Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/08/2023)

രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം:മന്ത്രി കെ. എന്‍. ബാലഗോപാല്‍ സല്യൂട്ട് സ്വീകരിക്കും

konnivartha.com: രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 15ന് ആഘോഷിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിന് ജില്ലാ സ്റ്റേഡിയത്തിലെ പരിപാടികള്‍ ആരംഭിക്കും.

രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആര്‍. പ്രദീപ് കുമാറും 8.55 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും എത്തിച്ചേരും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ മന്ത്രി കെ. എന്‍. ബാലഗോപാല്‍ എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യും.

9.10 ന് പരേഡ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്‍ മുഖ്യാതിഥിക്കു മുന്‍പാകെ എത്തിയശേഷം മുഖ്യാതിഥി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിക്കും. 9.15ന് പരേഡ് മാര്‍ച്ച് പാസ്റ്റ് ആരംഭിക്കും. 9.30 ന് മുഖ്യ അതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
പോലീസിന്റെ മൂന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറും ഗൈഡ്സിന്റെ നാലും സ്‌കൗട്സിന്റെ രണ്ടും, റെഡ്ക്രോസിന്റെ നാലും, ഫയര്‍ഫോഴ്‌സിന്റെ രണ്ടും, വനം, എക്സൈസ്, എന്‍സിസി എന്നിവയുടെ ഒന്നു വീതം പ്ലാറ്റൂണും, ബാന്റ് സെറ്റിന്റെ മൂന്നു ടീമുകളും മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും പോലീസ് മെഡല്‍ വിതരണവും, സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രൂപ്പുകള്‍ക്ക് എവറോളിംഗ് സ്ഥിരം ട്രോഫികളുടെ വിതരണവും, സമ്മാനദാനവും നടക്കും.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ രാവിലെ 7.30ന് ജില്ലാ സ്റ്റേഡിയത്തില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അഭ്യര്‍ഥിച്ചു.എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും പൂര്‍ണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

പതാക ഉയര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ 2002,  ദേശീയ ബഹുമതികളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം എന്നിവ അനുസരിച്ചായിരിക്കണം ദേശീയ പതാക ഉയര്‍ത്തുന്നതും ഉപയോഗിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും.2002ലെ ഫ്ളാഗ് കോഡില്‍ 2021 ഡിസംബര്‍ 30നും 2022 ജൂലൈ 19നും ഭേദഗതി വരുത്തിയിരുന്നു.

-കോട്ടണ്‍/പോളിസ്റ്റര്‍/കമ്പിളി/ഖാദിസില്‍ക്ക് എന്നീ തുണികളില്‍
കൈത്തറി, നെയ്ത്ത്, മെഷീന്‍ എന്നിവ ഉപയോഗിച്ച്‌ദേശീയ പതാക നിര്‍മിക്കാം.
– ദേശീയ പതാകയുടെ അന്തസിനും ബഹുമതിക്കും യോജിക്കുന്ന നിലയില്‍ എല്ലാ ദിവസങ്ങളിലും ആഘോഷവേളകളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ അംഗത്തിന് ദേശീയ പതാക ഉയര്‍ത്താം.

–  പുതിയ ഭേദഗതി അനുസരിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ പൊതുസ്ഥലത്തോ വീട്ടിലോ ഉയര്‍ത്തുന്ന പതാക രാത്രിയും പകലും പാറിക്കാം.

– ദീര്‍ഘചതുരാകൃതിയിലായിരിക്കണം ദേശീയപതാക. പതാക ഏതുവലുപ്പത്തിലുമാകാം, എന്നാല്‍ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
– വേറിട്ടുനില്‍ക്കുന്നനിലയില്‍ ആദരവോടെയെ ദേശീയ പതാക പ്രദര്‍ശിക്കാവു.
– കേടുവന്നതോ മുഷിഞ്ഞതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല
– തലകീഴായി ദേശീയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല

– ഏതെങ്കിലും വ്യക്തിക്കോ, വസ്തുവിനോ മുന്നില്‍ പതാക താഴ്ത്തിപ്രദര്‍ശിപ്പിക്കരുത്.
– ദേശീയ പതാകയേക്കാള്‍ ഉയരത്തിലോ, അരികുചേര്‍ന്നോ മറ്റു പതാകയോ കൊടിയോ സ്ഥാപിക്കരുത്. പതാക പറക്കുന്ന കൊടിമരത്തിലോ അതിനു മുകളിലോ പൂക്കളോ, പുഷ്പചക്രങ്ങളോ, ചിഹ്നങ്ങളോ അടക്കമുള്ള ഒരു വസ്തുവും സ്ഥാപിക്കരുത്.
– തോരണമോ, വര്‍ണ റിബണോ, കൊടികള്‍ ആയോ, മറ്റ് അലങ്കാരത്തിനുള്ള വസ്തുക്കള്‍ ആയോ ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല.

– ദേശീയപതാക തറയിലോ, നിലത്തോ സ്പര്‍ശിക്കാനോ, വെള്ളത്തിലഴയാനോ പാടില്ല.
– ദേശീയപതാകയ്ക്കു കേടുവരുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാനോ കെട്ടാനോ പാടില്ല
– ദേശീയ പതാക കെട്ടുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ കെട്ടാന്‍ പാടില്ല.
– ദേശീയ പതാകയില്‍ ഒരു തരത്തിലുമുള്ള എഴുത്തുകളും പാടില്ല.

– കെട്ടിടങ്ങളുടെ മുന്‍വശത്തോ, ബാല്‍ക്കണിയിലോ, ജനല്‍പ്പടിയിലോ തിരശ്ചീനമായി സ്ഥാപിച്ച ദണ്ഡിലോ മറ്റോ ദേശീയപതാക സ്ഥാപിക്കുമ്പോള്‍ കുങ്കുമവര്‍ണഭാഗം ദണ്ഡിന്റെ അങ്ങേയറ്റത്തു വരുന്ന രീതിയില്‍ കെട്ടണം.

 

 

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിംഗ് ചെയ്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കണം
പത്തനംതിട്ട ജില്ലയില്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ നടപ്പ് അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിംഗ് ചെയ്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കണം.  പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍  പഠിക്കുന്ന  ഒന്‍പതാം ക്ലാസും അതിന് മുകളിലും പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പട്ടികവര്‍ഗ  വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിംഗ് ചെയ്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും നിലവില്‍ ബാങ്ക് അക്കൗണ്ട് ഉളള വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിംഗ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ സ്വീകരിക്കണമെന്ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.

അഭിമുഖം 23 ന്
തോട്ടപ്പുഴശേരി  ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണം നടത്തി ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് നിയമനം നടത്തുന്നു. ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്),  ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ ( സിവില്‍)  ഐടിഐ (സര്‍വേയര്‍)   യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 23  ന് രാവിലെ 11 ന് ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2214387.

യുവ സംവാദ് പരിപാടി സംഘടിപ്പിച്ചു
ആസാദി കാ അമൃത് മഹോത്സവിന്റ ഭാഗമായി നെഹ്റു യുവ കേന്ദ്ര പത്തനംതിട്ടയും നാട്ടരങ്ങ് കലാ സാംസ്‌കാരിക വേദി ചേരിക്കല്‍  പന്തളവും സംയുക്തമായി യുവ സംവാദ് -2023 സംഘടിപ്പിച്ചു. ഇന്ത്യ @ 2047, പഞ്ച പ്രാണ്‍ ഓഫ് അമൃത് കാല്‍ എന്നീ ആശയങ്ങളുടെ വിശദീകരണവും ചര്‍ച്ചയും സംഘടിപ്പിച്ചു.  നാട്ടരങ്ങ് കലാ സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ്  പി.കെ.സുഭാഷ് അധ്യക്ഷനായ ചടങ്ങ് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. നാട്ടരങ്ങ് സെക്രട്ടറി കെ.വി ജൂബന്‍, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍,പന്തളം നഗരസഭാ കൗണ്‍സിലര്‍മാരായ എസ്.അരുണ്‍ , ടി കെ സതി, ഗവ. ഐ.ടി.ഐ ചേരിക്കല്‍ പ്രിന്‍സിപ്പല്‍ കെ.രാജീവ്,നാഷണല്‍ യൂത്ത് അവാര്‍ഡ് ജേതാവായ ഷിജിന്‍ വര്‍ഗീസ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.സജികുമാര്‍, നാട്ടരങ്ങ് ജോയിന്റ് സെക്രട്ടറി അരുണ്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുടുംബശ്രീ ബഡ്സ് ദിനാചരണം നടത്തും
ബഡ്സ് സ്ഥാപനങ്ങളെ കുടൂതല്‍ ജനകീയമാക്കുക, വിഭിന്ന ശേഷിയുളള കുട്ടികളെ സമൂഹത്തിലേക്ക് ഉള്‍ചേര്‍ക്കുക, അവരുടെ രക്ഷിതാക്കള്‍ക്ക് മാനസിക പിന്‍തുണ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ആഗസ്റ്റ് 16 ബഡ്സ് ദിനമായി ആചരിക്കുന്നു. അന്നേ ദിവസം ജില്ലാതലത്തില്‍ വര്‍ണ്ണം 2023 എന്ന പേരില്‍ ജില്ലതല സംഗമവും നടക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനവും ഡോക്യുമെന്ററി പ്രകാശനവും നടത്തും. ജില്ലയിലെ 11 ബഡ്സ് സ്ഥാപനങ്ങളില്‍ നിന്നുളള കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തും.

മജീഷ്യന്‍ രമാ ജീവന്‍ അവതരിപ്പിക്കുന്ന മാജിക് ഷോയും ഡോ.ധനേഷ് കുമാര്‍ നയിക്കുന്ന ഭിന്നശേഷി കുട്ടികളുടെ  ഹോം തെറാപ്പി എന്ന വിഷയത്തിലുളള ക്ലാസും നടക്കും.

ഐഎച്ച്ആര്‍ഡി കോഴ്സുകളുടെ അപേക്ഷാ തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാനുളള തീയതി ആഗസ്റ്റ് 19 വരെ നീട്ടി.പി.ജി.ഡി.സി.എ, ഡി.ഡി.ടി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് ,ഡി.സി.എഫ്.എ ,എ.ഡി.ബി.എം.ഇ,  ഡി.എല്‍.എസ്.എം, പി.ജി.ഡി.ഇ.ഡി, സി.സി.എന്‍.എ തുടങ്ങിയ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. വെബ്സൈറ്റ് : www.ihrd.ac.in. ഫോണ്‍ : 0471 2322985, 2322501.

ഉജ്ജ്വലബാല്യം പുരസ്‌കാരം 2022 അപേക്ഷ ക്ഷണിച്ചു
കല കായികം സാഹിത്യം ശാസ്ത്രം സാമുഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പടെ ) ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 6-11 വയസ് 12-18 വയസ് എന്നീ പ്രായവിഭാഗങ്ങളില്‍ തരംതിരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2022 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷക്കായി പരിഗണിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15. പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ,മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍,കച്ചേരിപ്പടി ,ആറന്‍മുള 689533 നിന്നും ലഭിക്കും. ഫോണ്‍ : 0468 2319998.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 18 ന്
മഹാത്മാ ഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആഗസ്റ്റ് 18 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്നും ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.


എച്ച്.ഐ.വി / എയ്ഡ്സ് ബോധവല്‍ക്കരണം ജില്ലാതല ക്വിസ്മത്സരം സംഘടിപ്പിച്ചു

ആരോഗ്യവകുപ്പിന്റെയും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും,ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ യൂണിറ്റിന്റേയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്മത്സരം സംഘടിപ്പിച്ചു. സുസ്ഥിരവികസന ആരോഗ്യലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ എച്ച്.ഐ.വി അണുബാധ  ഇല്ലാതാക്കാനും എച്ച്.ഐ.വി പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും  ലക്ഷ്യമിട്ടാണ് മത്സരംസംഘടിപ്പിച്ചത്. ജില്ലാമെഡിക്കല്‍ ഓഫീസ് (ആരോഗ്യം)പത്തനംതിട്ടയില്‍ നടന്ന മത്സരത്തില്‍ സൂര്യ എസ് കിരണ്‍,ദേവിക.ജി.ഓമനക്കുട്ടന്‍(എന്‍.എസ്.എസ്.എച്ച്.എസ്.എസ് ചൂരക്കോട്) ഒന്നാം സ്ഥാനവും , എസ്.സായൂജ്യ , അഹാന്‍സുഭാഷ് (എസ്.എന്‍.വി.എച്ച്.എസ്.എസ്.അങ്ങാടിക്കല്‍) രണ്ടാംസ്ഥാനവും അന്‍സല്‍ സയ്യദലി, എച്ച്. ദേവീകൃഷ്ണ (മൗണ്ട്ബഥനിപബ്ലിക് സ്‌കൂള്‍, കുമ്പഴ ) മൂന്നാംസ്ഥാനവും നേടി.

വിജയിച്ച ടീമിന് യഥാക്രമം 5000,4000, 3000, രൂപവീതം ക്യാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും.ജില്ലാ ടി.ബി ഓഫീസര്‍ ഡോ.നിരണ്‍ബാബു, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് സേതുലക്ഷ്മി, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അങ്കണവാടി ഹെല്‍പ്പര്‍ അഭിമുഖം 16 ന്
കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരം വര്‍ക്കര്‍/ഹെല്‍പ്പര്‍മാരെ നിയമിക്കുന്നു. ആഗസ്റ്റ് 16 ന് രാവിലെ 10 ന് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഹെല്‍പ്പര്‍മാരെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം നടത്തും. വര്‍ക്കര്‍മാരുടെ അഭിമുഖം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും.


സംരംഭകത്വ ബോധവല്‍ക്കരണ പരിപാടി

എംഎസ്എംഇ കളുടെ ഉല്‍പാദന ക്ഷമത കൂട്ടുക, ഗുണനിലവാരം മെച്ചപെടുത്തുക, പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രിക്കുക എന്നിവ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കീഡ് സീറോ ഡിഫെക്ട് സീറോ എഫക്ട് എന്ന സ്‌കീമില്‍ ഏകദിന
സംരംഭകത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. എം.എസ്.എം.ഇ ഡെവലപ്മെന്റ് ആന്റ് റെസിലിറ്റേഷന്‍ ഓഫീസ് തൃശൂരിന്റെ സഹകരണത്തോടെ അങ്കമാലി എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്റര്‍, ഇന്‍കെല്‍ ടവറില്‍ ആഗസ്റ്റ് 23 ന് ആണ് പരിശീലനം. ആഗസ്റ്റ് 19 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. വെബ് സൈറ്റ് :www.kied.info.  ഫോണ്‍ : 0484 2550322, 2532890, 9605542061.

സ്പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡി.യുടെ മോഡല്‍ പോളിടെക്നിക്  കോളേജുകളിലും, പൂഞ്ഞാര്‍  എഞ്ചിനീയറിംഗ് കോളേജിലും മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ, രണ്ട് വര്‍ഷ ലാറ്ററല്‍ എന്‍ട്രി എഞ്ചിനീയറിംഗ്  ഡിപ്ലോമ കോഴ്സുകളിലേക്ക്  സ്പോട്ട് അഡ്മിഷന്‍ എടുക്കാന്‍ താത്പ്പര്യപ്പെടുന്നവര്‍  അതാത് കോളേജുകളില്‍ നേരിട്ടെത്തി അഡ്മിഷന്‍  നേടണം.
മോഡല്‍ പോളിടെക്നിക് കോളേജ്, കരുനാഗപ്പള്ളി  – 8547005083
മോഡല്‍ പോളിടെക്നിക് കോളേജ്,മറ്റക്കര – 8547005081
മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ് – 8547005084
കെ.കരുണാകരന്‍ മെമ്മോറിയല്‍
പോളിടെക്നിക് കോളേജ്, കല്ലേറ്റുംകര – 8547005080
മോഡല്‍ റസിഡന്‍ഷ്യല്‍
പോളിടെക്നിക് കോളേജ്, കുഴല്‍മന്നം – 8547005086
മോഡല്‍ പോളിടെക്നിക് കോളേജ്, വടകര – 8547005079
ഇ.കെ.നയനാര്‍ മെമ്മോറിയല്‍
മോഡല്‍ പോളിടെക്നിക് കോളേജ്, കല്ല്യാശ്ശേരി – 8547005082
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ – 9447460142

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി
വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മുഖേന തീര്‍പ്പാക്കുന്നു.
കാറ്റഗറി ഒന്ന് :- യൂണിറ്റുടമ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തന രഹിതമായിരിക്കുകയും സ്ഥാപനത്തിന് ആസ്തികള്‍ ഒന്നും നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശിക പൂര്‍ണമായും എഴുതിത്തള്ളും. ഇതിനായി മരണപ്പെട്ട യൂണിറ്റുടമയുടെ അനന്തരാവകാശി ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

കാറ്റഗറി രണ്ട് :-മറ്റുള്ള മാര്‍ജിന്‍ മണി വായ്പകളില്‍ അതായത് റവന്യൂ നടപടികളിലുള്ളവ, യൂണിറ്റ് പ്രവര്‍ത്തന രഹിതമായവ,യൂണിറ്റിന് ആസ്തി ഇല്ലാതിരിക്കുക എന്നിവയ്ക്ക് വായ്പ അനുവദിച്ച തീയതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി വരെ ആറ് ശതമാനം നിരക്കിലുള്ള പലിശയുള്‍പ്പെടെയുള്ള തുകയാണ് അടയ്ക്കേണ്ടത്. തിരിച്ചടച്ചിട്ടുള്ള തുക കിഴിച്ച് അടച്ചാല്‍ മതിയാകും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശിക തീര്‍പ്പാക്കുന്നവര്‍ക്ക് പലിശയുടെ 50ശതമാനം  എഴുതിതള്ളും. പിഴ പലിശ പൂര്‍ണമായും ഒഴിവാക്കും. കുടിശിക ഒറ്റത്തവണയായോ അതല്ലെങ്കില്‍ 50ശതമാനം ആദ്യഗഡുവായും അവശേഷിക്കുന്ന തുക രണ്ട് ഗഡുക്കളായും അടയ്ക്കാം.  ഈ ആനുകൂല്യം സെപ്റ്റംബര്‍ മൂന്നുവരെ നീട്ടി. റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള കളക്ഷന്‍ ചാര്‍ജ്ജ് പ്രത്യേകം അടയ്ക്കണം. ഗഡുക്കളായുള്ള തിരിച്ചടവില്‍ വീഴ്ച വരുന്ന പക്ഷം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം നഷ്ടമാകും. ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷകര്‍ പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 0468-2214639