
konnivartha.com/പത്തനംതിട്ട : പഠിപ്പിച്ച കണക്ക് നോട്ട് ബുക്കിൽ എഴുതാത്തതിന് വിദ്യാർത്ഥിനിയെ ചൂരൽ കൊണ്ട് തല്ലിയെന്ന പരാതിപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ.
എരുമക്കാട് ഗുരുക്കൻകുന്ന് ദൈവത്താൽ മെമ്മോറിയൽ ഗവണ്മെന്റ് എൽ പി സ്കൂളിലെ
മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിക്കാണ് അധ്യാപകന്റെ മർദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് 2 മണിക്ക് ശേഷം ക്ലാസ്സ് മുറിയിലാണ് സംഭവം.
മെഴുവേലി ആലക്കോട് കാഞ്ഞിരംകുന്നിൽ കൃഷ്ണൻ കുട്ടിയുടെ മകൻ ബിനോജ് കുമാറാണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പിന് പുറമെ ബാലനീതി നിയമത്തിലെ 82(I) വകുപ്പും ചേർത്താണ് കേസെടുത്തത്.
ബുക്കിൽ എഴുതാത്തതിനാൽ കുട്ടിയെ തറയിലിരുത്തി, തുടർന്ന് എഴുതാൻ ആവശ്യപ്പെട്ടു.
അപ്പോഴും എഴുതാതിരുന്നപ്പോഴാണ്, മേശയുടെ ഡ്രോയറിൽ നിന്നും ചൂരലെടുത്ത് അടിച്ചത്. ഇരു കൈകളിലും, കൈത്തണ്ടയിലും, ഇടതുകൈപ്പത്തിക്ക് പുറത്തും അടിയേറ്റ്
ചുവന്നു.
കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത ആറന്മുള പോലീസ് , അധ്യാപകന് നോട്ടീസ് അയച്ചു സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന്, ഇന്ന് രാവിലെ സ്റ്റേഷനിലെത്തിയ ബിനോജിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം ചെയ്തതായി വ്യക്തമായതിനെതുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.