Trending Now

റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍: മന്ത്രി കെ. രാജന്‍

റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

സംസ്ഥാനത്തെ റവന്യു ഓഫീസുകളിലെ എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സുതാര്യതയോടെയും വേഗതയോടും പ്രശ്‌നങ്ങളെ നേരിടാനും  സാധാരണക്കാരുടെ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാനും രേഖകള്‍ നഷ്ടപ്പെടാതിരിക്കാനും സാധിക്കും. സാധാരണക്കാരന് ഓണ്‍ലൈന്‍ സേവനം ലഭിക്കുന്നതിന് മെയ് മാസം മുതല്‍ റവന്യു ഇ സാക്ഷരത കാമ്പയിന്‍ ആരംഭിക്കും.

 

ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമ്പോള്‍ രണ്ട് വര്‍ഷം കൊണ്ട് ഒരു വീട്ടില്‍ ഒരാള്‍ക്ക് എങ്കിലും റവന്യു സേവനങ്ങള്‍ മൊബൈലിലൂടെ  പ്രാപ്തമാക്കുന്നതാണ് കാമ്പയിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

സര്‍വെയര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് മന്ത്രി മറുപടി നല്‍കി.

അടൂര്‍ മണ്ഡലത്തിന്റെ രണ്ട് വില്ലേജ് ഓഫീസുകള്‍ ഒഴികെ ബാക്കി എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുകയാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. താലൂക്ക് ഓഫീസ് സ്മാര്‍ട്ട് ആക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ കൊടുമണ്‍ ഗ്രാമ പഞ്ചായത്ത്  മുന്‍പില്‍ നില്‍ക്കുന്നുവെന്നും എല്ലാ മേഖലയിലും സമഗ്ര വികസനം യാഥാര്‍ഥ്യമാക്കി മുന്നോട്ട് പോകുകയാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാ ദേവി, ജില്ലാ പഞ്ചായത്ത് അംഗം ബീനാ പ്രഭ,  ഗ്രാമ പഞ്ചായത്ത് അംഗം എ.ജി ശ്രീകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഏഴംകുളം നൗഷാദ്, എ. വിജയന്‍ നായര്‍, സി. പ്രകാശ്, ഐക്കാട് ഉദയകുമാര്‍, എ.എം. സലിം, രാജന്‍ സുലൈമാന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, തഹസീല്‍ദാര്‍ ജി.കെ. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.