എന്റെ കേരളം മേളയില്‍ ഇന്ന്(13)
മേയ് 13ന് രാവിലെ ഒന്‍പതിന് റവന്യു -ദുരന്തനിവാരണ വകുപ്പിന്റെ സെമിനാര്‍-സുസ്ഥിര വികസനത്തില്‍ ദുരന്തനിവാരണത്തിന്റെ പങ്ക്. രാവിലെ 11ന് കൃഷി വകുപ്പിന്റെ സെമിനാര്‍-ചെറുധാന്യങ്ങള്‍-കൃഷിയും സാധ്യതകളും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബശ്രീ ജില്ലാ മിഷന്റെ സാംസ്‌കാരിക പരിപാടികള്‍. വൈകുന്നേരം നാലിന് ജില്ലാ കഥകളി ക്ലബിന്റെ കഥകളി. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക അപര്‍ണരാജീവിന്റെ ഗാനമേള- അണ്‍പ്ലഗ്ഗ്ഡ്. രാത്രി 8.30ന് ജയചന്ദ്രന്‍ കടമ്പനാടിന്റെ മണ്‍പാട്ട്
ചിന്ന ചിന്ന ആശൈ യുമായി മഞ്ജരിയും ജില്ലാ കളക്ടറും
പ്രശസ്ത ഗായിക മഞ്ജരിയും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും ചേർന്ന് ചിന്ന ചിന്ന ആ ശൈ പാടിയപ്പോൾ സംഗീത നിശ കേൾക്കാൻ എത്തിയവർക്ക് അത് ഇരട്ടി മധുരമായി.
സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ ദിനത്തിലാണ് കാണികളെ കൈയിലെടുത്ത് ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയുടെ സംഗീത നിശ അരങ്ങേറിയത്.
ജനങ്ങൾ നിറഞ്ഞ ഓഡിറ്റോറിയത്തിലേക്ക് മഞ്ജരി എത്തിയത് മുതൽ പരിപാടി അവസാനിക്കുന്നത് വരെ നിലയ്ക്കാത്ത കരഘോഷമായിരുന്നു. പരിപാടി കാണാൻ എത്തിയ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ വേദിയിലേക്ക് എത്തി മഞ്ജരിക്കൊപ്പം ചേർന്ന് പാട്ട് പാടുകയായിരുന്നു.
മഞ്ജരിയുടെ അടിച്ചു പൊളി സിനിമാ പാട്ടുകൾക്ക് ഒപ്പം കാണികൾ ചുവട് വയ്ക്കുക കൂടി ചെയ്തപ്പോൾ ജില്ലാ സ്റ്റേഡിയത്തിലെ വൻ ജന വലി അക്ഷരാർഥത്തിൽ ഇളകി മറിഞ്ഞു.
മേളയുടെ രണ്ടാം ദിവസമായ മേയ് 13 ന് രാത്രി ഏഴിന് പ്രശസ്ത പിന്നണി ഗായിക അപർണ രാജീവ് നയിക്കുന്ന അൺ പ്ലഗ്ഡ് അരങ്ങേറും. രാത്രി 8.30 ന് ജയചന്ദ്രൻ കടമ്പനാടിന്റെ മൺപാട്ട്.
എന്റെ കേരളം പ്രദർശന വിപണന മേളയിൽ വൈവിധ്യമേറിയ സ്റ്റാളുകൾ
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി തയാറാക്കിയിട്ടുള്ള സ്റ്റാളുകളുടെ ഉദ്‌ഘാടനം ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു.
‘കേരളം ഒന്നാമത്’ സ്റ്റാളിലുള്ള 360 ഡിഗ്രി സെൽഫി ക്യാമറയുടെ ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും ചേർന്ന് നിർവഹിച്ചു. തുടർന്ന് കേരള ടൂറിസം ഡിപ്പാർട്മെന്റിന്റെ പ്രദർശനം സന്ദർശിച്ച മന്ത്രിയും അഡ്വ പ്രമോദ് നാരായൺ എംഎൽഎയും ഏറെ ആവേശത്തിലാണ് സ്റ്റാളിലുള്ള തുരങ്കം കയറിയിറങ്ങിയത്. പിന്നീട് കിഫ്‌ബി സ്റ്റാളിലും സന്ദർശനം നടത്തി. പി ആർ ഡി ഫോട്ടോ എക്സിബിഷനും സന്ദർശിച്ച ശേഷം കുടുംബശ്രീ ഫുഡ് കോർട്ട് സന്ദർശിച്ചു. ഇവിടെയുള്ള സ്റ്റാളുകൾ സന്ദർശിച്ച് ഭക്ഷണം കഴിച്ച ഇവർ വനിതാ സംരംഭകർക്ക് ആശംസകളും നേർന്നു. ശേഷം ഗായിക മഞ്ജരിയുടെ സംഗീതാരാവിൽ പങ്കെടുത്തുമാണ് ഏല്ലാവരും മടങ്ങിയത്.
എൻ്റെ കേരളം ജില്ല കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രദർശന വിപണനമേള : മന്ത്രി വീണാ ജോർജ്
ജില്ല കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രദർശന വിപണനമേളയാണ് എൻ്റെ കേരളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾക്ക് സംഗമിക്കുന്നതിനുള്ള വേദിയാണ് പ്രദർശന വിപണന മേള. നിരവധി വിസ്മയങ്ങൾ ഉൾപ്പെടുത്തിയ ജില്ലയിലെ ജനങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ മേളയാണിത്. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് മേള വലിയ വിജയമായി മാറും. ജില്ലയിലെ സമഗ്ര മേഖലയിലും വലിയ വികസന മുന്നേറ്റമാണ് സാധ്യമായിട്ടുള്ളത്. 518 കോടി രൂപ ജില്ലയിൽ ആരോഗ്യമേഖലയ്ക്കായി കഴിഞ്ഞ രണ്ടു വർഷത്തിൽ അനുവദിച്ചു. ഈ വർഷം ജില്ലയിൽ ടൂറിസ്റ്റ് പാക്കേജുകൾ തയാറാക്കും. സമ്പൂർണ ശുചിത്വ ജില്ലയായി 23-24 സാമ്പത്തിക വർഷത്തിൽ ജില്ല മാറും. ഈ വർഷം വയോസൗഹൃദ ജില്ല പ്രവർത്തനത്തിന് തുടക്കം കുറിക്കും. സമ്പൂർണ സാന്ത്വന പരിചരണ ജില്ലയായി ഉടൻ മാറും. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. മാതൃമരണ, നവജാത ശിശു മരണനിരക്ക് കുറവുള്ള സംസ്ഥാനമാണ് കേരളം. പൊതുജനാരോഗ്യം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി 5426 ജനകീയാരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇരുനൂറിലേറെ സ്റ്റാളുകള്‍, ഉദ്ഘാടന-സമാപന ചടങ്ങുകളും കലാപരിപാടികളും നടക്കുന്ന ഓഡിറ്റോറിയം, രുചികരവും വൈവിധ്യപൂര്‍ണവുമായ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ്കോര്‍ട്ട് എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ, അഡ്വ.പ്രമോദ് നാരായൺ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, മൂലൂർ സ്മാരകം പ്രസിഡന്റ് കെ. സി. രാജഗോപാലൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഉപഡയറക്ടർ കെ. ആർ. പ്രമോദ് കുമാർ, എഡിഎം ബി രാധാകൃഷ്ണൻ, സി പി ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, ലോക് തന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരിൽ, എൻ.സി.പി ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് സാലി, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ്, കോൺഗ്രസ് എസ് ജില്ലാ പ്രസിഡൻ്റ് മുണ്ടയ്ക്കൽ ശ്രീകുമാർ, ജനതാദൾ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.
കലാവിരുന്നിനൊപ്പം അത്യുജ്ജ്വല പ്രകടനത്തിലൂടെ ബോധവൽക്കരണവുമായി പോലീസ് സേന
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കലാവിരുന്നിനൊപ്പം അത്യുജ്ജ്വല പ്രകടനത്തിലൂടെ ബോധവൽക്കരണവുമായി പോലീസ് സേന.
കേരള പോലീസിന്റെ ത്യാഗോജ്വല പ്രവർത്തനങ്ങളുടെ ഗാനത്തോടെ ആരംഭിച്ച സാംസ്കാരിക പരിപാടി കാണികളെ ആനന്ദത്തിലാഴ്‌ത്തിയതിന് ഒപ്പം ചിന്തിപ്പിക്കുന്ന ഒരു വേദി കൂടിയായി മാറി. റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത വ്യത്യസ്ത റോഡപകട ദൃശ്യങ്ങളിലൂടെ
ഓർക്കുവാൻ ഓർമിക്കുവാൻ എന്ന ബോധവത്ക്കരണ നാടകത്തിലൂടെ കലാകാരൻമാർ അരങ്ങിലെത്തിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്. വാഹനഅപകടം സംഭവിച്ച ശേഷമുള്ള ഒരു മണിക്കൂർ സമയത്തിന്റെ പ്രാധാന്യം അറിയിച്ച ഷോർട്ട് ഫിലിം ഗോർഡൺ ഹവർ സദസിനെ ചിന്തിപ്പിക്കുന്ന ദൃശ്യാവിഷ്കരണം ആയിരുന്നു. ജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന പോലീസ് വകുപ്പിന്റെ പ്രവർത്തനം തമാശയിൽ കോർത്തിണക്കിയ സ്കിറ്റുമായി എത്തിയപ്പോൾ കാണികൾ ചിരിയിലാഴ്ന്നു.
സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ട്രാഫിക് എന്ന ആൽബം അഡീഷണൽ എസ്.പി. പ്രദീപ്കുമാർ റിലീസ് ചെയ്തു. ജോർജ് കുട്ടി, സി. മധു, ദീപ്തി കുമാർ, സി.എസ്. അരുൺ കുമാർ, വിജയകാന്ത്, വി.ശ്രീജിത്ത്, എ. ഫിറോസ്, എൻ. സാബു, കെ.രാജേഷ്, ബി. സുരേഷ്, ജയദേവ് കുമാർ, ആർ.രാജേഷ്, ജിജി കുമാരി, കൃഷ്ണകുമാരി, നീതു കൃഷ്ണ, അശ്വതി വിജയൻ , അനീഷ്, അരുൺ ഗോപി തുടങ്ങിയ കലാകാരൻമാരാണ് പങ്കെടുത്തത്.
എന്റെ കേരളം പ്രദർശന വിപണന മേളയിൽ താളത്തിൽ മുഴങ്ങി പള്ളിയോട സേവാസംഘത്തിന്റെ വഞ്ചിപ്പാട്ട്
ആറന്മുള പള്ളിയോടങ്ങളും താളത്തിൽ മുഴങ്ങുന്ന വഞ്ചിപ്പാട്ടുകളും പത്തനംതിട്ട ജില്ലയുടെ അടയാളവും അഭിമാനവുമാണ്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ ഭാഗമായി ആറന്മുള പള്ളിയോട സേവാസംഘം അവതരിപ്പിച്ച വഞ്ചിപ്പാട്ട് കാണികൾക്ക് ഹൃ ദ്യാനുഭവമായി. സ്തുതിപ്പ്, തോണി ദർശനം കീർത്തനങ്ങൾ അതിമനോഹരമായി ആലപിച്ച ഏഴംഗ സംഘം കുചേലവൃത്തത്തിലെയും ഭീഷ്മപർവത്തിലെയും വരികളും കാണികൾക്കായി ചൊല്ലി. ഉത്രട്ടാതി വള്ളംകളിയുടെയും തിരുവാറന്മുളയപ്പന്റെയും ഭക്തിസാന്ദ്രമായ ചരിത്രവും സംഘം വിശദീകരിച്ചു. മാലക്കര വിനീത്, ഉണ്ണികൃഷ്ണൻ പൊന്നുംതോട്ടം, സി.ജി. പ്രദീപ്, പ്രണവ് പൊന്നുംതോട്ടം, കിരൺ നന്ദകുമാർ, ഉമേഷ് പൊന്നുംതോട്ടം, ശരത് രാജ് നെടുംപ്രയാർ എന്നീ കലാകാരന്മാരാണ് വേദിയിൽ വഞ്ചിപ്പാട്ട് അവതരിപ്പിച്ചത്.
സമഗ്ര വികസനം യാഥാർഥ്യമാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത് : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
എല്ലാ മേഖലയിലും സമഗ്ര വികസനം യാഥാർഥ്യമാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ .
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കുണ്ടായ നേട്ടങ്ങൾ ബോധ്യപ്പെടുത്തി മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന് കൂടുതൽ ശക്തി പകരുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ലക്ഷ്യം.
നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ഒന്നാം സർക്കാർ കടന്നുപോയത്. ഈ പ്രയാസങ്ങളിൽ ജനങ്ങളെ ഒപ്പം നിർത്തിയതിനാലാണ് രണ്ടാമതും സർക്കാർ അധികാരത്തിലേറിയത്. ഒന്നാം സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായി അടിസ്ഥാന സൗകര്യവികസനം, പശ്‌ചാത്തല സൗകര്യവികസനം, വിദ്യാഭ്യാസ, ആരോഗ്യ, കായിക, സാംസ്കാരിക, സാമൂഹ്യക്ഷേമ മേഖലയടക്കമുള്ള വികസനമാണ് സർക്കാർ യാഥാർഥ്യമാക്കുന്നത്. ഓരോ മേഖലയിലും നടപ്പാക്കേണ്ട വികസനം സൂക്ഷ്മമായി നിരീക്ഷിച്ചു മന്ത്രിമാരുടെ മുൻകൈയോടെ ഓരോ വകുപ്പും ഏറ്റെടുത്താണ് മുന്നോട്ട് പോകുന്നതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നിർദേശിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ വാർഷികാഘോഷം നടക്കുന്നതെന്ന് അഡ്വ കെ.യു. ജനീഷ് കുമാർ എം എൽ എ പറഞ്ഞു. സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങളാണ് വകുപ്പുകൾ മുഖേന സർക്കാർ നടത്തുന്നത്. വനം വകുപ്പിന്റെയും തീരദേശ വകുപ്പിന്റെയും നേതൃത്വത്തിൽ വനാതിർത്തിയിലും തീരപ്രദേശത്തും താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കണ്ടെത്തുന്നതിനായി മന്ത്രിമാർ ഉൾപ്പെടെ അവിടേക്ക് എത്തുക യാണ്. താലൂക്ക്തലങ്ങളിൽ സംഘടിപ്പിച്ച അദാലത്തിലൂടെ മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കണ്ടെത്തുന്നു. ഇങ്ങനെ ജനങ്ങൾക്കൊപ്പമുള്ള ജനകീയ സർക്കാരാണ് സംസ്ഥാനത്തുള്ളത്.
ജില്ലയുടെ കാലങ്ങളായുള്ള സ്വപ്നങ്ങൾ ഈ സർക്കാരിന്റെ കാലത്ത് യാഥാർഥ്യമായെന്നും എം എൽ എ പറഞ്ഞു.
ലോകത്തിന് മാതൃകയാകുന്ന വികസന മുന്നേറ്റമാണ് സർക്കാർ നടത്തിവരുന്നതെന്ന് അഡ്വ.പ്രമോദ് നാരായൺ എം എൽ എ പറഞ്ഞു. നൂറു ദിനകർമ പദ്ധതിയിൽ ഇത്തവണ 20000 വീടുകളാണ് സർക്കാർ നിർമിച്ചു നൽകിയത്. ലോകത്തെ മുന്നോട്ട് നയിക്കാൻ പോകുന്നത് ഇനി വൈജ്ഞാനിക മുന്നേറ്റമാണ്. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ സംസ്ഥാനമാണ് കേരളമെന്നും എം എൽ എ പറഞ്ഞു.
പത്തരമാറ്റ് തിളക്കത്തിൽ എന്റെ കേരളം സാംസ്കാരിക ഘോഷയാത്ര
വാദ്യമേളപ്പെരുമയില്‍ കാലാരൂപങ്ങളുടെ പത്തരമാറ്റ് തിളക്കത്തോടെ നടന്ന സാംസ്കാരികഘോഷയാത്രയോടെ എന്റെ കേരളം പ്രദര്‍ശന – വിപണനമേളയ്ക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മെയ് 12 മുതല്‍ 18 വരെ സംഘടിപ്പിച്ചിട്ടുള്ള ഏഴു ദിവസത്തെ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം കുറിച്ചാണ് സാംസ്കാരികഘോഷയാത്ര സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ചേര്‍ന്ന് കളക്ടറേറ്റ് ജംഗ്ഷനിൽ ഫ്ളാഗ് ഓഫ് ചെയ്ത വിളംബരഘോഷയാത്ര സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്ഷൻ വഴി നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. ഘോഷയാത്രയില്‍ മൂവായിരത്തോളം പേർ പങ്കെടുത്തു.
തെയ്യം, പടയണി, അമ്മന്‍കുടം, ശിങ്കാരിമേളം, ബാന്‍ഡ് മേളം, നാടന്‍ കലാരൂപങ്ങള്‍, വാദ്യാഘോഷങ്ങള്‍, ഫ്ലോട്ടുകൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് കലാരൂപങ്ങളും ഫ്ലോട്ടുകളും സജ്ജമാക്കിയത്.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. തുളസീധരന്‍പിള്ള, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ്, കോണ്‍ഗ്രസ് എസ് . ജില്ലാപ്രസിഡന്റ് ബി. ഷാഹുല്‍ ഹമീദ്, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കൽ ശ്രീകുമാർ, ഐ എൻ എൽ ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് മനോജ് മാധവ ശേരിൽ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുമേഷ് ഐശ്വര്യ, എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി,
ജനാധിപത്യകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.വര്‍ഗീസ് മുളയ്ക്കല്‍, വൈസ് പ്രസിഡന്റ് സത്യന്‍ കണ്ണങ്കര, എം.ജെ. രവി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ജനപ്രതിനിധികള്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍ പ്രമോദ് കുമാര്‍, എ ഡി എം ബി. രാധാകൃഷ്ണൻ, പൊതുപ്രവര്‍ത്തകര്‍, വിവിധ വകുപ്പകളിലെ സർക്കാർ ജീവനക്കാര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ്, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുത്തു.