Trending Now

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി കൂടുന്നു :അപകടകരമായി മാറാന്‍ സാധ്യത – ഡി.എം.ഒ.

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായും ഇത് അപകടകരമായി മാറാന്‍ സാധ്യതയുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

വേനല്‍ മഴ ആദ്യം ലഭ്യമായ ജില്ലയുടെ കിഴക്കന്‍ പ്രദേശത്താണ് ഡെങ്കിപ്പനിബാധ തുടങ്ങിയത്. ഇത് ക്രമേണ ജില്ലയുടെ മറ്റു ഭാഗത്തേക്കും ബാധിച്ചു തുടങ്ങി. ഇടവിട്ടുണ്ടാകുന്ന മഴവെളളം അലക്ഷ്യമായി പുറംതളളിയിരിക്കുന്ന പാഴ്വസ്തുക്കളില്‍ കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജല ദൗര്‍ലഭ്യ മേഖലയില്‍ വെളളം ശേഖരിക്കുന്ന ടാങ്കുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് കടക്കാത്ത വിധം അടപ്പ് വെച്ച് അടയ്ക്കുക.അടപ്പ് ഇല്ലാത്ത പാത്രങ്ങളുടെ മുകള്‍ വശത്ത് കൊതുക് കടക്കാത്ത വിധം തുണി കൊണ്ട് മൂടുക.വെളളം സംഭരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉള്‍വശം ഉരച്ച് കഴുകി വൃത്തിയാക്കുക. കാരണം ഈഡിസ് കൊതുക് വെളളത്തിലല്ല വെളളത്തിനോട് ചേര്‍ന്ന ഭാഗത്താണ് മുട്ട നിക്ഷേപിക്കുന്നത്.

 

വീട്ടില്‍ മണി പ്ലാന്റ് ഉള്‍പ്പെടെ വളര്‍ത്തുന്ന പാത്രങ്ങളില്‍ കൂത്താടി ഇല്ലെന്ന് ഉറപ്പാക്കുക.റഫറിജറേറ്ററിന്റെ പുറംഭാഗത്ത് വെളളം കെട്ടി നില്‍ക്കുന്ന ഭാഗം ആഴ്ചയില്‍ ഒരിക്കല്‍ പരിശോധിച്ച് കൊതുക് വളരുന്നില്ല എന്ന് ഉറപ്പാക്കുക.

 

ഉപയോഗിക്കാതെയുളള മുറികളിലെ കക്കൂസിലെ വെളളം ഇടയ്ക്കിടെ ഫ്ളഷ് ചെയ്ത് മാറ്റുക.സണ്‍ഷെയ്ഡില്‍ വെളളം കെട്ടി നില്‍ക്കാതെ ഒഴുക്കിക്കളയുക.വീടിന്റെ പരിസരത്ത് ഉളള ചെറുകാടുകളിലാണ് കൊതുക് കൂടുതലായി കാണപ്പെടുന്നത്. ആ സാഹചര്യം ഒഴിവാക്കുക.

error: Content is protected !!