Trending Now

രാജാംപാറ,ഉത്തരകുമരംപേരൂര്‍, കൊക്കാത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും ഡോര്‍മറ്ററികളുടെയും ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു

കടുവയുടെ സാന്നിധ്യം റാന്നിയില്‍ പരിശോധനയ്ക്കായി സ്പെഷ്യല്‍ സ്‌ക്വാഡിനെ സജ്ജമാക്കി : മന്ത്രി എ.കെ. ശശീന്ദ്രന്‍: രാജാംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മറ്ററിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി

konnivartha.com : റാന്നിയില്‍ അടുത്തിടെ കടുവയുടെ സാന്നിധ്യം ഉണ്ടായ പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധന നടത്തുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുവാനും വനംവകുപ്പിന്റെ 25 അംഗങ്ങള്‍ അടങ്ങുന്ന സ്പെഷ്യല്‍ സ്‌ക്വാഡിനെ സജ്ജമാക്കിയതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

റാന്നി വനം ഡിവിഷനില്‍ പുതിയതായി നിര്‍മിച്ച രാജാംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മറ്ററിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കടുവയെ കണ്ടെത്തുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടന്നു വരുന്നു. കൂടും ഒരുക്കിയിട്ടുണ്ട്. ജനങ്ങളൊടൊപ്പം ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തിക്കും.

ജനങ്ങളുടെ ജീവനോടൊപ്പം അവരുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി വനംവകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നു വരുന്നു. ജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ മന്ത്രിമാരോട് നേരിട്ട് പറയുന്നതിനായി സംസ്ഥാനത്തിന്റെ 21 മേഖലകളിലായി കാടിനെ കാക്കാം നാടിനെ കേള്‍ക്കാം എന്ന സന്ദേശവുമായി ബഹുജന സമ്പര്‍ക്ക പരിപാടികള്‍ നടത്തി. ഇതില്‍ പ്രധാനമായും തീരുമാനിച്ച കാര്യമാണ് വനം വകുപ്പിനെ കൂടുതല്‍ ജനസൗഹാര്‍ദമായി മാറ്റിയെടുക്കുക എന്നത്. ജനങ്ങളുടെ പരാതികള്‍ സഹായാനുഭൂതിയോടെ കേട്ട് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ആളുകള്‍ ഫോണ്‍ ചെയ്യുമ്പോള്‍ സമയം നോക്കാതെ അറ്റന്‍ഡ് ചെയ്യണം. വനംവകുപ്പ് 24 മണിക്കൂറും ഒരു ദ്രുതകര്‍മ സേനയെ പോലെ പ്രവര്‍ത്തിക്കേണ്ട വകുപ്പാണ്. ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്ന ബാധ്യത സര്‍ക്കാരിനുണ്ട്. ഇതിന്റെ ഭാഗമായാണ് ഫോറസ്റ്റ് സ്റ്റേഷനുകള്‍ നവീകരിക്കുന്നത്. റാന്നിയിലെ ആകെയുള്ള ഒന്‍പത് സ്റ്റേഷനുകളില്‍ ആറെണ്ണം നവീകരിച്ചു. ബാക്കിയുള്ളവയുടെ നവീകരണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് മന്ത്രി നഷ്ടപരിഹാരം വിതരണം ചെയ്തു.

റാന്നിയില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിട്ടാണ് മുന്നോട്ടുപോകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പെരുനാട് മേഖലയില്‍ സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ കാലങ്ങളായി കൃഷി ചെയ്യാതെ സ്ഥലം വെറുതെ കിടന്ന് വലിയ രീതിയില്‍ കാട് വളരുന്ന സാഹചര്യം ഉണ്ടായി. ഇവര്‍ക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കണം. കാട് വെട്ടി തെളിക്കാന്‍ തയാറാവാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വൈസ് പ്രസിഡന്റ് പി.എസ്. സുജ, റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, സതേണ്‍ സര്‍ക്കിള്‍ കൊല്ലം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ സഞ്ജയന്‍ കുമാര്‍, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍കോറി തുടങ്ങിയവര്‍ പങ്കെടുത്തു.

സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എ.കെ. ശശീന്ദ്രന്‍
konnivartha.com : സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാരെ കേള്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന പദ്ധതികള്‍ ഓരോ വകുപ്പ് മുഖേനയും ആവിഷ്‌കരിച്ച് നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കോന്നി വനം ഡിവിഷനില്‍ ഉത്തരകുമരംപേരൂര്‍, കൊക്കാത്തോട് എന്നിവിടങ്ങളില്‍ പുതിയതായി നിര്‍മിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും ഡോര്‍മറ്ററികളുടെയും ഉദ്ഘാടനം മണ്ണീറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്തല അദാലത്തുകള്‍ നടക്കുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടും എന്നാല്‍ നിയമം ലംഘിക്കപ്പെടാതെ  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുമാണ് വനം വകുപ്പ് മുന്നോട്ടുപോകുന്നത്. ജനങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തണം. ഇതിനായുള്ള പ്രവര്‍ത്തനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. എങ്കില്‍ മാത്രമേ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തൃപ്തികരമായ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. കോന്നിയില്‍ ഇനി ഒരു ഫോറസ്റ്റ് സ്റ്റേഷന്‍ മാത്രമാണ് നവീകരിക്കാന്‍ ഉള്ളത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം ഒന്നരമാസത്തിനകം ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

ഫോറസ്റ്റ് സ്റ്റേഷനുകള്‍ നവീകരിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനവും മികച്ചതാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ ആദ്യം ആശ്രയിക്കുന്നത് ഫോറസ്റ്റ് സ്റ്റേഷനുകളെയാണ്. ഇവ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളായി ഉയര്‍ത്തുന്നതോടെ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനം ഉണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.

 

 

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ ശ്യാമുവേല്‍, അതുമ്പുംകുളം ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ പ്ലാവിളയില്‍, കോന്നി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍. രഞ്ജു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എസ്. പ്രീത, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, സതേണ്‍ സര്‍ക്കിള്‍ കൊല്ലം  ചീഫ്  ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ സഞ്ജയന്‍ കുമാര്‍, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍കോറി, കൊല്ലം സാമൂഹിക വനവല്‍ക്കരണ വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. സുനില്‍ ബാബു, പുനലൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. അജീഷ്, പത്തനംതിട്ട സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സി.കെ. ഹാബി, ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് വികസന വിഭാഗം ഡെപ്യുട്ടി കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.