നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്
കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്ത് നിന്നുമാണ് സിനിമയിൽ എത്തിയത്. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നത്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയത്. സിനിമകളിൽ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.
1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ് . തലയണ മന്ത്രം , ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകൾ.
ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനനം. കോഴിക്കോട് എം എം ഹൈസ്കൂളിലായിരുന്നു പഠനം. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍.
സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലൻ സംവിധായകനായ ‘അന്യരുടെ ഭൂമി’ (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
സത്യന് അന്തിക്കാട്, പ്രിയദര്ശന് എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സത്യന് അന്തിക്കാടിന്റെ ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
നാടോടിക്കാറ്റിലെ തട്ടിപ്പുകാരന് ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ ജി പൊതുവാള്, ചന്ദ്രലേഖയിലെ പലിശക്കാരന്, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന് കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന് മേസ്തിരി, നരേന്ദ്രന് മകന് ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന് തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.
പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.
അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.
സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.