മതി
എറണാകുളം മറൈന്‍ ഡ്രൈവില്‍ സമാപിച്ച എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഏറ്റവും മികച്ച സ്റ്റാള്‍ ഒരുക്കിയ സര്‍ക്കാര്‍ വകുപ്പിനുള്ള ബഹുമതി കേരള പോലീസിന്. മറൈന്‍ഡ്രൈവില്‍ നടന്ന സമാപനച്ചടങ്ങില്‍ വ്യവസായമന്ത്രി പി.രാജീവ്, പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടറും പ്രദർശനത്തിന്റെ പോലീസ് നോഡല്‍ ഓഫീസറുമായ വി.പി.പ്രമോദ് കുമാറിനും സംഘത്തിനും ട്രോഫി സമ്മാനിച്ചു.
മറൈന്‍ ഡ്രൈവിലെ പവലിയനില്‍ 1200 ചതുരശ്രയടി വലുപ്പത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്താണ് കേരള പോലീസിന്‍റെ സ്റ്റാളുകള്‍ സജ്ജീകരിച്ചത്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കു പ്രത്യേകം പ്രാധാന്യം നല്‍കിയാണ് സ്റ്റാളുകള്‍ ക്രമീകരിച്ചത്.
വനിതകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സ്വരക്ഷയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വനിത സ്വയം പ്രതിരോധ പരിപാടി സ്റ്റാളില്‍ പ്രത്യേക പ്രാധാന്യത്തോടെ അവതരിപ്പിക്കുകയുണ്ടായി. എറണാകുളം സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലെ വനിതാ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പ്രതിരോധ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്.
വനിതകള്‍ക്ക് വേണ്ടി തയ്യാറാക്കിയ നിര്‍ഭയം മൊബൈല്‍ ആപ്പ്, പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പ്, വിവിധ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ എന്നിവ കാണികള്‍ക്ക് പരിചയപ്പെടുത്തി. പോലീസിന്‍റെ വിവിധതരം തോക്കുകളും ആയുധങ്ങളും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. പോലീസിന്‍റെ വയര്‍ലസ് സംവിധാനങ്ങള്‍ ഉപയോഗിച്ചുനോക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.
ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് വിശകലനം ചെയ്യുന്ന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ പ്രവര്‍ത്തനം ഏറെ പേര്‍ക്ക് അത്ഭുതമായി.സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റിന്‍റെ വിവിധ പദ്ധതികളായ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, ചിരി ഹെല്‍പ്പ് ലൈന്‍, ഹോപ്പ് പദ്ധതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കി.
കേരള പോലീസിന്‍റെ ശ്വാനവിഭാഗമായ കെ9 സ്ക്വാഡ് അവതരിപ്പിച്ച കേസന്വേഷണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ഏറെ ആകര്‍ഷകമായി.പോലീസിന്‍റെ സ്റ്റാളുകളും മറ്റു ക്രമീകരണങ്ങളും ഏകോപിപ്പിച്ചത് സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ആണ്