ്യമായ സര്‍ക്കാര്‍ തല ക്രമീകരണങ്ങള്‍ നടപ്പിലാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

 

തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്റെ നേതൃത്വത്തില്‍ വകുപ്പുദ്യോഗസ്ഥരുടെ യോഗം ഒക്ടോബര്‍ 17 നും പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, പൊതുമരാമത്ത്, കെഎസ്ആര്‍ടിസി എന്നീ വകുപ്പുകളുടെ യോഗം ഒക്ടോബര്‍ 20 നും ചേരുമെന്ന് കളക്ടര്‍ അറിയിച്ചു. അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വീണ്ടും യോഗം ചേരുമെന്നും കളക്ടര്‍ പറഞ്ഞു.
പെരുനാളുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേകമായി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ആലപ്പുഴ എഡിഎം എസ്. സന്തോഷ്‌കുമാര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ, കെ എസ് ആര്‍ ടി സി സര്‍വ്വീസ്, റോഡ് അറ്റകുറ്റപ്പണി എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വളരെയധികം തീര്‍ഥാടകര്‍ വരാനുള്ള സാധ്യത കണക്കിലെടുത്തുള്ള ക്രമീകരണങ്ങള്‍ തയ്യാറാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. പെരുനാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. സിസിടിവികള്‍ ക്രമീകരിക്കും. കടകള്‍ ലേലത്തിലെടുക്കുന്നവരുടെ ഐഡി പ്രൂഫ് പരിശോധന കര്‍ശനമാക്കും. അനധികൃത കച്ചവടക്കാരെ ഒഴിവാക്കും. 350 പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കുമെന്നും ആവശ്യമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെരുനാളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ആംബുലന്‍സ് സേവനം ഒരുക്കുകയും മെഡിക്കല്‍ ടീമിനെ സജ്ജമാക്കുകയും ചെയ്യും. പുളിക്കീഴ് ബ്ലോക്കില്‍ ഫസ്റ്റ് എയിഡ് പോസ്റ്റ് ക്രമീകരിക്കും. തിരുവല്ല താലൂക്ക് ആശുപത്രിയിലും ചാത്തങ്കേരി സി എച്ച് സി യിലും മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. അഗ്‌നിരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയെ ഒരു യൂണിറ്റിനെ നിയോഗിക്കും. കടപ്ര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പാതയോരങ്ങള്‍ വൃത്തിയാക്കുകയും തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുകയും ചെയ്യും.

വൈദ്യുതി മുടങ്ങാതിരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ കെ എസ് ഇ ബി ഒരുക്കും. വഴി വിളക്കുകള്‍ അറ്റകുറ്റപണി ചെയ്യുന്നതിന് ആവശ്യമായ സഹായം നല്‍കും. ടാപ്പുകളിലൂടെയുള്ള കുടിവെള്ളവിതരണം ജല അതോറിറ്റി ഉറപ്പാക്കും. പെരുനാള്‍ കാലത്ത് അടിയന്തിര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിന് ഫയര്‍ഫോഴ്‌സ് പ്രത്യേക സജീകരണം ഒരുക്കും. വ്യാജമദ്യവില്‍പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്‍പനയും തടയുന്നതിന് എക്‌സൈസ് വകുപ്പ് പെട്രോളിംഗ് ശക്തമാക്കും.

ഒക്ടോബര്‍ 26 ന് പരുമല തീര്‍ത്ഥാടന വാരത്തിന് തുടക്കമാകും. നവംബര്‍ രണ്ടിന് പെരുനാള്‍ സമാപിക്കും. ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി പോള്‍ റമ്പാന്‍, വൈദിക ട്രസ്റ്റി ഫാ.തോമസ് വര്‍ഗീസ് അമൈല്‍, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ വകുപ്പ് മേധാവികള്‍, വിവിധ ജില്ലാതല ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.