Trending Now

ലോക കേരള സഭ ന്യൂയോര്‍ക്ക് സമ്മേളനത്തിന്‍റെ  ഒരുക്കങ്ങള്‍ ധൃതഗതിയില്‍

ലോക കേരള സഭ ന്യൂയോര്‍ക്ക് സമ്മേളനത്തിന്‍റെ  ഒരുക്കങ്ങള്‍ ധൃതഗതിയില്‍: കെ.ജി മന്‍മഥന്‍ നായര്‍

എ.എസ് ശ്രീകുമാര്‍

konnivartha.com/ന്യൂയോര്‍ക്ക്: മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായും നിര്‍ദ്ദിഷ്ട പ്ലാന്‍ അനുസരിച്ച് തന്നെ പരിപാടികള്‍ നടത്താന്‍ വേണ്ടി എല്ലാ സബ് കമ്മറ്റികളും ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കുന്നുവെന്നും ഓര്‍ഗനൈസിംഗ്് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നടക്കുന്ന സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഓര്‍ഗനൈസിംഗ്് കമ്മറ്റി.

ജൂണ്‍ 9, 10, 11 തീയതികളികളില്‍ ടൈംസ് സ്‌ക്വയര്‍ വേദിയൊരുക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡെലിഗേറ്റുകളുടെ അപേക്ഷ ഒരുപാട് ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അവരുടെ പരമാവധി എണ്ണം 200 ആയി നിജപ്പെടുത്തുമെന്നും മന്മഥന്‍ നായര്‍ പറഞ്ഞു. സൂം മീറ്റിംഗുകളിലൂടെ ഈ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ അപ്‌ഡേറ്റുകള്‍ എല്ലാവരിലും എത്തിക്കുന്നുണ്ടെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും ബൃഹത്തായ ഒരു സമ്മേളനം സംഘടിപ്പിക്കുന്നത് ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിന് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുമായി കരാര്‍ ഒപ്പു വച്ചുകഴിഞ്ഞു.

സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ച കലാ സാംസ്‌കാരിക പരിപാടികളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായുള്ള ചര്‍ച്ച നടന്നുവരുന്നു. ആദ്യ ദിവസത്തെ ഉദ്ഘാടന ചടങ്ങിനു ശേഷമുള്ള പരിപാടികള്‍ സംബന്ധിച്ച അന്തിമ തീരുമാനമായിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള പരമ്പരാഗത നൃത്തവും ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്നുള്ള കലാപ്രതിഭകളുടെ ഒരു മണിക്കൂര്‍ പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ദിവസം ചലച്ചിത്ര നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലുള്ള നൃത്ത പരിപാടി അരങ്ങേറും. ഈ പരിപാടിയില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നതാണ്. മൂന്നാം ദിവസവും കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

മീഡിയ പബ്ലിസിറ്റിക്കായി ഫെയ്‌സ്ബുക്ക് പേജ് രൂപീകരിച്ചിട്ടുണ്ട്. യൂട്യൂബ് പേജുകളും സജ്ജമാകുന്നു. മേഖലാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ അന്തിമ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ടെക്‌നിക്കല്‍ കമ്മറ്റി വെബ്‌സൈറ്റ് രൂപപ്പെടുത്തുകയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സബ് കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ആശയവിനിമയം വേഗത്തിലാക്കാനുമായി നിരവധി ഇ-മെയില്‍ അഡ്രസുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ബിസിനസ് മീറ്റ് മാനേജ്‌മെന്റ് സംബന്ധിച്ച ചര്‍ച്ചയും ഇതോടൊപ്പം ഊര്‍ജിതമായി നടക്കുന്നുണ്ട്.

മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസിര്‍, നോര്‍ക്ക റസിഡന്റ വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി വി.പി ജോയി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോക കേരളസഭയിലെ അമേരിക്കന്‍ മേഖലാ രാജ്യങ്ങളിലെ അംഗങ്ങളേയും ക്ഷണിതാക്കളേയും കൂടാതെ മലയാളി സമൂഹത്തില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും ന്യൂയോര്‍ക്കിലെത്തും. നോര്‍ക്ക ഡയറക്ടര്‍ ഡോ. എം അനിരുദ്ധനാണ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.

പ്രവാസി മലയാളികളുടെ പ്രതിനിധികള്‍, കേരളത്തിലെ ജനപ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഒത്തുകൂടുന്ന വേദിയാണ് ലോക കേരള സഭ. 2018ല്‍ രൂപീകരിച്ച ലോക കേരള സഭയുടെ പ്രധാന സമ്മേളനങ്ങള്‍ 2018, 2020, 2022 വര്‍ഷങ്ങളില്‍ കേരള നിയമസഭാ സമുച്ചയത്തില്‍ നടന്നിരുന്നു.

ഇതിന് പുറമെ ആദ്യ മേഖലാ സമ്മേളനം ദുബായിലും യൂറോപ്യന്‍ രാജ്യങ്ങളുടെ മേഖലാ സമ്മേളനം ലണ്ടനിലും നടക്കുകയുണ്ടായി. യു.എസ്.എ, കാനഡ, നോര്‍ത്ത് മേരിക്കന്‍-കരീബിയന്‍ മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന അമേരിക്കന്‍ രാജ്യങ്ങളുടെ മേഖലാ സമ്മേളനത്തിനാണ് ന്യൂയോര്‍ക്ക് വേദിയൊരുക്കുന്നത്.