Trending Now

കൊട്ടാരക്കര ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നു, ആക്രമിച്ചത് പൊലീസ് കസ്റ്റഡിയിലെടുത്ത അദ്ധ്യാപകൻ 

 

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ മരിച്ചു. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്.

പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കുത്തിയത്.ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്.കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് കത്രിക കൊണ്ട് ഇയാൾ ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു.

സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു.

വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുകയാണ്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഐഎംഎയുടെ നേതൃത്വത്തിൽ സർക്കാർ-സ്വകാര്യ ഡോക്ടർമാരും പണിമുടക്ക് പ്രഖ്യാപിച്ചു.നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തിൽ മാത്രം സേവനം ഉണ്ടാകും.ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും.കൊലപാതകത്തിന് കാരണം പോലീസിന്‍റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന ആക്ഷേപം ശക്തമാണ്.പോലീസിന്‍റെ സാന്നിധ്യത്തിലാണ് കുത്തേറ്റതെന്നത് അതീവ ഗൗരവതരമാണ്.സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.