പത്തനംതിട്ട മണ്ണാറമലയില്‍ പുതിയ എഫ്എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുള്‍പ്പെടെ രാജ്യവ്യാപകമായി 91 എഫ്എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ആന്റോ ആന്റണി എംപി ദീപം തെളിച്ചു.
പൂര്‍ണ സൗകര്യങ്ങളോടെ എഫ്എം സേവനം ലഭിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനം വിപുലീകരിപ്പിക്കുമെന്ന് എംപി പറഞ്ഞു.
എഫ്എം നിലയം ജില്ലയിലെ ജനങ്ങള്‍ക്ക് പുത്തനുണര്‍വ് സമ്മാനിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. 101 മെഗാഹെട്‌സില്‍ രാവിലെ 5.55 മുതല്‍ രാത്രി 11.10 വരെ തിരുവനന്തപുരം ആകാശവാണിയിലെ പരിപാടികള്‍ എഫ്എമ്മിലൂടെ കേള്‍ക്കാം.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ രാജു വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. വര്‍ഗീസ്, വാര്‍ഡംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.