
തുവ്വൂരില്‍ നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമെന്ന് മലപ്പുറം എസ്.പി. സുജിത്ദാസ്. നാലുപേര്‍ ചേര്‍ന്നാണ് തുവ്വൂര്‍ സ്വദേശി സുജിതയെ കൊലപ്പെടുത്തിയതെന്നും കൃത്യം നടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ട് അതിന് മുകളില്‍ മെറ്റലും ഹോളോബ്രിക്‌സും എം.സാന്‍ഡും നിരത്തിയിരുന്നതായും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നും എസ്.പി. വെളിപ്പെടുത്തി.
ഓഗസ്റ്റ് 11-ാം തീയതി മുതല്‍ കാണാതായ തുവ്വൂര്‍ സ്വദേശി സുജിതയെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കൊലപ്പെടുത്തിയത്.വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ് എന്നിവരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് എസ്.പി.യുടെ വിശദീകരണം.കൊലപാതകം നടന്ന വിവരവും മൃതദേഹം മറവുചെയ്ത കാര്യവും വിഷ്ണുവിന്റെ അച്ഛനും അറിയാമായിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.വിഷ്ണുവും സുജിതയും പരിചയമുള്ളവരാണ്. യുവതിയെ കാണാതായതിന് പിന്നാലെ സംശയമുള്ളവരുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. യുവതിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടോ എന്നതും അന്വേഷിച്ചു. ഈ അന്വേഷണത്തില്‍ വിഷ്ണു ഒരു ജൂവലറിയില്‍ സ്വര്‍ണം പണയംവെച്ചതായി കണ്ടെത്തി.ഇതോടെ ഇയാള്‍ സംശയനിഴലിലായിരുന്നു. ഓഗസ്റ്റ് 11-ാം തീയതി രാവിലെയാണ് കൊലപാതകം നടന്നത്.