പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 സെപ്റ്റംബർ 6നും 7നും ഇന്തോനേഷ്യയിലെ ജക്കാർത്ത സന്ദർശിക്കും. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയുടെ ക്ഷണപ്രകാരമാണുപ്രധാനമന്ത്രിയുടെ ജക്കാർത്ത സന്ദർശനം.
സന്ദർശനവേളയിൽ ഇന്തോനേഷ്യ ആതിഥേയത്വം വഹിക്കുന്ന 20-ാം ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 18-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
2022ൽ ഇന്ത്യ-ആസിയാൻ ബന്ധം സമഗ്രമായ തന്ത്രപര പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിനുശേഷമുള്ള ആദ്യ ഉച്ചകോടിയാണു വരാനിരിക്കുന്ന ആസിയാൻ-ഇന്ത്യ ഉച്ചകോടി. ഉച്ചകോടി ഇന്ത്യ-ആസിയാൻ ബന്ധങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയും സഹകരണത്തിന്റെ ഭാവിദിശ നിശ്ചയിക്കുകയും ചെയ്യും.
ആസിയാൻ രാജ്യങ്ങളിലെ നേതാക്കൾക്കും, ഇന്ത്യ ഉൾപ്പെടെയുള്ള എട്ടു ചർച്ചാപങ്കാളികൾക്കും പ്രാദേശികവും ആഗോളവുമായ സുപ്രധാന വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കിടാൻ കിഴക്കൻ ഏഷ്യ ഉച്ചകോടി അവസരമൊരുക്കും.