Trending Now

പത്തനംതിട്ട  ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും

 konnivartha.com: റോഡ് സുരക്ഷ, കുട്ടികളുമായി ഇടപഴകുന്ന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, വ്യക്തിത്വ വികസനം, പൊതുവായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനായി ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ക്ക് നാലു ഘട്ടമായി പരിശീലന പരിപാടി സംഘടിപ്പിക്കും. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. ജില്ലയിലെ വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയിലാണ് തീരുമാനം.
 പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന്റേയോ, തിരിച്ചറിയല്‍ കാര്‍ഡിന്റെയോ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കും. സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഎകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. ഇവയിലൊന്നും ഉള്‍പ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിഒ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് മുഖേന കണ്‍സഷന്‍ നല്‍കും.
രാവിലെ ആറു മുതല്‍ വൈകുന്നേരം ഏഴു വരെ സൗജന്യ യാത്ര അനുവദിക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്ന കാര്യം അതത് ഡിടിഒമാര്‍ ഉറപ്പു വരുത്തണം. എല്ലാ സ്വകാര്യ ബസുകളിലും ജോയിന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കും. സ്റ്റുഡന്റ്സ് കണ്‍സഷന്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന്് എല്ലാ ബസിലും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു.
 വിദ്യാര്‍ഥികളോട് മോശമായി പെരുമാറുക, സീറ്റ് നിഷേധിക്കുക, അമിത ചാര്‍ജ് ഈടാക്കുക തുടങ്ങിയ പരാതികള്‍ ഉണ്ടാകരുതെന്നും അങ്ങനെയുള്ള പരാതികള്‍ ശ്രദ്ധയിപെട്ടാല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും, പെണ്‍കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച ഉണ്ടാകരുതെന്നും സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍ പറഞ്ഞു.
 തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും യാത്രാനുമതി നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കൂടാതെ സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളില്‍ വിദ്യാര്‍ഥികളെ സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ആര്‍ടിഒ എ.കെ. ദിലു പറഞ്ഞു.
യോഗത്തില്‍ അടൂര്‍ ജോയിന്റ് ആര്‍ടിഒ ഗീതാകുമാരി, മല്ലപ്പള്ളി ജോയിന്റ് ആര്‍ടിഒ റ്റി.പി. പ്രദീപ് കുമാര്‍, റാന്നി ജോയിന്റ് ആര്‍ടിഒ മുരളിധരന്‍ ഇളയത്, കോന്നി ജോയിന്റ് ആര്‍ടിഒ സി. ശ്യാം, തിരുവല്ല ജോയിന്റ് ആര്‍ടിഒ ഇ.സി. പ്രദീപ്, പാരലല്‍ കോളജ് പ്രതിനിധി, പ്രൈവറ്റ് ബസ് ഉടമകളുടെ പ്രതിനിധികള്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!