
പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടി . പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്.ഭൂരിപക്ഷം 36454 . തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്.
ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു. ആദ്യ ലീഡ് നിലതന്നെ ചാണ്ടി ഉമ്മന് അനുകൂലമായിരുന്നു. സർവീസ് തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. അതിലും വ്യക്തമായ ആധിപത്യം ചാണ്ടി ഉമ്മൻ നേടി. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ് എന്ന റെക്കോഡാണ് പഴങ്കഥയായത്. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അഞ്ചാം തീയതി നടന്ന വോട്ടെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. 1,28,535 പേരാണ് വോട്ട് ചെയ്തത്. ആകെ ഏഴു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. തപാൽ വോട്ടുകളുടെ കണക്ക്
യുഡിഎഫ് -1495
എൽഡിഎഫ്- 443
ബിജെപി- 72
യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപം വിജയത്തിനടിസ്ഥാനമായിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയുടെ അടിത്തറയിൽ മാറ്റം സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു . തെരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ തരംഗത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് കൂടുതൽ അവകാശവാദത്തിന് തയ്യാറാകാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.സർക്കാരിനെതിരെയുള്ള താക്കീതായി കണക്കാക്കുന്നില്ല. വോട്ട് കുറഞ്ഞത് പരിശോധിക്കും.
ആദ്യ പിണറായി വിജയൻ സർക്കാരിന്‍റെ കാലത്ത് എട്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതിൽ നാലിടത്ത് യുഡിഎഫും നാലിടത്ത് എൽഡിഎഫുമാണ് വിജയിച്ചത്. 2016 മുതലുള്ള പത്ത് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്‍റെ രണ്ട് സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ഇടതുമുന്നണിയുടെ ഒരു സിറ്റിങ് സീറ്റിൽ യുഡിഎഫും വിജയിച്ചു.
രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫാണ് വിജയിച്ചത്. പുതുപ്പപ്പള്ളിയിലും തൃക്കാക്കരയിലും യുഡിഎഫ് സിറ്റിങ് സീറ്റുകൾ നിലനിർത്തുകയായിരുന്നു.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് വേങ്ങറയിലേതായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ച ഒഴിവിലാണ് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ലീഗ് സ്ഥാനാർഥി കെഎൻഎ ഖാദർ മത്സരിച്ച് വിജയിച്ചു.
2018ൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തി. കെകെ രാമചന്ദ്രൻനായരുടെ നിര്യാണത്തെ തുടർന്ന് സജി ചെറിയാനാണ് ഇവിടെനിന്ന് ഇടതുമുന്നണിക്കുവേണ്ടി ജനവിധി തേടിയത്. ത്രികോണമത്സരത്തിൽ ഡി വിജയകുമാറിനെയും പി എസ് ശ്രീധരൻപിള്ളയെയും മറികടന്ന് സജി ചെറിയാൻ മികച്ച വിജയം നേടുകയും ചെയ്തു.
2019ൽ കെ എം മാണി അന്തരിച്ചതിനെ തുടർന്ന് പാലായിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് പിന്തുണയോടെ എൻസിപി സ്ഥാനാർഥി മാണി സി കാപ്പൻ വിജയിച്ചു. 2943 ആയിരുന്നു ഭൂരിപക്ഷം. പിന്നീട് മഞ്ചേശ്വരത്ത് എംഎൽഎയായിരുന്ന പി ബി അബ്ദുൾ റസാഖിന്‍റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി എം.സി കമറുദ്ദീൻ വിജയിച്ചു.
ഹൈബി ഈഡൻ ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പക്കെട്ടതോടെ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ ടി ജെ വിനോദ് എൽഡിഎഫിനെ മനുറോയിയയെ പരാജയപ്പെടുത്തി. അരൂരിൽ സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫിനുവേണ്ടി ഷാനിമോൾ ഉസ്മാൻ പിടിച്ചെടുത്തി. സിപിഎമ്മിലെ മനു സി പുളിക്കലിനെയാണ് ഷാനിമോൾ തോൽപ്പിച്ചത്.
2019ൽ തന്നെ കോന്നി, വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. കോന്നിയിൽ കെ യു ജനീഷ് കുമാറും വട്ടിയൂർക്കാവിൽ വി കെ പ്രശാന്തുമാണ് വിജയിച്ചത്.
2022ൽ തൃക്കാക്കരയിൽ നടന്നത് രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ ആദ്യ ഉപതെരഞ്ഞെടുപ്പ് ആയിരുന്നു. പി ടി തോമസിന്‍റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസാണ് വിജയിച്ചത്. ജോ ജോസഫിനെയാണ് ഉമ തോൽപ്പിച്ചത്.
ഒരുഘട്ടത്തിൽ അമ്പതിനായിരത്തിലേറെ ഭൂരിപക്ഷം നേടുമെന്ന് തോന്നിച്ചെങ്കിലും ചാണ്ടി ഉമ്മന്‍റെ ലീഡ് 40000ൽ താഴെയായി. ഇതോടെ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച വിജയമെന്ന പി ജയരാജന്‍റെ റെക്കോർഡ് സുരക്ഷിതമായി നിന്നു.2007ൽ കൂത്തുപറമ്പിലാണ് ഏറ്റവും മികച്ച ഉപതെരഞ്ഞെടുപ്പ് വിജയമെന്ന റെക്കോർഡ് സിപിഎം നേതാവ് പി ജയരാജൻ സ്വന്തം പേരിൽ കുറിച്ചത്. അന്ന് കോൺഗ്രസിലെ കെ പ്രഭാകരനെതിരെ 45,377 വോട്ടുകൾക്കാണ് പി ജയരാജൻ വിജയിച്ചത്. പി ജയരാജന്‍റെ 2001ലെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കൂത്തുപറമ്പിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍റെ തേരോട്ടത്തിൽ ഇടതുശക്തികേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞു. ജെയ്ക്ക് സി തോമസിന് സ്വന്തം തട്ടകമായ മണർകാടും ചാണ്ടി ഉമ്മൻ വൻ ലീഡ് നേടി. പുതുപ്പള്ളി മണ്ഡലത്തിൽ 182 ബൂത്തുകളിൽ ഒരൊറ്റ ബൂത്തിൽ മാത്രമാണ് ജെയ്ക്കിന് ലീഡ് നേടാനായത്. മീനടം പഞ്ചായത്തിലെ പുതുവയൽ 153-ാം ബൂത്തിലാണ് ജെയ്ക്കിന് 15 വോട്ടിന്‍റെ ലീഡ് ലഭിച്ചത്.
പുതുപ്പള്ളിയില്‍ യുഡിഎഫിന്റേത് ചരിത്ര വിജയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സഹതാപതരംഗം മാത്രമല്ല, പുതുപ്പള്ളിയിലുണ്ടായത് പിണറായി സര്‍ക്കാരിനുള്ള തിരിച്ചടി കൂടിയാണ്. സിപിഐഎം ആരോപണം പോലെ ബിജെപിയുടെയും സിപിഐഎമ്മിന്റെയും വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്നും അത് പിടിച്ചുവാങ്ങിയ വോട്ടാണെന്നും കെ സുധാകരന്‍ പറഞ്ഞു.ഈ വിജയം യുഡിഎഫിന് കരുത്തുമാത്രമല്ല, എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമാണ്. ബിജെപിയുടെ വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.അതെ കിട്ടിയിട്ടുണ്ട്. പക്ഷേ അവര്‍ തന്നതല്ല, ഞങ്ങള്‍ പിടിച്ചുവാങ്ങിയതാണ്. അതുപോലെ സിപിഐഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്. സുധാകരന്‍ പ്രതികരിച്ചു.പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പരാജയത്തിന് പിന്നാലെ വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി വി എന്‍ വാസവന്‍. ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകള്‍ കോണ്‍ഗ്രസിന് വിറ്റെന്നാണ് മന്ത്രി വി എന്‍ വാസവന്റെ ആരോപണം.ജനവിധി മാനിക്കുന്നുവെന്ന് വി എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു.എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ലെന്നായിരുന്നു ജെയ്ക് സി തോമസിന്റെ പ്രതികരണം. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു.