Trending Now

കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല അദാലത്ത് വാര്‍ത്തകള്‍ ( 09/05/2023)

 

അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്കും ബിപിഎല്‍ കാര്‍ഡ്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ആദ്യപരിഹാരം റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്ക്. സാമ്പത്തിക പരാധീനത, മാനസിക വെല്ലുവിളി, കാഴ്ച പരിമിതി, സംസാരശേഷി ഇല്ലായ്മ, ഹൃദ്രോഗി, കാന്‍സര്‍ രോഗികള്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്കാണ് റേഷന്‍ കാര്‍ഡുകള്‍ അദാലത്തിലൂടെ അനുവദിച്ചത്. തിരുവല്ല താലൂക്ക് സ്വദേശികളായ അന്നമ്മ ചാണ്ടി, ചാക്കോ ദേവസ്യ, കുഞ്ഞമ്മ വിജയന്‍, ജെ. ജയകുമാരി, രാധാമണി, മോളി, രാധാമണി ലാലന്‍, കെ.പി സുമതി, മേരി വര്‍ഗീസ്, ഷീന ഡൊമിനിക് , സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തത്. പൊടിയാടി സ്വദേശിയായ സനല്‍കുമാറിന് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി സര്‍ട്ടിഫിക്കറ്റ് എന്നിവയും വിതരണം ചെയ്തു.

ആരോഗ്യമന്ത്രി വീണാജോര്‍ജ്, വ്യവസായമന്ത്രി പി.രാജീവ്, ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച തിരുവല്ല താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായും, അക്ഷയ കേന്ദ്രങ്ങളിലൂടെയും, താലൂക്ക് ഓഫീസുകള്‍ മുഖേനയും പൊതുജനങ്ങള്‍ സമര്‍പ്പിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ബിപിഎല്‍ റേഷന്‍ കാര്‍ഡിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പരിശോധിച്ച് വകുപ്പുതലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു

സമയബന്ധിതമായ പരിഹാരമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത് : മന്ത്രി ജി.ആര്‍. അനില്‍

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം എന്നതാണ് കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിത്യജീവിതത്തില്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളുമായാണ് ജനങ്ങള്‍ അദാലത്തില്‍ എത്തുന്നത്. പല വിഷയങ്ങള്‍ക്കും പരിഹാരം കാണാന്‍ അദാലത്തിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് അവര്‍ എത്തുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ട്.
പൊതുവിതരണ വകുപ്പിന്റെ മുന്‍ഗണന കാര്‍ഡ് മാറ്റത്തിനായി അപേക്ഷയുമായി രോഗികള്‍ അടക്കമുള്ള നിര്‍ധനര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അദാലത്തിലൂടെ സാധിച്ചു. അദാലത്തിലെത്തുന്ന പരാതികളില്‍ കൂടുതലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അവയെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്,അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല നഗരസഭ ചെയര്‍ പേഴ്‌സണ്‍ അനു ജോര്‍ജ്,എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി മാത്യു, ലതാ കുമാരി, എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആര്‍. സനല്‍കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദീപക്കിന്റെ അപേക്ഷ ഫലം കണ്ടു,അപകടഭീഷണി ഉയര്‍ത്തുന്ന മരം വെട്ടാന്‍ വ്യവസായമന്ത്രിയുടെ ഉത്തരവ്

നിരണം സ്വദേശിയായ ദീപക് കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തിനെത്തിയത് തന്റെ വീടിന് അപകടഭീഷണി ഉയര്‍ത്തുന്ന മരം മുറിക്കണം എന്ന ആവശ്യവുമായാണ്. കടപ്ര പഞ്ചായത്തില്‍ ആലുന്തുരുത്തിയില്‍ രണ്ട് വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മരം ദീപക്കിന്റെ വീട്ടിലേക്കുള്ള വഴിയുടെ മധ്യത്തിലാണ് നില്‍ക്കുന്നതെന്നും വ്യവസായമന്ത്രി പി. രാജീവിനെ അറിയിച്ചു. അപേക്ഷ പരിഗണിച്ച മന്ത്രി പി.രാജീവ് കാലവര്‍ഷത്തിന് മുന്‍പ് മരം മുറിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.

വിധവാ പെന്‍ഷന്‍ കുടിശിക,ഗ്ലോറിക്ക് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ ഉറപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തിലേക്ക് നിരണം സ്വദേശിയായ ഗ്ലോറി തോമസ് എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ആ പ്രതീക്ഷയും വിശ്വാസവും തെറ്റിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനങ്ങളും ഇവിടുത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും ഗ്ലോറി നിറകണ്ണുകളോടെ പറഞ്ഞു.

2011 മുതല്‍ വിധവാപെന്‍ഷന്‍ വാങ്ങുന്നയാളാണ് ഗ്ലോറി. എന്നാല്‍, 2019 ഓഗസ്റ്റ് മുതല്‍ 2020 ഏപ്രില്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ ഗ്ലോറിക്ക് ലഭിച്ചിട്ടില്ല. ഒന്‍പത് മാസം ലഭിക്കാതിരുന്ന തന്റെ വിധവാപെന്‍ഷന്‍ കുടിശിക ലഭിക്കണം. മറ്റ് വരുമാനമാര്‍ഗമൊന്നുമില്ലാത്ത ഗ്ലോറി തന്റെ സങ്കടം പറയുമ്പോള്‍ പരിഹാരം ഉടന്‍ ഉണ്ടാക്കാമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലില്‍ ഉറപ്പു നല്‍കി. പഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ഗ്ലോറിയുടെ രേഖകളെല്ലാം കൃത്യമാണെന്നും എല്ലാ രേഖകളും സമയബന്ധിതമായി ഹാജരാക്കിയിട്ടുണ്ടെന്നും കണ്ടെത്തി. ഗ്ലോറിയുടെ അവസ്ഥ ബോധ്യപ്പെട്ട മന്ത്രി ധനകാര്യവകുപ്പിന് അപേക്ഷ പ്രത്യേകമായി പരിഗണിക്കാനും പരിഹാരമുണ്ടാക്കാനും ശിപാര്‍ശ ചെയ്തു.

വരട്ടാറില്‍ നീരൊഴുക്ക് ഉറപ്പാക്കാന്‍ മന്ത്രി പി. രാജീവിന്റെ നിര്‍ദേശം

വരട്ടാറില്‍ നീരൊഴുക്ക് ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് വ്യവസായ മന്ത്രി പി. രാജീവിന്റെ നിര്‍ദ്ദേശം.ഓതറ സ്വദേശിയായ എന്‍. തോമസിന്റെ പരാതി കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തില്‍ പരിഗണിക്കവേയാണ് മന്ത്രി മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയത്.വരട്ടാര്‍ റെയില്‍വേ പാലത്തിന് സമീപമാണ് തോമസും കുടുംബവും താമസിക്കുന്നത്. വേനല്‍ക്കാലമായതോടെ വരട്ടാര്‍ നീരൊഴുക്കില്ലാതെ ഏറെക്കുറെ നിര്‍ജീവമായ അവസ്ഥയിലാണ്. പായലും പോളയും നിറഞ്ഞ വരട്ടാറില്‍ നിന്നുള്ള മലിനജലംകിണറുകളിലേക്ക് ഊറ്റുറവയായി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഇവിടെയുള്ള പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും പാമ്പ്, കീരി, നീര്‍നായ് എന്നിവയുടെയെല്ലാം ആവാസകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണെന്നും തോമസ് മന്ത്രിയെ അറിയിച്ചു.

താലൂക്കുതല അദാലത്തുകളില്‍ ഇതുവരെ 649 പരാതികള്‍ പരിഹരിക്കപ്പെട്ടു: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയില്‍ നടത്തിയ താലൂക്കുതല അദാലത്തുകളില്‍ ഇതുവരെ 649 പരാതികള്‍ പരിഹരിക്കപ്പെട്ടുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും തിരുവല്ല താലൂക്കുതല അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ നീതി ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമമാണ് കരുതലും കൈത്താങ്ങും അദാലത്ത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ ഫയല്‍ തീര്‍പ്പാക്കലിന്റെ തുടര്‍ച്ചയാണ് അദാലത്ത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി ഉറപ്പാക്കും. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയാണ് അദാലത്തിലേക്കുള്ള പരാതികള്‍ സ്വീകരിച്ചത്. അദാലത്തിന് തുടര്‍ച്ച ഉണ്ടാവും. ജില്ലയിലെ അദാലത്തുകള്‍ പൂര്‍ണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ന്യായമായ പരിഹാരം അതിവേഗം കാണുന്നതിനുള്ള ഉപാധിയാണ് അദാലത്തെന്ന് അഡ്വ. മാത്യു ടി. തോമസ് എം എല്‍ എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരാതികളാണ് അദാലത്തില്‍ ലഭിച്ച പരാതികളില്‍ അറുപതു ശതമാനവും. ഇത്തരം പരാതികളില്‍ വസ്തു നിഷ്ഠമായ പരിശോധന നടത്തണം. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നുവെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും എംഎല്‍എ പറഞ്ഞു

ഭക്ഷ്യമന്ത്രിയുടെ ഇടപെടല്‍;ബിന്‍സിക്കും പെണ്‍മക്കള്‍ക്കും അടച്ചുറപ്പുള്ള വീട്

നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തെങ്ങേലി സ്വദേശിനി ബിന്‍സി ചാക്കോയ്ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കണമെന്നും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ തിരുവല്ല താലൂക്കുതല അദാലത്തില്‍ നിര്‍ദേശം നല്‍കി. ഇതു കേള്‍ക്കുമ്പോള്‍ ബിന്‍സിയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ പൊന്‍ തിളക്കം.

രണ്ട് പെണ്‍കുട്ടികളുടെ മാതാവാണ് വിധവയായ ബിന്‍സി. 19 കൊല്ലം മുന്‍പാണ് ബിന്‍സിയുടെ ഭര്‍ത്താവ് മരിച്ചത്. അന്ന് മുതല്‍ മറ്റാരും സഹായത്തിനില്ലാത്ത ബിന്‍സി സഹോദരനൊപ്പമാണ് താമസം. എങ്കിലും സഹോദരനെ ആശ്രയിക്കാതെ വീട്ടുജോലിക്ക് പോയാണ് ബിന്‍സി തന്റെ പെണ്‍മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചിലവുകള്‍ നോക്കുന്നത്.

അധ്വാനിക്കാന്‍ മടിയില്ലാത്ത ബിന്‍സിക്ക് മറ്റൊന്നും വേണ്ട. സഹോദരനെ ബുദ്ധിമുട്ടിക്കാതെ തന്റെ പെണ്‍മക്കളുമൊത്ത് അടച്ചുറപ്പുള്ള ഒരു വീട്ടില്‍ കഴിയണം. പക്ഷെ, ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തണമെങ്കില്‍ അപേക്ഷയുള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡിലുള്ള ആര്‍ക്കും വീടോ വസ്തുവോ ഉണ്ടാകാന്‍ പാടില്ല. പക്ഷെ, സഹോദരന്റെ റേഷന്‍കാര്‍ഡിലാണ് ബിന്‍സിയുടേയും മക്കളുടേയും പേരുള്ളത്. സഹോദരന് വീടും വസ്തുവുമുണ്ടെന്ന കാരണത്താലാണ് ബിന്‍സിയുടെ അപേക്ഷ ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.എന്നാല്‍, അപേക്ഷയുടെ ഗൗരവം മനസിലാക്കിയ മന്ത്രി എത്രയും വേഗത്തിലുള്ള നടപടിക്ക് ഉത്തരവിടുകയായിരുന്നു.

റെമിയെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല അദാലത്തില്‍ വീടെന്ന സ്വപ്നവുമായി എത്തിയ റെമി ജോര്‍ജിനും കുടുംബത്തിനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കൈത്താങ്ങ്. സ്വന്തമായി ഭവനമില്ലെന്ന പരാതിയുമായി അദാലത്തിനെത്തിയതായിരുന്നു കടപ്ര പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഗ്രേസ് വില്ലയില്‍ റെമി ജോര്‍ജ്. താലൂക്കുതല അദാലത്തില്‍ തന്റെ പ്രതീക്ഷ യാഥാര്‍ഥ്യമാകുമെന്ന
വിശ്വാസത്തിലാണ് റെമി പരാതിയുമായി എത്തിയത്. റെമിയുടെ പ്രതീക്ഷ തെറ്റിയില്ല. പരാതി കേട്ട ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അപേക്ഷ പരിഗണിച്ച് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ തുടര്‍ നടപടികള്‍ സ്വീകരിച്ച് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പു നല്‍കി. സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെയാണ് റെമി തിരികെ യാത്രയായത്

ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ അനീഷിന്റേയും ഭാര്യയുടേയും നിലം പുരയിടമാക്കും

സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല അദാലത്തിനെത്തിയ നിരണം സ്വദേശികളായ അനീഷിനും ഭാര്യ ഷജിനയ്ക്കും ആശ്വാസമായി ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ ഇടപെടല്‍. അനീഷിന്റെയും ഭാര്യയുടേയും പേരില്‍ കടപ്ര വില്ലേജിലുള്ള 25 സെന്റ് നിലം പുരയിടമാക്കി തരം മാറ്റം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഫീസ് ഒടുക്കിയാല്‍ മാത്രമേ അതിന് സാധിക്കുവെന്ന് കാട്ടി തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസറുടെ കത്ത് വീട്ടിലെത്തിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അനീഷും ഭാര്യയും കുഴങ്ങി.

25 സെന്റ് നിലം വരെ സൗജന്യമായി തരം മാറ്റി നല്കുമെന്നിരിക്കെ ഈ കത്ത് ലഭിച്ചത് അനീഷിനെ ധര്‍മ്മസങ്കടത്തിലാക്കി. അദാലത്തില്‍ പരാതി നല്‍കി പ്രതീക്ഷയോടെ കാത്തിരുന്ന അനീഷിന്റെ പ്രതീക്ഷയും വിശ്വാസവും തെറ്റിയില്ല. അദാലത്തില്‍ പരാതി പരിഗണിച്ച മന്ത്രി അനീഷിന്റെ പരാതിയി•േല്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെ വലിയ ആശ്വാസത്തിലാണ് അനീഷും ഷജിനയും മടങ്ങിയത്.

ഏബ്രഹാമിന് മത്സ്യകൃഷി തുടരാം;കുടിശികയായ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശം

നിരണം സ്വദേശിയായ മത്സ്യകര്‍ഷകന്‍ എം.സി. ഏബ്രഹാമിന് സംസ്ഥാനസര്‍ക്കാരിന്റെ കരുതല്‍. അനുകൂല്യവും പെന്‍ഷനും ലഭിക്കാതെ, കടബാധ്യതകള്‍ കാരണം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയായ മത്സ്യകൃഷി ഉപേക്ഷിക്കേണ്ടി വരുമോയെന്ന സങ്കടവുമായാണ് ഏബ്രഹാം തിരുവല്ല താലൂക്ക് തല അദാലത്തിനെത്തിയത്. എന്നാല്‍, പരാതി പരിശോധിച്ച ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ കണക്ക് പരിശോധിച്ച് പെന്‍ഷന്‍ കുടിശിക നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതോടെ മനസ് നിറഞ്ഞാണ് ഏബ്രഹാം തിരികെ പോയത്. 28 വര്‍ഷമായി എം.സി. ഏബ്രഹാം മത്സ്യകൃഷി നടത്തുന്ന കര്‍ഷകനാണ്.

വീട്ടുനമ്പരിനായി ജോര്‍ജ് നടന്നത് വര്‍ഷങ്ങള്‍, കടപ്ര പഞ്ചായത്ത് സെക്രട്ടറിക്കെതിരെ
നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ഇത് നീതിയല്ല…, ഇത്തരം ശീലങ്ങള്‍ വച്ചുപൊറുപ്പിക്കില്ല – വീട്ടുനമ്പര്‍ കിട്ടിയില്ലെന്ന കടപ്ര സ്വദേശി ജോര്‍ജ് ബെര്‍ണാഡിന്റെ പരാതി കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല അദാലത്തില്‍ പരിഗണിക്കവേയാണ് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കിയത്.

ഇഎംഎസ് ഭവനപദ്ധതി പ്രകാരം പണികഴിപ്പിച്ച വീടിന്റെ നമ്പരിനായി വര്‍ഷങ്ങളായി ജോര്‍ജ് ബെര്‍ണാഡ് കടപ്ര പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുകയാണ്. 2016 ല്‍ വീട്ടുനമ്പര്‍ ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയതിന്റെ രസീതും അദാലത്തില്‍ ജോര്‍ജ് ഹാജരാക്കി. നാളിത്രയായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഒരു വയോധികന് നീതി നിഷേധിച്ചുവെന്നും ഗുരുതരമായ ഈ വീഴ്ച കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അദാലത്തില്‍ ലഭിച്ച പരാതികള്‍ പോലും കടപ്ര പഞ്ചായത്ത് സെക്രട്ടറി ഗൗരവത്തിലെടുത്തില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാനും ജോര്‍ജ് ബെര്‍ണാഡിന് കെട്ടിടനമ്പര്‍ മാനദണ്ഡപ്രകാരം ലഭ്യമാക്കി നീതി ഉറപ്പാക്കാനും എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടറോട് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യമന്ത്രിയുടെ നടപടിയില്‍ ഏറെ സന്തോഷമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും ജോര്‍ജ് ബെര്‍ണാഡ് പ്രതികരിച്ചു.

ഉണ്ണികൃഷ്ണന്റെ പ്രവര്‍ത്തിക്കാത്ത കടമുറിക്ക് ഭീമമായ വാട്ടര്‍ബില്‍;ഒഴിവാക്കി കൊടുക്കണമെന്ന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

എന്നെ കൊണ്ട് ഒരു നിവൃത്തിയുമില്ല സാറേ…, കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തില്‍ എത്തി നിറകണ്ണുകളോടെ ഉണ്ണികൃഷ്ണന്‍ നായര്‍ ഇത് പറഞ്ഞപ്പോള്‍ വിഷമിക്കേണ്ട പരിഹാരമുണ്ടാക്കാമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ വാക്കുകള്‍.

ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയില്‍ തിരുമൂലപുരത്തുള്ള പ്രവര്‍ത്തിക്കാത്ത കടമുറിക്ക് ഭീമമായ തുകയാണ് വാട്ടര്‍ബില്‍ വന്നത്. കൊറോണ ബാധിച്ച് മകന്‍ മരിച്ച ആഘാതത്തിലുള്ള ഉണ്ണികൃഷ്ണന് മറ്റ് വരുമാനമാര്‍ഗങ്ങളൊന്നും തന്നെയില്ല. ഭീമമായ വാട്ടര്‍ ബില്‍ ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ്. ഉണ്ണികൃഷ്ണന്റെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച ആരോഗ്യമന്ത്രി അടയ്ക്കേണ്ട തുക ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വ്യവസായമന്ത്രി ഇടപെട്ടു;അഷ്റഫിന്റെ വീടിന് നമ്പര്‍

സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തിലേക്ക് നെടുമ്പ്രം സ്വദേശി എ. അഷ്റഫ് എത്തിയത് വീടിന്റെ കെട്ടിട നമ്പരിന് വേണ്ടിയാണ്. പ്ലാനിംഗില്‍ വന്ന അപാകതകള്‍ പരിഹരിച്ച് പുതിയ അപേക്ഷ നല്‍കിയെന്നും എന്നിട്ടും നടപടിയില്ലെന്നും അഷ്റഫ് വ്യവസായമന്ത്രി പി.രാജീവിനെ അറിയിച്ചു.

അഷ്റഫിന്റെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി റെഗുലറൈസേഷന്‍ സംബന്ധിച്ച പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൂടാതെ, ആവശ്യമായ രേഖകള്‍ സാക്ഷ്യപ്പെടുത്തി നല്‍കാന്‍ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു

രണ്ട് മണിക്കൂറിനുള്ളില്‍ ബിന്‍സിക്ക് റേഷന്‍കാര്‍ഡ് ലഭ്യമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്

നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ബിന്‍സി ചാക്കോയ്ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാനായിരുന്നു ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ ഉത്തരവ്. എന്നാല്‍, രണ്ട് മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കി സിവില്‍ സപ്ലൈസ് വകുപ്പിന്റെ ത്വരിത ഇടപെടല്‍. തെങ്ങേലി സ്വദേശിനി ബിന്‍സി ചാക്കോയ്ക്ക് സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തത് കാരണം ലൈഫ് ഭവന പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ മാതാവാണ് വിധവയായ ബിന്‍സി. 19 കൊല്ലം മുന്‍പാണ് ബിന്‍സിയുടെ ഭര്‍ത്താവ് മരിച്ചത്

വിജയമ്മയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി

വിജയമ്മ കൊച്ചുമോന്റെ ദീര്‍ഘകാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലില്‍ പരിഹാരമായി. സ്വന്തമായി വീടില്ല, പട്ടയമേള വഴി കടപ്ര വില്ലേജില്‍ ലഭിച്ച മൂന്ന് സെന്റ് സ്ഥലം താമസയോഗ്യമല്ല എന്നീ വിഷമവുമായാണ് കുറ്റപ്പുഴ കന്യകോണില്‍ വിജയമ്മ കൊച്ചുമോന്‍ തിരുവല്ല താലൂക്കുതല അദാലത്തിലെത്തിയത്. നിലവില്‍ തിരുവല്ല നഗരസഭ പ്രദേശത്താണ് വിജയമ്മയും കുടുംബവും താമസിക്കുന്നത്.

പരാതി കേട്ട ആരോഗ്യ മന്ത്രി ലൈഫ് മിഷനില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഭവനം നല്‍കുവാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സ്ഥലം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ വാസയോഗ്യമാണോ അല്ലയോ എന്ന് പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുവാന്‍ കടപ്ര വില്ലേജ് ഓഫീസര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

തിരുവല്ല താലൂക്ക് അദാലത്ത്: 126 പരാതികള്‍ പൂര്‍ണമായും പരിഹരിച്ചു – ആരോഗ്യ മന്ത്രി

തിരുവല്ല താലൂക്ക്തല അദാലത്തില്‍ പരിഗണിച്ച 158 പരാതികളില്‍ 126 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കരുതലും കൈത്താങ്ങും തിരുവല്ല താലൂക്കുതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 32 പരാതികളില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് വകുപ്പുകള്‍ക്ക് കൈമാറി. പുതിയതായി 168 പരാതികള്‍ ലഭിച്ചു.
പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കും. 11 ഗുണഭോക്താക്കള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.

മാറ്റിവച്ച റാന്നി താലൂക്കുതല അദാലത്ത് മേയ് 23 നടത്തും. താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്കുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളും മാറ്റി വച്ചിരുന്നു. ഇങ്ങനെ മാറ്റി വച്ച അദാലത്താണ് ഈ മാസം 23 ന് നടക്കുക. ജനങ്ങള്‍ക്ക് നിയമപ്രകാരമുള്ള നീതി ഉറപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യം.

മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അദാലത്തിന് തുടര്‍ച്ച ഉണ്ടാവും. ജില്ലയിലെ അദാലത്തുകള്‍ പൂര്‍ണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു

മന്ത്രിയുടെ ഇടപെടല്‍: തീപ്പനി റെയില്‍വേ സ്റ്റേഷന് സമീപമുള്ള തെരുവുവിളക്ക് ഇനി പ്രകാശിക്കും

ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ സമയോചിതമായ ഇടപെടലില്‍ ഇനി തിരുവല്ല തീപ്പനി റെയില്‍വേ സ്റ്റേഷന് സമീപമുള്ള തെരുവുവിളക്ക് പ്രകാശിക്കും. തീപ്പനി സ്വദേശി സി.വി. വര്‍ഗീസാണ് തീപ്പനി റെയില്‍വേ സ്റ്റേഷന് സമീപമുള്ള തെരുവുവിളക്ക് പ്രകാശിപ്പിക്കണമെന്ന പരാതിയുമായി എത്തിയത്.

തീപ്പനി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ടി.കെ. റോഡില്‍ കെ.എസ്.ഇ.ബി യുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനു സമീപമുള്ള ഇലക്ട്രിക് പോസ്റ്റിലെ തെരുവുവിളക്കാണ് കേടായത്. തിരക്കേറിയ വാഹന ഗതാഗതം ഉള്ള സ്ഥലത്താണ് സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തത്. ഇവിടെ വാഹനാപകടം തുടര്‍ക്കഥയാണെന്ന വിവരത്തേ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. 48 മണിക്കൂറിനുള്ളില്‍ പുതിയ ലൈറ്റ് സ്ഥാപിക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

തെറ്റായി പോക്കുവരവ് ചെയ്ത കുശലകുമാര പണിക്കരുടെ ഭൂമി, ശരിയായ സര്‍വേ നമ്പര്‍ ചേര്‍ത്ത് നടപടി എടുക്കാന്‍ ആരോഗ്യമന്ത്രിയുടെ ഉത്തരവ്

ആധാരമെഴുതിയപ്പോള്‍ സര്‍വേ നമ്പരില്‍ പിഴവ് വന്നതുമൂലം തെറ്റായി പോക്കുവരവ് ചെയ്ത വളഞ്ഞവട്ടം സ്വദേശി കുശലകുമാര പണിക്കരുടെ പരാതിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ സത്വര നടപടി. സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തില്‍ പങ്കെടുത്താണ് വളഞ്ഞവട്ടം ഈസ്റ്റ് സ്വദേശി കുശലകുമാര പണിക്കര്‍ ആരോഗ്യമന്ത്രിയെ കണ്ട് തന്റെ ബുദ്ധിമുട്ട് പറഞ്ഞത്.
കുശലകുമാര പണിക്കരുടേയും സഹോദരന്മാരുടേയും പേരിലാണ് ഭൂമിയുള്ളത്. എന്നാല്‍, റീസര്‍വേ ചെയ്തപ്പോള്‍ പെരുമ്പളത്ത് വീട്ടില്‍ അശോകന്‍, ഭാര്യ ശാന്ത എന്നിവര്‍ക്ക് വസ്തു തെറ്റായി പോക്കുവരവ് ചെയ്ത് നല്‍കുകയായിരുന്നു. ഇത് കാരണം കുശലകുമാര പണിക്കര്‍ക്ക് കരം അടയ്ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.

ദുരിതാവസ്ഥ കേട്ടറിഞ്ഞ ആരോഗ്യമന്ത്രി വീണാജോര്‍ജ് ആധാരമെഴുതിയതില്‍ സര്‍വേ നമ്പരില്‍ വന്ന പിഴവ് തെറ്റായി പോക്ക് വരവ് ചെയ്തതിനിടയായ സാഹചര്യത്തില്‍ പോക്ക് വരവ് റദ്ദാക്കി ശരിയായ സര്‍വേ നമ്പര്‍ ചേര്‍ത്ത് നടപടി എടുക്കാന്‍ എല്‍ ആര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി.

സുഭദ്ര മുത്തശിക്ക് വീട്ടിലേക്ക് കയറാന്‍ വഴി, സത്വര നടപടിക്ക് വ്യവസായമന്ത്രിയുടെ ഉത്തരവ്

എഴുപത്തിയഞ്ചുകാരിയായ സുഭദ്രാദേവി കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തിലെത്തിയത് തന്റെ വീടിരിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാനുള്ള വഴി സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യവുമായാണ്. വിധവയും നിരാലംബയുമായ പെരിങ്ങര സ്വദേശിയായ ഈ മുത്തശിയെ കണ്ട വ്യവസായ മന്ത്രി പി. രാജീവ് അടുത്തേക്ക് വിളിച്ച് കാര്യം തിരക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണശേഷമാണ് ആകെയുള്ള 16 സെന്റ് സ്ഥലത്തെ വീട്ടിലേക്ക് പ്രവേശിക്കാനാവാതെ ഈ മുത്തശി ബുദ്ധിമുട്ടിലായത്. എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ച സുഭദ്രാദേവി അദാലത്തിലെത്തി മന്ത്രിയെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. മുത്തശിയുടെ അപേക്ഷ കേട്ട മന്ത്രി വീട്ടിലേക്ക് പോകാനുള്ള വഴി ഉറപ്പ് വരുത്തണമെന്നും അത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചു

കാസില്‍ഡയിലെ താമസക്കാരുടെ ദുരിതത്തിന് അറുതി.കുടിവെള്ളം ഉറപ്പാക്കാനും അനധികൃതമായി ചുമത്തിയ പിഴ ഒഴിവാക്കാനും ഭക്ഷ്യമന്ത്രിയുടെ ഉത്തരവ്

തോട്ടഭാഗം കാസില്‍ഡാ അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തിലെത്തിയത് വര്‍ഷങ്ങളായുള്ള ജലക്ഷാമത്തിന് പരിഹാരം തേടി. ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിനോട് തങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയിച്ചു.

വാട്ടര്‍കണക്ഷന്‍ നല്‍കിയിട്ട് നാളേറെയായെങ്കിലും ഒരു തുള്ളി വെള്ളം പോലും കിട്ടാതെ വലിയ ബുദ്ധിമുട്ടിലാണ് ഇവിടെയുള്ള താമസക്കാര്‍. കണക്ഷന്‍ നല്‍കിയ പൈപ്പ് മാറിപോയതാകാം കാരണമെന്നും ഇവര്‍ മന്ത്രിയെ അറിയിച്ചു. എന്നാല്‍ അതിലും തങ്ങളെ കുഴക്കിയത് 18,570 രൂപ പിഴ അടയ്ക്കുന്നതിന് നോട്ടീസ് ലഭിച്ചതാണെന്നും അറിയിച്ചു. കൃത്യമായി കുടിവെള്ളം ലഭിക്കുന്നതിനും അന്യായമായി ചുമത്തിയ പിഴ ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി സജീവ് ജോര്‍ജിന്റെ നേതൃത്വത്തില്‍ എത്തിയ താമസക്കാര്‍ ആവശ്യപ്പെട്ടു.

വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ മന്ത്രി അപ്പാര്‍ട്മെന്റില്‍ ജല ലഭ്യത ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കൂടാതെ തെറ്റായി ചുമത്തിയ പിഴ റദ്ദാക്കാനും ഭക്ഷ്യമന്ത്രി ഉത്തരവിട്ടതോടെ ആശ്വാസത്തോടെ അവര്‍ മടങ്ങി.