Trending Now

കെ.എസ്.എഫ്.ഇ ഭദ്രതാ സ്മാർട് ചിട്ടി: ഒരു കോടിയുടെ ബംപർ സമ്മാനം കൊല്ലം കരവാളൂർ ശാഖയിൽ

konnivartha.com: കെ.എസ്.എഫ്.ഇയുടെ ഭദ്രതാ സ്മാർട്ട് ചിട്ടി-2022 മെഗാ നറുക്കെടുപ്പിൽ സംസ്ഥാനതല ബമ്പർ സമ്മാനം കൊല്ലം റൂറൽ കരവാളൂർ ശാഖയിലെ ജയകുമാർ ടി.എസ് എന്ന ചിറ്റാളന്. ബുധനാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നിർവഹിച്ചത്.  ജയകുമാറിന് ബമ്പർ സമ്മാനമായ ഒരു കോടി രൂപയോ ഒരു കോടി രൂപ വിലയുള്ള ഫ്‌ളാറ്റോ ലഭിക്കും.

ഭദ്രതാ സ്മാർട്ട് ചിട്ടിക്ക് പുറമേ ലോ-കീ ക്യാമ്പയിൻ-2022 ചിട്ടി നറുക്കെടുപ്പും തിങ്കളാഴ്ച നടന്നു.  മെഗാ നറുക്കെടുപ്പ് മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വിശ്വാസ്യതയാണ് കെ.എസ്.എഫ്.ഇയുടെ മുഖമുദ്രയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 74,000 കോടി രൂപയോളം മൊത്തം ബിസിനസ് ഉള്ള,  ദശലക്ഷക്കണക്കിന് വരിക്കാറുള്ള കെ.എസ്.എഫ്.ഇ വിശ്വസ്തതയുടെ പര്യായമായി മാറി.  കെ.എസ്.എഫ്.ഇ ചിട്ടിയ്ക്ക് സർക്കാർ ഗ്യാരണ്ടിയുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തെ പല ധനകാര്യസ്ഥാപനങ്ങളും കോടിക്കണക്കിന് രൂപ തട്ടിച്ച സംഭവങ്ങൾ ഉണ്ടായപ്പോഴും കെ.എസ്.എഫ്.ഇ തലയുയർത്തി തന്നെ നിന്നു. വ്യാപാരികൾചെറുകിട കച്ചവടക്കാർസർക്കാർ ഉദ്യോഗസ്ഥർ മുതൽ പ്രവാസികൾ വരെ കെ.എസ്.എഫ്.ഇയെ ആശ്രയിക്കുന്നു.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 1500 ഓളം പേർക്ക് പുതുതായി നിയമനം നൽകിയ കെ.എസ്.എഫ്.ഇയുടെ നടപടി എടുത്തുപറയേണ്ടതുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ ശാഖകളും കൂടുതൽ ചിട്ടികളും കൂടുതൽ ജീവനക്കാരുമായി കെ.എസ്.എഫ്.ഇ നല്ല രീതിയിൽ മുന്നോട്ടു പോകുകയാണ്.

ഭദ്രതാ സ്മാർട് ചിട്ടി മുഖേന 805 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടത്.  എന്നാൽ ലക്ഷ്യവും കവിഞ്ഞ് 823 കോടി രൂപ സമാഹരിച്ചു. ലോ-കീ ക്യാമ്പയിൻ ചിട്ടിയിൽ 200 കോടി രൂപ ലക്ഷ്യമിട്ടതിൽ സമാഹരിച്ചത് 216 കോടി രൂപ.

ഭദ്രതാ സ്മാർട്ട്‌ ചിട്ടി മുഖേന ആകെ 10.50 കോടി രൂപയുടെ സമ്മാനങ്ങളും ലോ-കീ ക്യാമ്പയിൻ ചിട്ടി വഴി 74 ലക്ഷം രൂപയുടെ സമ്മാനങ്ങളുമാണ് വിതരണം ചെയ്യുക. മറ്റു സമ്മാനങ്ങളിൽ 70 ഇ-കാറുകൾ, 100 ഇ-സ്‌കൂട്ടറുകൾ എന്നിവ ഉൾപ്പെടുന്നു.

പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.  കെ.എസ്.എഫ്.ഇ ചെയർമാൻ കെ വരദരാജൻഎം.ഡി ഡോ. സനിൽ എസ്.കെ,  ഡയറക്ടർ ഡോ. കെ ശശികുമാർലോട്ടറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം രാജ്കപൂർ തുടങ്ങിയവർ പങ്കെടുത്തു.