Trending Now

പകര്‍ച്ചപ്പനി:പത്തനംതിട്ട ജില്ല കനത്ത ജാഗ്രതയില്‍ : ജില്ലയില്‍ ഹോട്ട്സ്പോട്ട് ലിസ്റ്റ്

 

 

konnivartha.com : പകര്‍ച്ചപ്പനി:പത്തനംതിട്ട ജില്ല കനത്ത ജാഗ്രതയില്‍ : ജില്ലയിലെ ഹോട്ട്സ്പോട്ട് ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും ഡിഎംഒ (ആരോഗ്യം) നല്‍കണം. എന്നാല്‍ ഇതുവരെ കോന്നിയില്‍ ലിസ്റ്റ് നല്‍കുവാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല . കോന്നിയില്‍ അഗതി തൊഴിലാളികളുടെ ഇടയില്‍ തിങ്കള്‍ മുതല്‍ ബോധവത്കരണം നടത്തിയിട്ട് കാര്യം ഇല്ല . കോന്നി പഞ്ചായത്തിലെ 9,17 വാര്‍ഡുകളില്‍ പനി  ബാധിതരുടെ എണ്ണം കൂടുതല്‍ ആണ് . പനി ബാധിതരുടെ ലിസ്റ്റ് പഞ്ചായത്തില്‍ ഇല്ല .ആരോഗ്യ വകുപ്പ് അത്തരം ലിസ്റ്റ് കൊടുത്തില്ല . ആരോഗ്യ വകുപ്പ് ഉടന്‍ ലിസ്റ്റ് പുറത്തിറക്കി ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കണം . അവലോകന യോഗം ഉചിതം .പക്ഷെ താഴേക്കിടയിലേക്ക് ഉള്ള നടപടികള്‍ മെല്ലെ പോക്ക് എന്ന് ജനകീയ പരാതി .

 

konnivartha.com: പകര്‍ച്ചപ്പനിക്കെതിരേ ജില്ലയില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചപ്പനി, ഡെങ്കി, എലിപ്പനി എന്നിവയ്ക്കെതിരേ ശ്രദ്ധ പുലര്‍ത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

ജില്ലയിലെ ഹോട്ട്സ്പോട്ട് ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും ഡിഎംഒ (ആരോഗ്യം) നല്‍കണം. ജൂണ്‍ 26നും 27നും തദ്ദേശഭരണസ്ഥാപന തലത്തില്‍ യോഗം ചേരുകയും ശുചീകരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യണം. ശുചീകരണത്തിനായി അനുവദിച്ചിരിക്കുന്ന ഫണ്ട് ശരിയായി വിനിയോഗിച്ചെന്ന് വാര്‍ഡ് തല ശുചിത്വ സമിതി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനതല യോഗം രണ്ടാഴ്ചയില്‍ ഒരിക്കലും വാര്‍ഡ്തല യോഗം ആഴ്ചയില്‍ ഒരിക്കലും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നിര്‍വഹിക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം. എല്ലാ ആശുപത്രികളിലും പ്രത്യേക പനി വാര്‍ഡും ക്ലിനിക്കും പ്രവര്‍ത്തിക്കണം. സ്വകാര്യആശുപത്രികളിലെ ചികിത്സാനിരക്ക് രോഗികള്‍ക്ക് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കണം. ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ തദ്ദേശസ്വയംഭരണസ്ഥാപനം, ആരോഗ്യവകുപ്പ്, തൊഴില്‍ വകുപ്പ് പ്രതിനിധികള്‍ ചേര്‍ന്ന് സന്ദര്‍ശിക്കണം. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിലെ ഒഴിവുകളില്‍ താത്കാലികമായി ഡോക്ടര്‍മാരെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചപ്പനി പ്രതിരോധ നടപടിയും ശുചീകരണവും വിലയിരുത്തുന്നതിന് ജൂണ്‍ 26ന് തിരുവല്ല മണ്ഡലതല അവലോകനയോഗം ചേരണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. പകര്‍ച്ചപ്പനി തടയുന്നതിന് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ആശാപ്രവര്‍ത്തകള്‍ കാമ്പയിന്‍ സംഘടിപ്പിക്കണമെന്നും മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ കൃത്യമായി പരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

മീന്‍ചന്തകള്‍ കേന്ദ്രീകരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പ്രത്യേക ഡ്രൈവ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഡെങ്കി പനിക്കെതിരെയുള്ള ബോധവത്ക്കരണം നല്‍കിക്കൊണ്ട് അതിഥിതൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയുടെ മലയോര മേഖലയിലെ വെച്ചൂച്ചിറ, സീതത്തോട്, എഴുമറ്റൂര്‍ എന്നിവിടങ്ങളില്‍ പകര്‍ച്ചപ്പനി പ്രതിരോധത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. പനി പ്രതിരോധ നടപടിയുടെ ഭാഗമായി കണ്‍ട്രോള്‍ റൂം തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി ഡി. സജി, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദീന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.