konnivartha.com: കാര്‍ഷിക ഗ്രാമമായ പന്തളം തെക്കേക്കര ഓണത്തെ വരവേല്‍ക്കാന്‍ പൂ കൃഷി ആരംഭിച്ചു. പൂക്കള്‍ നിറയും ഗ്രാമം പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. മൂന്ന് ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
വാടാമല്ലി, ജെണ്ടുമല്ലി, സീനിയ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഓണക്കാലത്തു വ്യാപകമായി ജെണ്ടുമല്ലി കൃഷി ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്തു തീരുമാനിച്ചിരുന്നു. ഈ പദ്ധതിക്കായി ഫണ്ട് വകയിരുത്തിയതായും പ്രസിഡന്റ് പറഞ്ഞു.എല്ലാ വാര്‍ഡിലെയും ജനങ്ങള്‍ ഏറ്റെടുത്ത കൃഷിക്ക് പഞ്ചായത്തിലെ ഇടമാലി വാര്‍ഡിലാണ് തുടക്കം കുറിച്ചത്.
ഓണക്കാലത്ത് സ്വന്തമായി കൃഷി ചെയ്തിറക്കുന്ന പൂക്കള്‍ ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പന്തളം തെക്കേക്കരയിലെ വീട്ടമ്മമാര്‍. തരിശ് രഹിത ഗ്രാമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി വിദ്യാധരപണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍.കെ ശ്രീകുമാര്‍, പ്രിയ ജ്യോതി കുമാര്‍, ജനപ്രതിനിധികളായ രഞ്ജിത്ത്, പൊന്നമ്മ വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, കൃഷി ഓഫീസര്‍ സി.ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജി.സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍, എന്‍ആര്‍ജിഎസ് ഓവര്‍സിയര്‍ അഖില്‍, സിഡി എസ്, എഡിഎസ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.