Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (20/09/2023)

ശാസ്ത്രാവബോധവും വിവേചന ചിന്തയും പുതിയ തലമുറയില്‍ വളര്‍ത്താന്‍ സ്‌കൂള്‍തല
ജെന്‍ഡര്‍ ഡെസ്‌ക് സംവിധാനത്തിന് കഴിയണം: അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍

ശാസ്ത്രാവബോധവും വിവേചന ചിന്തയും പുതിയ തലമുറയില്‍ വളര്‍ത്തിയെങ്കില്‍ മാത്രമേ ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയൂ, അതിനുവേണ്ടിയുള്ള സംവിധാനമായി സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഡെസ്‌കുകള്‍ മാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശുവികസന വകുപ്പ്, ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാപ്പില്‍ നാനോ ആഡിറ്റോറിയത്തില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസ്റ്റര്‍ ട്രെയ്‌നറും കൗണ്‍സിലറുമായ ഡോ. പ്രകാശ് രാമകൃഷ്ണന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ ഡേവിഡ് റെജി മാത്യു,കില റിസോഴ്‌സ്‌പേഴ്‌സണ്‍ എം.വി.രമദേവി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ നക്ഷത്ര, നിരുപമ, സഖി വനിതാ പഠന കേന്ദ്രം കോര്‍ഡിനേറ്റര്‍ ജി.രജിത എന്നിവര്‍ ക്ലാസുകള്‍ നടത്തി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അദ്ധക്ഷത വഹിച്ച ചടങ്ങില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ചെയര്‍പേഴ്‌സണ്‍ സാറ തോമസ്,ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു.അബ്ദുല്‍ ബാരി,വനിതാ സംരക്ഷണ ഓഫീസര്‍ എ.നിസ,പ്രോഗ്രാം ഓഫീസര്‍ നിത ദാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.ലതാകുമാരി,കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

റീ ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന്  കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ (എസി) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍,സ്ഥാപനങ്ങളില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു. റീ ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 8281999053, 0468 2329053.

യുവജന കമ്മീഷന്‍ പത്തനംതിട്ട ജില്ലാതല അദാലത്ത് 

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍  രാവിലെ 11 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18 വയസിനും 40  വയസിനും മധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം. ഫോണ്‍: 0471 2308630.

ഖാദി വസ്ത്രങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ്
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള ഇലന്തൂര്‍, പത്തനംതിട്ട , അടൂര്‍ റവന്യൂടവര്‍, റാന്നി-ചേത്തോങ്കര എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന  ഖാദി ഗ്രാമസൗഭാഗ്യകളില്‍ ഗാന്ധിജയന്തി  ദിനാചരണത്തിന്റെ ഭാഗമായി  എല്ലാ  ഖാദി  തുണിത്തരങ്ങള്‍ക്കും  30 ശതമാനം  സ്പെഷ്യല്‍ റിബേറ്റ് നല്‍കുന്നു. സെപ്റ്റംബര്‍ 23 മുതല്‍  ഒക്ടോബര്‍ മൂന്നു  വരെയാണ്  സ്പെഷ്യല്‍ റിബേറ്റ്.സ്പെഷ്യല്‍  മേളയോട്  അനുബന്ധിച്ച്  ഖാദി തുണിത്തരങ്ങളുടെ  വിപുലമായ ശേഖരം  ഉപഭോക്താക്കള്‍ക്കായി  ഒരുക്കിയിട്ടുണ്ട്. മേളയുടെ ജില്ലാതല ഉദ്ഘാടനം  റാന്നി-ചേത്തോങ്കര  ഖാദി ഗ്രാമസൗഭാഗ്യയില്‍  റാന്നി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് അനിത അനില്‍കുമാര്‍   നിര്‍വഹിക്കും.  ഗാന്ധിജയന്തിയുടെ ഭാഗമായി  23 ന്  നൂറനാട് സിബിഎം എച്ച്എസ്എസിലും  ഒക്ടോബര്‍  മൂന്നിന്  കിളിവയല്‍ സെന്റ് സിറില്‍സ് കോളേജിലും  ഖാദി  സ്‌പെഷ്യല്‍  മേളകള്‍   സംഘടിപ്പിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍   ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ  ഒരു ഒഴിവ്. ഹോട്ടല്‍ മാനേജ്‌മെന്റ് /കേറ്ററിംഗ് ടെക്‌നോളജിയില്‍ ഡിഗ്രി / ഡിപ്ലോമ അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍. ടി. സി./ എന്‍.എ.സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ  പ്രവര്‍ത്തി  പരിചയവും  ഉള്ളവര്‍ ഒക്ടോബര്‍ 3ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ :0468 2258710


ക്ലസ്റ്റര്‍ അധ്യാപക കൂട്ടായ്മയുടെ
സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് പരിശീലനം ആരംഭിച്ചു

യുപി മലയാളം ക്ലസ്റ്റര്‍ അധ്യാപക കൂട്ടായ്മയുടെ ദ്വിദിന സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് പരിശീലനം പഴകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ആരംഭിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.രാജു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.14 ജില്ലകളില്‍ നിന്നുമുള്ള 3 അധ്യാപകര്‍ വീതമാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. 25ന് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് പരിശീലനങ്ങളും 30ന് ക്ലസ്റ്റര്‍ പരിശീലനങ്ങളും നടക്കും.

മലയാള ഭാഷയുടെ വിവിധ സമീപനങ്ങള്‍ ബോധ്യപ്പെടുത്തുക, അവധിക്കാല അധ്യാപക പരിശീലനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അധ്യാപക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്.

 

പരിപാടിയുടെ ഭാഗമായി തുല്യതയും ഗുണതയുമുള്ള വിദ്യാഭ്യാസം ലക്ഷ്യം വച്ചുകൊണ്ട് അധ്യാപകരെ ശാക്തീകരിക്കാനാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.സമഗ്ര ശിക്ഷാ പത്തനംതിട്ട ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.ലജു.പി.തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ.പ്രകാശ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാദാസ്, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ എസ്.ശ്രീകുമാര്‍, വി.എസ്.അനൂപ്,ബി.പി.സി.കെ. എ.ഷെഹന തുടങ്ങിയവര്‍ പങ്കെടുത്തു .


പോസ്റ്റ് ഓഫീസ് മുഖേന 10 ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ്

പോസ്റ്റ് ഓഫീസ് വഴി ഒരു വര്‍ഷം 396 രൂപ പ്രീമിയം അടച്ചാല്‍ 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. മുന്‍വര്‍ഷം പോളിസി എടുത്തത്  പുതുക്കാറായവരും പുതുതായി പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നവരും അടുത്തുളള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് എടുക്കാനുളള തുക അടക്കം ആദ്യ തവണ 600 രൂപയാണ്. ആധാര്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍, അനന്തരാവകാശിയുടെ ജനനതീയതി എന്നിവയുമായി നേരിട്ട് എത്തണം.

ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സെപ്റ്റംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച  കല്ലൂപ്പാറ  ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍പട്ടികയിലെ  മരണപ്പെട്ടവരുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്തില്‍ പ്രസിദ്ധീകരിച്ചു.ആക്ഷേപങ്ങള്‍ ഉള്ളവര്‍  സെപ്റ്റംബര്‍ 28 ന്  മുന്‍പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ആക്ഷേപം സമര്‍പ്പിക്കണം.

ലിസ്റ്റ് പ്രസിദ്ധീകരിച്ചു
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി  നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്നും മരണപ്പെട്ടവരുടേയും പഞ്ചായത്തിലെ സ്ഥിര താമസക്കാരല്ലാതായവരുടേയും പേരുകള്‍ നീക്കം ചെയ്യുന്നതിനായി പ്രത്യേകം പട്ടികപ്പെടുത്തി ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോര്‍ഡ്,പെരുനാട് വില്ലജ് ഓഫീസ്, പെരുനാട് കൃഷിഭവന്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധപെടുത്തിയിട്ടുണ്ട്.എന്തെങ്കിലും ആക്ഷേപമുള്ളവര്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സെപ്റ്റംബര്‍ 27 ന്  വൈകിട്ട് അഞ്ചിന് മുന്‍പായി നേരിട്ട് ഹാജരായി രേഖാമൂലമോ വാക്കാലോ ബോധിപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
റാന്നി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള നാറാണംമൂഴി  ഗ്രാമ പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരേയും/ഹെല്‍പ്പര്‍മാരേയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നവര്‍  അതാത് ഗ്രാമ പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരായിരിക്കണം. വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവര്‍ ആയിരിക്കണം.

 

പ്രായം 46 വയസില്‍ കൂടാന്‍ പാടില്ല. പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ്.ഹെല്‍പ്പറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാംക്ലാസ് മിനിമം യോഗ്യതയുളളവരായിക്കണം. മറ്റ് യോഗ്യതകളെല്ലാം വര്‍ക്കറുടെ യോഗ്യതകള്‍ക്ക് തുല്യമായിരിക്കും. അപേക്ഷ ഫോറം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ  10 മുതല്‍ നാലുവരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍  16 ന് വൈകുന്നേരം നാലു വരെ ഇതേ ഓഫീസില്‍ സ്വീകരിക്കും.ഫോണ്‍; 04735 221568

error: Content is protected !!