Trending Now

പോപ്പുലര്‍ ഫിനാന്‍സ് ബ്രാഞ്ചുകള്‍ക്കായി വാടകയ്‌ക്കെടുത്ത കെട്ടിടങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കും

 

konnivartha.com: പോപ്പുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ 41 ബ്രാഞ്ച് ഓഫീസുകളിലെ കണ്ടുകെട്ടിയ സാധന സാമഗ്രികള്‍ മറ്റൊരിടത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കെട്ടിട ഉടമസ്ഥരുടെ സഹകരണത്തോടെ കോടതി നടപടികള്‍ കര്‍ശനമായി പാലിച്ച് സാധനങ്ങള്‍ മാറ്റാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

സാധനങ്ങള്‍ മാറ്റി സൂക്ഷിക്കുന്ന സ്ഥലം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പര്യാപ്തമാണോ എന്ന് ഉറപ്പ് വരുത്തണം. വസ്തുവിവരപ്പട്ടിക അനുസരിച്ചുള്ള സാധനങ്ങള്‍ എല്ലാം കണക്കില്‍പെടുത്തി മാറ്റുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. കാതലായ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും, കണ്ടുകെട്ടിയ വസ്തുക്കള്‍ സ്ഥലം മാറ്റുമ്പോള്‍ മാര്‍ക്ക് ചെയ്ത് സൂക്ഷിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

സാധനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ മഹസര്‍ തയാറാക്കുമെന്നും താക്കോല്‍ കൈമാറി അതത് ഉടമസ്ഥരില്‍ നിന്നും കൈപ്പറ്റ് രസീത് വാങ്ങുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. ഈ വിഷയത്തില്‍ കക്ഷികളുമായി ചര്‍ച്ച ചെയ്യുന്നതിന് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ ലോ ഓഫീസര്‍, കെ.എസ്. ശ്രീകേഷ്, ഗവ പ്ലീഡര്‍ അഡ്വ. ടി. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.