konnivartha.com: സെപ്തംബർ 29 മുതൽ ഒക്‌ടോബർ 1 വരെ നടക്കുന്ന 15-ാം താഷ്‌കന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ നയിക്കും
2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പങ്കാളിത്തത്തിനും അന്താരാഷ്ട്ര സഹനിർമ്മാണങ്ങൾക്കായുള്ള പങ്കാളിത്തത്തിനും TIFFEST വേദിയിൽ പ്രോത്സാഹനമേകും
ഉസ്ബെക്കിസ്ഥാനിലെ മന്ത്രിമാരുമായും തുർക്കി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിനിധികളുമായും കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്തിട്ടുണ്ട്
ഈ വർഷം ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിൽ നടക്കുന്ന താഷ്‌കന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ പ്രതിനിധിസംഘത്തെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ നയിക്കും. സിനിമാ പങ്കാളിത്തം കെട്ടിപ്പടുക്കുക, പരിപാടികളുടെ കൈമാറ്റം, ചലച്ചിത്ര നിർമ്മാണം പരിപോഷിപ്പിക്കുക, സംസ്കാരങ്ങൾ തമ്മിലുള്ള പാലമായി വർത്തിക്കുക എന്നിവയാണ് ഈ ചലച്ചിത്രമേളയിലെ പങ്കാളിത്തം ലക്ഷ്യമിടുന്നത്. ‘പട്ടുപാതയുടെ മുത്ത്’ എന്നറിയപ്പെടുന്ന താഷ്കെന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് 1968ലാണ് തുടക്കം കുറിച്ചത്. ഇന്ത്യൻ ചിത്രം ‘അമ്രപാലി’ മേളയുടെ ഉദ്ഘാടന പതിപ്പിൽ പ്രദർശിപ്പിച്ചിരുന്നു.
രാജ് കപൂറിന്റെ സിനിമകൾക്ക് ലോകമെമ്പാടും, പ്രത്യേകിച്ച് ഉസ്ബെക്കിസ്ഥാനിലും മധ്യേഷ്യയിലും സ്നേഹം ലഭിച്ച ആദ്യകാല ഇന്ത്യൻ സിനിമ നാളുകളിൽ ഇന്ത്യൻ സിനിമ ലോക ഭൂപടത്തിൽ പ്രസിദ്ധിയാർജിച്ചിരുന്നു. നമ്മുടെ സാംസ്കാരിക രീതിയും കലാരൂപങ്ങളും നമ്മുടെ കഥപറച്ചിലിലേക്ക് കടക്കുകയും ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും പ്രശംസിക്കപ്പെടുകയും ചെയ്യുന്നതിനാൽ ഇന്ത്യൻ സിനിമയ്ക്ക് ഇന്നും മനോഹാരിതയുണ്ട്. അടുത്തിടെ മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ശ്രീ രാജമൗലിയുടെ ആർആർആർ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി.
ഉസ്ബെക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ വേരുകൾ ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞതാണ്. അടുത്തകാലത്തായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴിൽ ഉഭയകക്ഷി ബന്ധങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. സമ്പന്നമായ ചലച്ചിത്ര ആവാസവ്യവസ്ഥയും ലോകത്തിന് വേണ്ടി ഇന്ത്യയിൽ തുടർച്ചയായ വളർച്ചാ സാധ്യതകളുള്ള ഭാവിയിലേക്കു സജ്ജമായ വ്യവസായവും സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ഇന്ത്യ, സിനിമകൾ കൂട്ടായി നിർമിക്കാനും സിനിമാ അവബോധവും സാങ്കേതികതകളും കൈമാറാനും നമ്മുടെ സിനിമ / വ്യവസായങ്ങളെ ഉൾക്കൊള്ളാനുള്ള വഴികൾ വികസിപ്പിക്കാനും താൽപ്പര്യപ്പെടുന്നു. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ 2023 ജനുവരിയിൽ മുംബൈയിൽ എസ്‌സിഒ ചലച്ചിത്രമേള സംഘടിപ്പിച്ചിരുന്നു.
ആവേശകരവും അർഥവത്തായതുമായ ചർച്ചകൾക്ക് ഉത്തേജകമാകുമെന്ന് വാഗ്ദാനം ചെയ്യുന്ന ‘ഇന്ത്യയുടെ സർഗാത്മക സമ്പദ്ഘടന പ്രദർശിപ്പിക്കൽ’ എന്ന വിഷയത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിങ് ഠാക്കൂർ നൽകിയ ആശയത്തിലാണ് ടിഫ്ഫെസ്റ്റിൽ (TIFFEST) ഇന്ത്യയുടെ പങ്കാളിത്തം. ഇന്ത്യയെ ആഗോള ഉള്ളടക്ക കേന്ദ്രമാക്കുന്നതിനും സഹകരിച്ചുള്ള ചിത്രീകരണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും നാം വഴിയൊരുക്കുമ്പോൾ, താഷ്‌കന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉസ്‌ബെക്കിസ്ഥാനും പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളും തമ്മിലുള്ള സിനിമാ പങ്കാളിത്തത്തിന് വേദിയൊരുക്കും. കൂടുതൽ ചലച്ചിത്ര പ്രവർത്തകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനായി വിദേശ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനം നൽകും.
2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) ഈ വർഷത്തെ പതിപ്പിന്റെ പ്രചാരണത്തിനായി താഷ്കന്റ് മേളയുടെ വേദി ഉപയോഗിക്കും.