Trending Now

ജില്ലാതല അക്കാദമിക്ക് കൗണ്‍സില്‍ രൂപീകരിക്കും : കളക്ടര്‍

 

 

ജില്ലയിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ സസൂക്ഷമം വിലയിരുത്തുന്നതിനും പഠന രീതികള്‍ മനസ്സിലാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും ജില്ലാതല അക്കാദമിക്ക് കൗണ്‍സില്‍ രൂപികരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

വിജയശതമാനം 60 ല്‍ കുറഞ്ഞ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രശ്‌ന പരിഹാര അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കൗണ്‍സിലിന്റെ പ്രാഥമിക ലക്ഷ്യം വിജയ ശതമാനം ഉയര്‍ത്തുക എന്നത് മാത്രമല്ല വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നത് കൂടിയാണ്. പ്രാഥമിക ഘട്ടത്തില്‍ തന്നെ കൃത്യമായ പഠന രീതികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ ചുറ്റുപാടുകള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിച്ച് മുന്നോട്ട് പോകുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കണം.

അധ്യാപകരും മാതാപിതാക്കളും മാത്രം വിചാരിച്ചതു കൊണ്ട് നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആകില്ല. വിവിധ വകുപ്പുകളുടെയും സര്‍ക്കാരേതര സ്ഥാപനങ്ങളുടെയും ഇടപെടല്‍ മുന്നോടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉറപ്പുവരുത്തണം. പത്താം ക്ലാസിനുശേഷം തിരഞ്ഞെടുക്കുന്ന വിഷയത്തെകുറിച്ച് മുന്‍ധാരണ ലഭിക്കുന്നതിനും സ്വന്തം അഭിരുചിയെ കണ്ടെത്തുന്നതിനും ബ്രിഡ്ജ് കോഴ്സ് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും. സമപ്രായക്കാരോടൊത്തുള്ള പഠന അവസരങ്ങള്‍ ഒരുക്കുന്നതിലൂടെ പഠനം കൂടുതല്‍ ആകര്‍ഷകമാക്കാനും,പഠന രീതിയില്‍ ന്യൂതന ആശയങ്ങള്‍ അവലംബിക്കുന്നതിലൂടെ മാറുന്ന ലോകത്തിന്റെ പുതിയ പ്രവണതകള്‍ മനസിലാക്കി കുട്ടികളുമായി അടുക്കുവാനുള്ള അവസരം ഒരുക്കുന്നതിനും സാധിക്കുമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.ജില്ല കളക്ടര്‍ ചെയര്‍ പേഴ്സണായുള്ള കൗണ്‍സിലില്‍ സ്ഥിരം അംഗങ്ങളെ കൂടാതെ പ്രിന്‍സിപ്പല്‍മാര്‍ , അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍,വിദ്യാഭ്യാസ രംഗത്തെ പ്രഗല്‍ഭര്‍ , ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ സംഘങ്ങള്‍ എന്നിവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തും.

വിജയ ശതമാനത്തില്‍ പിന്നിലേക്കുപോയ വിദ്യാലയങ്ങളിലെ പഠനനിലവാരം എങ്ങനെ ഉയര്‍ത്താം എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ലഹരി ഉപയോഗം, മാതപിതാക്കളുടെ ശ്രദ്ധക്കുറവ്, ജീവിത സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, അടിസ്ഥാന വിദ്യാഭ്യാസത്തിലുള്ള പോരായമകള്‍ തുടങ്ങി അധ്യാപകരും വിദ്യാര്‍ഥികളും ഉന്നയിച്ച വിവിധ വിഷയങ്ങള്‍ യോഗം വിലയിരുത്തി .ഈ വിഷയങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

എച്ച്.എസ്.എസ്. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍ , ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.