പത്താം നാൾ തിരുവോണം.ഇനി പത്തുദിവസം മലയാളികൾക്ക് ആഘോഷ നാളുകളാണ്.ഇന്ന് മുതൽ ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കും. അത്തം തൊട്ട് പത്ത് ദിവസം വീട്ട് മുറ്റത്ത് പൂക്കളം ഇട്ടാണ് ഓണത്തെ വരവേൽക്കുന്നത്.പൂക്കളവും പൂവിളികളുമായി ഒരു ഓണക്കാലം കൂടി എത്തി. മലയാളിക്ക് ഓണം ആഘോഷത്തിന്റെയും ഒരുമയുടെയും ഉത്സവമാണ്. അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. ചിങ്ങമാസത്തിലെ അത്തമാണ് സൂര്യന്റെ നക്ഷത്രമായി വരുന്നത്. ഇന്ന് മുതൽ പത്താം ദിവസത്തിലാണ് തിരുവോണം വരുന്നത്.
സൂര്യൻ ഭൂമിയിൽ ഏറ്റവും കൂടുതൽ സത്ഫലങ്ങൾ ചൊരിയുന്ന ദിവസമാണ് ചിങ്ങമാസത്തിലെ അത്തമെന്നാണ് വിശ്വാസം. ശ്രാവണ മാസത്തിലെ ദ്വാദശി തിഥിയിലാണ് തിരുവോണം ആഘോഷിക്കുന്നത്. 27 നക്ഷത്രങ്ങളിൽ ഒന്നായ ഓണം മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രമാണ്. വാമനനായി അവതരിച്ച മഹാവിഷ്ണു മഹാബലിയെ ഭൂമിയിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോൾ ഭൂമിയിലെ പ്രജകളെ വർഷത്തിൽ ഒരിക്കൽ കാണാൻ മഹാബലി അവസരം ചോദിച്ചു.
ചിങ്ങത്തിലെ തന്റെ പിറന്നാൾ ദിവസമായ തിരുവോണത്തിന് മഹാബലിക്ക് ഭൂമിയിലെത്താൻ മഹാവിഷ്ണു അനുവാദം നൽകി. ഈ ദിവസമാണ് തിരുവോണമായി ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. മഹാബലിയെ വരവേൽക്കാൻ അത്തം മുതൽ പത്ത് ദിവസം മലയാളികൾ ഒരുങ്ങുന്നു. ഈ വർഷം ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് അത്തം വരുന്നത്.അത്തം നാളിൽ സൂര്യോദയത്തിന് മുൻപ് കുളിച്ച് ശുദ്ധി വരുത്തി മഹാബലിയെ വരവേൽക്കാൻ ആദ്യത്തെ പൂക്കളം ഒരുക്കണം. ഇങ്ങനെ പത്ത് ദിവസം പൂക്കളം ഒരുക്കി കാത്തിരിക്കുന്ന പ്രജകൾക്ക് മുൻപിൽ തിരുവോണനാളിൽ മഹാബലി എത്തുമെന്നാണ് വിശ്വാസം.