ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക ലക്ഷ്യം: മന്ത്രി പി.രാജീവ്
konnivartha.com : ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ പരാതികളും സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ പരിഹരിക്കണം. പരാതി തീര്‍പ്പാക്കാതിരിക്കാന്‍ നിയമത്തിലും ചട്ടത്തിലും എന്തൊക്കെ പഴുതുകളുണ്ടെന്ന് പരതാതെ ജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഫയല്‍ തീര്‍പ്പാക്കിയാല്‍ അദാലത്തിന്റെ ആവശ്യമില്ല.ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അദാലത്തിന് തുടര്‍ച്ച ഉണ്ടാവും. ജില്ലയിലെ അദാലത്തുകള്‍ പൂര്‍ണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
കോന്നി താലൂക്ക് അദാലത്തിലെത്തിയ സങ്കീര്‍ണമായ പരാതികള്‍ക്കും പരിഹാരമുണ്ടാകുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി താലൂക്ക് തല അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. പരാതിക്കാരുടെ എല്ലാ പരാതികള്‍ക്കും സമയബന്ധിതമായി പരിഹാരം കാണും.മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നീതി ഉറപ്പക്കും.സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ജനങ്ങളിലേക്ക് എത്തി ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുകയാണ് അദാലത്തിലൂടെയെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, എഡിഎം ബി.രാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ആടിനെ പുലിപിടിച്ചു, ബിനോയിക്ക് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കിക്കൊണ്ട് വ്യവസായമന്ത്രി പി.രാജീവിന്റെ നടപടി
ആടിനേയും കുട്ടിയേയും പുലിപിടിച്ചെന്ന ബിനോയിയുടെ പരാതിയില്‍ ഉടനടി നഷ്ടപരിഹാരം ലഭ്യമാക്കിക്കൊണ്ട് കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തിന് വിജയത്തുടക്കം. 2022 ലാണ് ബിനോയിയുടെ ഉപജീവനമാര്‍ഗമായ ആടും അതിന്റെ കുട്ടിയും പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നഷ്ടപരിഹാരത്തിനായി വനം വകുപ്പിന് പരാതി നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തുക ലഭിക്കാന്‍ വൈകുകയായിരുന്നു.
മറ്റ് ഉപജീവനമാര്‍ഗങ്ങളൊന്നുമില്ലാത്ത ബിനോയ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് താമസം. അദാലത്തിലെത്തി മന്ത്രി പി.രാജീവിനെ തന്റെ ദുരിതക്കഥ അറിയിക്കുകയായിരുന്നു. ബിനോയിയുടെ അപേക്ഷ അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി നഷ്ടപരിഹാരത്തുക ഉടന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 50000 രൂപ അദാലത്തില്‍ വച്ച് തന്നെ ബിനോയിക്ക് ലഭ്യമാക്കി.
പരാതിക്ക് പരിഹാരമുണ്ടാകുമെന്ന വിശ്വാസത്തിലാണ് താന്‍ അദാലത്തിലെത്തിയതെന്നും ആ വിശ്വാസം തെറ്റിയില്ലെന്നും ബിനോയ് നിറകണ്ണുകളോടെ പറഞ്ഞു.
മക്കള്‍ സംരക്ഷിക്കില്ല, വസ്തുവും വീടും എഴുതിവാങ്ങി..വര്‍ഗീസിന്റെ പരാതിയില്‍ വ്യവസായമന്ത്രിയുടെ ത്വരിത നടപടി
ഞങ്ങള്‍ക്ക് ആരുമില്ല സാറേ….ഞങ്ങളെ സഹായിക്കണം…. നിറകണ്ണുകളോടെ വര്‍ഗീസ് വ്യവസായമന്ത്രി പി.രാജീവിന്റെ കൈപിടിച്ച് തന്റെയും ഭാര്യയുടേയും ദുരിതക്കഥ പറഞ്ഞപ്പോള്‍ കേട്ട് നിന്നവരും ഞെട്ടി.
രണ്ട് ആണ്‍മക്കളും ഒരുമകളുമാണ് ഈ ദമ്പതിമാര്‍ക്കുള്ളത്. മക്കളെ നല്ല നിലയില്‍ പഠിപ്പിക്കുകയും വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്ത ഇവരെ നോക്കാന്‍ ഇപ്പോള്‍ ഈ മക്കള്‍ക്ക് കഴിയില്ല. മൂത്തമകന്‍ വിദേശത്തും ഇളയമകന്‍ മിലിട്ടറിയിലുമായിരുന്നു.
ഇരുവരും ഇപ്പോള്‍ ജോലി മതിയാക്കി വിശ്രമജീവിതത്തിലാണ്. മകളെ വിവാഹം ചെയ്ത് അയച്ചശേഷം വള്ളിക്കോട് വില്ലേജിലെ കൈപ്പട്ടൂരില്‍ ആകെയുണ്ടായിരുന്ന വസ്തുവും വീടും രണ്ട് ആണ്‍മക്കളുടേയും പേരില്‍ എഴുതിക്കൊടുത്തു. അതുവരെ അച്ഛനേയും അമ്മയേയും സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്ന മക്കളുടെ സ്വഭാവം അതോടെ മാറിയെന്ന് വര്‍ഗീസ് വിതുമ്പിക്കൊണ്ട് പറഞ്ഞു. ആ വീട്ടില്‍ താമസിക്കാന്‍ കഴിയില്ലെന്ന് മക്കള്‍ പറഞ്ഞുവെന്നും കോടതി ഇടപെടലിലൂടെയാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നതെന്നും വര്‍ഗീസ് മന്ത്രിയെ അറിയിച്ചു. പക്ഷെ, ഇപ്പോള്‍ മകന്റെ പേരിലുള്ള ആ വീട്ടിലെ പൈപ്പ് കണക്ഷന്‍ മകന്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇതോടെ കുടിവെള്ളം കിട്ടാതെ ഇവര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പശുക്കളെ വളര്‍ത്തി ആഹാരത്തിന് വഴി കണ്ടെത്തുന്ന ഇവര്‍ ഇപ്പോള്‍ വെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലായിരിക്കുകയാണ്.
മറ്റൊരു മാര്‍ഗവുമില്ലാതെയാണ് വര്‍ഗീസ് അദാലത്തിലെത്തി വ്യവസായമന്ത്രി പി.രാജീവിനെ കണ്ട് സംരക്ഷണം വേണമെന്ന ആവശ്യം അറിയിച്ചത്. ഇത്തരം ചെയ്തികള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി മക്കള്‍ സംരക്ഷിക്കാത്തത് കണക്കിലെടുത്ത് റവന്യു റിക്കവറി പ്രകാരം വേണ്ട നടപടികള്‍ സ്വീകരിക്കാനും കുടിവെള്ള കണക്ഷന്‍ നല്‍കി വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
വീട്ടിലേക്ക് വാഹനമെത്താന്‍ വഴി,ഓമനയുടെ പരാതിയില്‍ വ്യവസായമന്ത്രിയുടെ അനുഭാവപൂര്‍വമായ നടപടി
മല്ലശ്ശേരി സ്വദേശിയായ ഓമന സോമന്‍ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തിലെത്തിയത് വീട്ടിലേക്ക് വാഹനം പോകാന്‍ ഒരു വഴി വേണമെന്ന ആവശ്യവുമായാണ്. മകന്റെ ഭാര്യയ്ക്കൊപ്പം താമസിക്കുന്ന ഓമന പ്രായമായ ആളാണ്.
ഇപ്പോള്‍ വീട്ടിലേക്ക് നടപ്പാത മാത്രമാണുള്ളതെന്നും എന്തെങ്കിലും അസുഖം വന്നാല്‍ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയാണെന്നും അത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവര്‍ മന്ത്രിയെ അറിയിച്ചു. പരാതിയില്‍ വിശദീകരണം തേടിയ മന്ത്രിയോട് ഇവരുടെ വീട്ടിലേക്കുള്ള നടപ്പാതയുടെ ഇരുവശത്തും സ്വകാര്യവ്യക്തികളുടെ ഭൂമിയാണെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിതാകുമാരി അറിയിച്ചു.
സമീപവാസികളുമായി സംസാരിച്ച് സമവായത്തില്‍ നടപടി സ്വീകരിക്കാനും ഓമനയുടെ പരാതിക്ക് പരിഹാരം കണ്ടെത്താനും വ്യവസായമന്ത്രി പി.രാജീവ് നിര്‍ദ്ദേശം നല്‍കിയതോടെ സന്തോഷത്തോടെ ഓമന മടങ്ങി.
കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്ത്:അപേക്ഷ സമര്‍പ്പിച്ചവരില്‍ പത്ത് പേര്‍ക്ക് മുന്‍ഗണനാകാര്‍ഡ്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ആദ്യപരിഹാരം റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 10 പേര്‍ക്ക്.
പതിനൊന്ന് പേരാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. കരള്‍ രോഗം, വൃക്കരോഗബാധിതര്‍, കാന്‍സര്‍, ഭിന്നശേഷി, സാമ്പത്തികപരാധീനത എന്നീ വിഭാഗത്തിലുള്ളവര്‍ക്കാണ് റേഷന്‍ കാര്‍ഡുകള്‍ അദാലത്തിലൂടെ അനുവദിച്ചത്.
കോന്നി സ്വദേശികളായ രേഷ്മ മോഹന്‍, സുധാപ്രകാശ്, സുശീല സോമന്‍, പ്രസാദവല്ലി, ലില്ലിക്കുട്ടി ജോസ്, അന്നമ്മ, ജെസി വര്‍ഗീസ്, ലിസി, കെ.ജി രമാദേവി, ടി.എം ഏലിയാമ്മ എന്നിവര്‍ക്കാണ് വ്യവസായമന്ത്രി പി.രാജീവ് റേഷന്‍ കാര്‍ഡ് വിതരണം ചെയ്തത്. വ്യവസായമന്ത്രി പി.രാജീവ്, അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച കോന്നി താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടന്നത്.
ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായും, അക്ഷയ കേന്ദ്രങ്ങളിലൂടെയും, താലൂക്ക് ഓഫീസുകള്‍ മുഖേനയും പൊതുജനങ്ങള്‍ സമര്‍പ്പിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ബിപിഎല്‍ റേഷന്‍ കാര്‍ഡിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പരിശോധിച്ച് വകുപ്പുതലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു.
ചന്ദ്രന്‍പിള്ളയ്ക്ക് പെന്‍ഷന്‍ കുടിശിക ലഭിക്കും വ്യവസായമന്ത്രി പി.രാജീവിന്റെ കരുതല്‍
സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് സീതത്തോട് സ്വദേശിയായ ചന്ദ്രന്‍പിള്ള എത്തിയത്. ആ പ്രതീക്ഷ തെറ്റിയില്ലെന്നും തനിക്ക് നീതി ലഭിച്ചുവെന്നും ചന്ദ്രന്‍പിള്ള പറയുന്നു.
കര്‍ഷകനായ ചന്ദ്രന്‍പിള്ളയ്ക്ക് 2019 സെപ്റ്റംബര്‍ മുതല്‍ 2020 ഏപ്രില്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ തുകയാണ് കുടിശികയായത് ഇത് സംബന്ധിച്ച പരാതി ചന്ദ്രന്‍പിള്ള നല്‍കുകയും ചെയ്തു. അദാലത്തിലെത്തി മന്ത്രിയെ കണ്ട് അപേക്ഷ പറഞ്ഞ ചന്ദ്രന്‍പിള്ളയുടെ പരാതിയില്‍ മന്ത്രി വിശദീകരണം തേടുകയായിരുന്നു.
ചന്ദ്രന്‍പിള്ള യഥാസമയം മസ്റ്ററിംഗിന് ഹാജരാകാതിരുന്നതാണ് പെന്‍ഷന്‍ തുക മുടങ്ങാനുള്ള കാരണമെന്ന് സീതത്തോട് കൃഷി ഓഫീസര്‍ മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് പരാതിയില്‍ മന്ത്രിയുടെ സത്വര നടപടി. സാങ്കേതികമായ പ്രശ്നത്താല്‍ അര്‍ഹമായ പെന്‍ഷന്‍ കുടിശിക നിഷേധിക്കപ്പെടുന്നത് പരിശോധിക്കാനും കുടിശിക ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ധനകാര്യവകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
മന്ത്രിയുടെ ഇടപെടല്‍: മണിയമ്മക്ക് ആനുകൂല്യം ലഭിക്കും
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സമയോചിതമായ ഇടപെടലില്‍ മല്ലശേരി സ്വദേശിനി മണിയമ്മയ്ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍ഷക തൊഴിലാളിയും ക്ഷേമനിധിയിലെ അംഗവുമായ ഭര്‍ത്താവ് ഭാസ്‌കരപിള്ള വരിസംഖ്യ മുടങ്ങാതെ അടച്ചിരുന്ന ആളായിരുന്നു. ഭര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിഹിതത്തിന്റെ ആനുകൂല്യങ്ങള്‍ അവകാശികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന പരാതിയുമായാണ് മണിയമ്മ അദാലത്തില്‍ മന്ത്രിയെ കാണാന്‍ എത്തിയത്.
ഫയല്‍ പുന:പരിശോധിച്ച് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്ന ആവശ്യം കേട്ട മന്ത്രി അടിയന്തരമായി ഹിയറിംഗ് നടത്തി മാനുഷിക പരിഗണന നല്‍കി ഒരു മാസത്തിനുള്ളില്‍ ഉചിതമായ തീരുമാനം അറിയിക്കുവാന്‍ സിഇഒയെ തത്സമയം ഫോണില്‍ വിളിച്ചു നിര്‍ദേശം നല്‍കി. തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന സമാധാനത്തിലാണ് മണിയമ്മ യാത്രയായത്.
അംബേദ്കര്‍ കോളനിയില്‍ വഴിവിളക്കും, ഹൈമാസ്റ്റ് ലൈറ്റും അനിലയുടെ പരാതിയില്‍ വ്യവസായമന്ത്രിയുടെ സത്വര നടപടി
ഒരു കോളനിയിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യവുമായാണ് കലഞ്ഞൂര്‍ കുളത്തുമണ്‍ സ്വദേശിയായ എ. അനില സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തിലെത്തിയത്.
നിരവധി പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന അംബേദ്കര്‍ കോളനിയില്‍ സന്ധ്യകഴിഞ്ഞാല്‍ കാട്ടുമൃഗങ്ങളുടെ ശല്യമാണ്. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമൊക്കെ ഇവയെ ഓടിക്കാറാണ് പതിവെന്ന് അനില വ്യവസായ മന്ത്രി പി.രാജീവിനെ അറിയിച്ചു.
എന്നാല്‍, കോളനിയിലേക്ക് വരുന്ന വഴിയില്‍ വഴിവിളക്കില്ലാത്തത് കാരണം ജോലിക്ക് ശേഷം സന്ധ്യക്ക് തിരിച്ചെത്തുന്നവരുടെ കാര്യം കഷ്ടമാണെന്നും വഴിയില്‍ കാട്ടുമൃഗങ്ങളുണ്ടെന്ന ഭയത്തില്‍ ശബ്ദമുണ്ടാക്കിയാണ് ഇവര്‍ കോളനിയിലേക്ക് എത്തുന്നതെന്നും അനില പറഞ്ഞു.
തങ്ങളുടെ പരാതി അനുഭാവപൂര്‍വം പരിഗണിക്കണമെന്ന അനിലയുടെ പരാതിയിന്‍ മേല്‍ , കോളനിയിലേക്കുള്ള വഴിയില്‍ വഴിവിളക്കും ഹൈമാസ്റ്റും ലൈറ്റും സ്ഥാപിക്കണമെന്നും അതിന് വേണ്ട നടപടികള്‍ കലഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കോളനിക്കാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരം നേടിയ സന്തോഷത്തിലാണ് അനില അദാലത്തില്‍ നിന്നും മടങ്ങിയത്.
ആലംബമില്ലാതെ കൊച്ചു കുഞ്ഞും അമ്മിണിയും, ആശ്രയമേകി അദാലത്ത്
തല ചായ്ക്കാന്‍ ഒരിടവും വിശപ്പ് മാറാന്‍ ഭക്ഷണവും തേടിയാണ് 74കാരനായ കൊച്ചുകുഞ്ഞ് സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തിലേക്ക് പരാതി സമര്‍പ്പിച്ചത്. കിടപ്പുരോഗിയായ ഭാര്യ അമ്മിണിക്കൊപ്പം വാടകവീട്ടില്‍ താമസിക്കുന്ന വികലാംഗനായ കൊച്ചുകുഞ്ഞ്, പ്രായാധിക്യം മൂലമുള്ള കടുത്ത സാമ്പത്തിക ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തിയാണ്. ദമ്പതികളുടെ മകളായ ഓമന മാനസികവൈകല്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
അദാലത്തില്‍ ലഭിച്ച പരാതിപ്രകാരം ജില്ലാ സാമൂഹിക നീതി വകുപ്പ് അടിയന്തരമായി നടപടി സ്വീകരിച്ച് കൊച്ചുകുഞ്ഞിനേയും അമ്മിണിയേയും കോന്നി വയലത്തല സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്ക് മാറ്റുകയായിരുന്നു. ഇത് സംബന്ധിച്ച് നടപടി എടുത്തതിന്റെ മറുപടി മന്ത്രി പി രാജീവ് ജില്ല സാമൂഹിക നീതി ഓഫീസര്‍ക്ക് നല്‍കി. സുമനസുകളുടെ കാരുണ്യം കൊണ്ട് മാത്രം ജീവിതം പുലര്‍ത്തിയിരുന്ന ഈ ദമ്പതികള്‍ സാന്ത്വനമായി ഒരു ശാശ്വത അഭയം ലഭിച്ച ആശ്വാസത്തിലാണ്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തിര ഇടപെടല്‍,ഗുരുനാഥന്‍മണ്ണ് വയ്യാറ്റുപുഴ റോഡിലെ ഇടക്കാട് ഭാഗം സഞ്ചാരയോഗ്യമാക്കും
ഗുരുനാഥന്‍മണ്ണ് വയ്യാറ്റുപുഴ റോഡിലെ ഇടക്കാട് ഭാഗം സഞ്ചാരയോഗ്യമാക്കണമെന്ന വര്‍ഗീസ് കോശിയുടെ അപേക്ഷയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സത്വര നടപടി. സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തിനെത്തിയാണ് വര്‍ഗീസ് ഒരു പ്രദേശത്തിന്റെ ഏറെക്കാലമായുള്ള ആവശ്യം അറിയിച്ചത്.
രണ്ട് പഞ്ചായത്തിന്റെ അതിര്‍ത്തിയായ ഈ റോഡിന്റെ 500 മീറ്റര്‍ വനഭാഗമാണ്. അതിനാല്‍ റോഡ് നിര്‍മാണത്തിനുള്ള ഏത് പദ്ധതി വന്നാലും ഇവിടം കോണ്‍ക്രീറ്റ് ചെയ്യാതെ ഒഴിവാക്കുകയാണ് പതിവ്. ഈ പ്രദേശത്ത് ജനങ്ങള്‍ താമസിക്കാന്‍ തുടങ്ങിയ കാലത്ത് നിര്‍മാണം നടത്തിയ ആദ്യ റോഡാണ് വയ്യാറ്റുപുഴ റോഡിലെ ഇടക്കാട് ഭാഗം. എന്നാല്‍ ഈ റോഡ് ഇപ്പോള്‍ അവഗണനയുടെ വക്കിലാണ്. ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ 300 വീടുകളും ഏകദേശം ആയിരത്തോളം ആളുകളും ഒറ്റപ്പെടുകയാണെന്നും വര്‍ഗീസ് മന്ത്രിയെ അറിയിച്ചു.
വര്‍ഗീസിന്റെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി എത്രയും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. വനംവകുപ്പിന്റെ എന്‍ഒസിക്കായി സീതത്തോട് ഗ്രാമപഞ്ചായത്ത് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് വനംവകുപ്പ് അത് ലഭ്യമാക്കണമെന്നും പഞ്ചായത്ത് റോഡ് സഞ്ചാരയോഗ്യമാക്കുന്നു എന്നുറപ്പാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. റാന്നി ഡിഎഫ്ഒയേയും സീതത്തോട് പഞ്ചായത്ത് സെക്രട്ടറിയേയും തുടര്‍നടപടിക്കായി മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു.
വര്‍ഗീസ് ജോണിന് മന്ത്രിയുടെ കൈത്താങ്ങ്
ജനങ്ങള്‍ക്ക് നല്ലതുവരണമെന്ന് പറഞ്ഞു നല്‍കിയതാ സാറേ ആ അഞ്ചു സെന്റ് സ്ഥലം. എന്നാല്‍ ഇപ്പോള്‍ സ്ഥലം നല്‍കിയ ഞാന്‍ ഇനി കയറാത്ത ഓഫീസുകളില്ല. എനിക്ക് നീതി വേണം സര്‍ എന്നു പറഞ്ഞ് മന്ത്രി പി രാജീവിന്റെ മുന്‍പിലിരുന്നു വിതുമ്പു കയായിരുന്നു അദാലത്തില്‍ പരാതിയുമായി എത്തിയ വയോധികനായ പയ്യനാമണ്‍ സ്വദേശി വര്‍ഗീസ് ജോണ്‍.
വര്‍ഗീസ് ജോണ്‍ തന്റെ പരാതി പറഞ്ഞു തുടങ്ങി. 2004 ലാണ് കോന്നിതാഴം സപ്ലെ സ്‌കീമില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നതിന് അഞ്ചു സെന്റ് സ്ഥലം വിട്ടു നല്‍കിയത്. പദ്ധതി നടപ്പിലാകുമ്പോള്‍ വസ്തുവിന്റെ നദീതീരം സുരക്ഷിച്ചു നല്‍കാമെന്ന് കോന്നി പഞ്ചായത്ത് ഉറപ്പു നല്‍കിയിരുന്നു.എന്നാല്‍ നാളിതുവരെയായിട്ടും പഞ്ചായത്ത് സ്ഥലം കെട്ടി നല്‍കിയില്ല. ഗാര്‍ഹിക ശുദ്ധജല കണക്ഷന്‍ സൗജന്യമായി നല്‍കണമെന്ന തന്റെ ന്യായമായ ആവശ്യം വാട്ടര്‍ അതോറിറ്റി പരിഗണിക്കുന്നില്ലെന്നും പറയുമ്പോള്‍ വര്‍ഗീസ് ജോണിന്റെ ശബ്ദമിടറി. ഞാന്‍ എന്തു ചെയ്യണം സര്‍ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി എത്തി താങ്കളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പരിഹാരം കണ്ടിരിക്കും.
ഉടന്‍ ഗാര്‍ഹിക ശുദ്ധജല കണക്ഷന്‍ സൗജന്യമായി നല്‍കുവാന്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഓണര്‍ഷിപ്പ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. നദീതീരം കെട്ടി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കോന്നി പഞ്ചായത്തിനേയും മന്ത്രി ചുമതലപ്പെടുത്തി.
വര്‍ഷങ്ങളായി പുറകേ നടന്ന പ്രശ്‌നങ്ങള്‍ക്ക് ഒരേ നിമിഷം പരിഹാരമായതിന്റെ സന്തോഷത്തില്‍ വര്‍ഗീസ് ജോണ്‍ വീട്ടിലേക്ക് മടങ്ങിയത്.
വ്യാപക കൃഷി നാശത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് മന്ത്രി പി രാജീവ്
2021-ലെ വെള്ളപ്പൊക്കത്തില്‍ ഉണ്ടായ വ്യാപക കൃഷി നാശത്തിന് നഷ്ടപരിഹാരം തേടിയാണ് വകയാര്‍ സ്വദേശിയായ സി ജി സോമരാജന്‍ സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തില്‍ വ്യവസായ മന്ത്രി പി രാജീവിന്റെയും ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യരുടെയും മുമ്പില്‍ എത്തുന്നത്.
പ്രായാധിക്യം മൂലമുള്ള സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സോമരാജന്, 2018-ലെ പ്രളയത്തിലും കടുത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിനെ തുടര്‍ന്നുള്ള കടങ്ങളും തൊട്ടടുത്ത വര്‍ഷങ്ങളിലുണ്ടായ പേമാരിയും കുടുംബത്തിന് ഇരുട്ടടി ആയി.
നാലര ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ ഈയിനത്തില്‍ ഒരു തുകയും ലഭിച്ചിട്ടില്ല എന്ന് സോമരാജന്‍ മന്ത്രിയേയും കലക്ടറേയും അറിയിച്ചു. സോമരാജന് അര്‍ഹമായ നഷ്ടപരിഹാരം നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനുള്ളില്‍ നല്‍കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ഉത്തരവിടുകയായിരുന്നു.
ബേബിക്കുട്ടിക്ക് മുച്ചക്രവാഹനം;വ്യവസായമന്ത്രിയുടെ ഉറപ്പ്
ആരേയും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യണമെന്നാണ് അറുപത്തിരണ്ടുകാരനായ ബേബിക്കുട്ടിയുടെ ആഗ്രഹം. എന്നാല്‍ ബസപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട ബേബിക്കുട്ടിക്ക് പലപ്പോഴും അതിന് കഴിയാറില്ല. ക്രച്ചസിന്റെ സഹായത്തോടയാണ് നടക്കുന്നതെങ്കിലും ബസില്‍ കയറാനൊക്കെ ബുദ്ധിമുട്ടുമ്പോള്‍ പരസഹായം മാത്രമാണ് ഏകആശ്രയം. സ്വന്തമായി ഒരു മുച്ചക്രവാഹനം എന്നത് ബേബിക്കുട്ടിയുടെ സ്വപ്നമായിരുന്നു. എന്നാല്‍ വരുമാനമാര്‍ഗമൊന്നുമില്ലാത്ത ബേബിക്കുട്ടിക്ക് മുച്ചക്രവാഹനം സ്വന്തമാക്കാനുള്ള പണം അപ്രാപ്യവുമാണ്. അങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക് തല അദാലത്തിനായി കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ ബേബിക്കുട്ടി അപേക്ഷയുമായി എത്തിയത്.
അദാലത്ത് വേദിയിലെത്തി ടോക്കണ്‍ എടുത്ത് തന്റെ നമ്പരിനായി കാത്തിരുന്ന ബേബിക്കുട്ടിയെ കണ്ട മന്ത്രി പി.രാജീവ് അടുത്തേക്ക് വിളിച്ച് കാര്യം തിരക്കി. മന്ത്രിയോട് തന്റെ സങ്കടം അറിയിച്ച ബേബിക്കുട്ടിക്ക് മുച്ചക്രവാഹനം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതിനായി കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ ചുമതലപ്പെടുത്തി. മുച്ചക്രവാഹനം ലഭ്യമായാല്‍ പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് ബേബിക്കുട്ടി അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.
വഴിയില്ലാതെ വലഞ്ഞ് ഒരമ്മ; ഒരാഴ്ച്ചക്കുള്ളില്‍ പടികെട്ടുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ട് മന്ത്രി
പുരയിടത്തിലേക്ക് കയറാനുള്ള ഏക വഴിയായ പടിക്കെട്ടുകള്‍ പുനഃസ്ഥാപിക്കണം എന്ന ആവശ്യവുമായാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സഹപാഠിയുടെ അമ്മയായ ലീലാമ്മ ഈശോ കോന്നി താലൂക്ക് തല അദാലത്തില്‍ മന്ത്രിയുടെ മുന്നില്‍ എത്തുന്നത്. മകനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന ഹൃദ്രോഗിയായ ലീലാമ്മ നാട്ടിലെത്തുമ്പോള്‍ കാണുന്നത് കുമ്പഴ പാലത്തിന് സമീപമുള്ള തന്റെ വീട്ടിലേക്കുള്ള പടിക്കെട്ട് പൊതുമരാമത്ത് വകുപ്പിന്റെ പണികളെ തുടര്‍ന്ന് തകര്‍ത്തിരിക്കുന്നതാണ്.
വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട മന്ത്രി വീണാ ജോര്‍ജ്, അടിയന്തരമായി പടികള്‍ പുനസ്ഥാപിച്ചു നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. ഏഴ് ദിവസത്തിനകം പണി പൂര്‍ത്തിയാക്കി നല്‍കണമെന്നും, കെ എസ് ടി പി അസിസ്റ്റന്റ് എന്‍ജിനീയര്‍ പരിശോധന നടത്തി ഉറപ്പ് വരുത്തണമെന്നും നിര്‍ദേശം നല്‍കി.
ജോണിന്റെ പരാതി ഫലം കണ്ടു, മലയാലപ്പുഴ-പുതുക്കുളം റോഡിലെ വഴിവിളക്കുകള്‍ പ്രകാശിക്കും
മലയാലപ്പുഴ-പുതുക്കുളം പ്രധാന റോഡിലെ നാലാം വാര്‍ഡ് നിവാസികളുടെ പ്രശ്നം ആരോഗ്യമന്ത്രിയെ നേരിട്ടറിക്കാനാണ് ടി.എസ് ജോണ്‍ അദാലത്തിലെത്തിയത്. നിബിഡമായ റബര്‍തോട്ടവും അപകടസാധ്യതയേറിയ വളവുകളുമുള്ള മലയാലപ്പുഴ-പുതുക്കുളം പ്രധാന റോഡിലെ നാലാം വാര്‍ഡില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാതെയായിട്ട് ഏറെക്കാലമായി. സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തിനെത്തി ജോണ്‍ തങ്ങളുടെ പ്രദേശം നേരിടുന്ന ദുരിതം അറിയിക്കുകയായിരുന്നു.
വഴിവിളക്കുകള്‍ ഇല്ലാതെ വഴിയാത്രക്കാരും നാട്ടുകാരും ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും വഴിവിളക്കുകള്‍ പ്രകാശിക്കാത്തത് കാരണം സാമൂഹികവിരുദ്ധരുടെ ശല്യവും കൂടി വരുന്നതായും ജോണ്‍ മന്ത്രിയെ അറിയിച്ചു. ജോണിന്റെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി ഒരു മാസത്തിനുള്ളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.