Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/04/2023)

കോവിഡ്- 19 ഏറ്റവും പുതിയ വിവരങ്ങൾ
രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ   കീഴിൽ ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 686 ഡോസുകൾ നൽകി
രാജ്യത്തെ  സജീവ കേസുകളുടെ എണ്ണം നിലവിൽ  20,219 ആണ്
സജീവ കേസുകൾ 0.05% ആണ്.
രോഗമുക്തി  നിരക്ക് നിലവിൽ 98.76%  ആണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  1,800 പേർക്ക്  രോഗമുക്തി ;  മൊത്തം രോഗമുക്തർ  4,41,75,135
 ആയി വർധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,641   പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്
പ്രതിദിന രോഗ സ്ഥിരീകരണ  നിരക്ക് ((6.12%)
പ്രതിവാര  സ്ഥിരീകരണ നിരക്ക് (2.45%)
ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.18 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  1,43,364 പരിശോധനകൾ നടത്തി.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൽക്കരി ഉൽപ്പാദനം
ന്യൂഡൽഹി ഏപ്രിൽ 03, 2023
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൽക്കരി ഉൽപ്പാദനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
കേന്ദ്ര കൽക്കരി ഖനി മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“സാമ്പത്തിക വളർച്ചയ്ക്കുള്ള  ഒരു പ്രധാന മേഖലയിൽ മികച്ച നേട്ടം.”
സിൽച്ചാറിലും പരിസര പ്രദേശങ്ങളിലും ‘ജീവിതം സുഗമമാക്കുന്ന’ വികസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
സിൽച്ചാറിലും പരിസര പ്രദേശങ്ങളിലും ‘ജീവിതം സുഗമമാക്കുന്ന’ വികസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഒരു ട്വീറ്റ് ത്രെഡിൽ, പാർലമെന്റ് അംഗം ഡോ. രാജ്ദീപ് റോയ് സിൽച്ചാറിന്റെ വികാസ് യാത്രയെക്കുറിച്ച് അറിയിച്ചു. വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യ സംരക്ഷണം, ജലവിതരണം, പരിസ്ഥിതി, ഗതാഗതം, താങ്ങാനാവുന്ന ഭവന ലഭ്യത, സുരക്ഷാ സുരക്ഷ, പൊതുസേവനം എന്നിവയാകട്ടെ, മേഖലയുടെ സാമ്പത്തിക ശേഷിക്കൊപ്പം ജീവിത നിലവാരവും മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സിജിഎച്ച്എസ് വെൽനസ് സെന്റർ, പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ), പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ  (പിഎംഎവൈ-ജി), സിൽച്ചാറിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതം സുഗമമാക്കുന്ന മറ്റ് വികസന സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പാർലമെന്റ് അംഗത്തിന്റെ ട്വീറ്റ് ത്രെഡുകൾക്ക് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“വികസനത്തിന്റെ ഫലങ്ങൾ സിൽച്ചാറിലും പരിസര പ്രദേശങ്ങളിലും ‘ജീവിതം സുഗമാമാക്കുന്നു’ എന്നതിൽ സന്തോഷമുണ്ട്.”
സ്ത്രീകളുടെ പരിഗണനയ്ക്കും ശാക്തീകരണത്തിനും ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
സ്ത്രീകളുടെ പരിഗണനയ്ക്കും ശാക്തീകരണത്തിനും വേണ്ടി ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ പോസ്റ്റ് ആരംഭിച്ച “മഹിളാ സമ്മാൻ ബചത് പത്ര” ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും ശ്രീ മോദി പറഞ്ഞു.
മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾക്കായുള്ള ഗസറ്റ് വിജ്ഞാപനം 2023-ൽ ധനമന്ത്രാലയം പുറപ്പെടുവിച്ചു, ഇത് 1.59 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ ഉടനടി പ്രാബല്യത്തിൽ വരുത്തി. ‘ആസാദി കാ അമൃത് മഹോത്സവ്’ സ്മരണയ്ക്കായി 2023-24 ബജറ്റിൽ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതി, പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സാമ്പത്തിക ഉൾപ്പെടുത്തലിനും ശാക്തീകരണത്തിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്.
ഇന്ത്യ പോസ്റ്റിന്റെ ട്വീറ്റ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“സ്ത്രീകളെ ബഹുമാനിക്കാനും ശാക്തീകരിക്കാനും ഞങ്ങളുടെ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണ്, “മഹിളാ സമ്മാൻ ബചത് പത്ര” ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.
ജമ്മു കശ്മീർ മനോഹരമാണ്, തുലിപ് സീസണിൽ പ്രത്യേകിച്ചും വളരെയധികം : പ്രധാനമന്ത്രി
ജമ്മു കശ്മീർ മനോഹരമാണെന്നും അതിലും കൂടുതൽ തുലിപ് സീസണിലാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു..
ശ്രീനഗറിലെ ദാൽ തടാകത്തോട് ചേർന്നുള്ള സബർവാൻ റേഞ്ചിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന തുലിപ് ഗാർഡൻ പൂക്കുന്നതിനെക്കുറിച്ച് ശ്രീനഗർ ജില്ലാ ഭരണകൂടത്തിന്റെ ട്വീറ്റ് ത്രെഡുകൾക്ക് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ജമ്മു കശ്മീർ മനോഹരമാണ്;  തുലിപ് സീസണിൽ പ്രത്യേകിച്ചും വളരെയധികം.”
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വജ്രജൂബിലി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
 
“പ്രവർത്തനത്തിലൂടെയും കഴിവുകളിലൂടെയും സിബിഐ രാജ്യത്തെ സാധാരണ പൗരന്മാർക്കിടയിൽ വിശ്വാസം വളർത്തി”
 
“പ്രൊഫഷണലായതും കാര്യക്ഷമവുമായ സ്ഥാപനങ്ങളില്ലാതെ വികസിത ഭാരതം സാധ്യമല്ല”
 
“രാജ്യത്തെ അഴിമതിയിൽനിന്നു മോചിപ്പിക്കുക എന്നതാണു സിബിഐയുടെ പ്രധാന ഉത്തരവാദിത്വം”
 
“അഴിമതി സാധാരണ കുറ്റകൃത്യമല്ല; അതു പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു; മറ്റു നിരവധി കുറ്റകൃത്യങ്ങൾക്കു കാരണമാകുന്നു; നീതിയുടെയും ജനാധിപത്യത്തിന്റെയും പാതയിലെ ഏറ്റവും വലിയ തടസം അഴിമതിയാണ്”
 
“ജെഎഎം സംവിധാനം ഗുണഭോക്താക്കൾക്കു പൂർണ ആനുകൂല്യം ഉറപ്പാക്കുന്നു”
 
“രാജ്യത്ത് അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഇന്നു കുറവേതുമില്ല”
 
“അഴിമതിക്കാരെ ആരെയും വെറുതെ വിടരുത്. നമ്മുടെ പ്രയത്നങ്ങളിൽ അലംഭാവം പാടില്ല. ഇതാണു രാജ്യത്തിന്റെ ആഗ്രഹം; ഇതാണു നാട്ടുകാരുടെ ആഗ്രഹം. രാജ്യവും നിയമവും ഭരണഘടനയും നിങ്ങൾക്കൊപ്പമുണ്ട്”
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. 1963 ഏപ്രിൽ 1ന് കേന്ദ്രഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രമേയത്തിലൂടെയാണു സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത്.
പരിപാടിയോടനുബന്ധിച്ച്, വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, സിബിഐയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള സ്വർണ മെഡൽ എന്നിവയും പ്രധാനമന്ത്രി സമ്മാനിച്ചു. ഷില്ലോങ്, പുണെ, നാഗ്പുർ എന്നിവിടങ്ങളിൽ പുതുതായി നിർമിച്ച സിബിഐ ഓഫീസ് സമുച്ചയങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സിബിഐയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി തപാൽ സ്റ്റാമ്പും സ്മാരക നാണയവും പുറത്തിറക്കിയ പ്രധാനമന്ത്രി സിബിഐയുടെ ട്വിറ്റർ ഹാൻഡിലിനും തുടക്കമിട്ടു. സിബിഐയുടെ നവീകരിച്ച ഭരണനിർവഹണ സഹായഗ്രന്ഥം, ബാങ്ക് തട്ടിപ്പുകളെക്കുറിച്ചു പരാമർശിക്കുന്ന ഗ്രന്ഥം – കേസ് പഠനവും മനസിലാക്കലും, സിബിഐ കേസുകളിലെ സുപ്രീം കോടതി വിധികളുള്ള പുസ്തകം – നീതി തേടി, വിദേശത്തെ രഹസ്യാന്വേഷണവും തെളിവുകളും കൈമാറുന്നതിനുള്ള അന്താരാഷ്ട്ര പൊലീസ് സഹകരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകം എന്നിവയും അദ്ദേഹം പ്രകാശനം ചെയ്തു.
സിബിഐയുടെ വജ്രജൂബിലി ആഘോഷവേളയിൽ ഏവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയെന്ന നിലയിൽ സംഘടന 60 വർഷത്തെ യാത്ര പൂർത്തിയാക്കിയെന്നും പറഞ്ഞു. ഈ ആറു ദശാബ്ദങ്ങൾ സംഘടനയ്ക്ക് ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സിബിഐയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി വിധികളുടെ ശേഖരവും ഇന്നു പുറത്തിറക്കിയിട്ടുണ്ടെന്നും ഇതു സിബിഐയുടെ ചരിത്രത്തെക്കുറിച്ചുള്ള നേർക്കാഴ്ച നമുക്കു നൽകുമെന്നും പറഞ്ഞു. ചില നഗരങ്ങളിലെ പുതിയ ഓഫീസുകളോ ട്വിറ്റർ ഹാൻഡിലോ മറ്റു സൗകര്യങ്ങളോ എന്തുമാകട്ടെ ആകട്ടെ, അവയെല്ലാം സിബിഐയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “പ്രവർത്തനത്തിലൂടെയും കഴിവുകളിലൂടെയും സിബിഐ രാജ്യത്തെ സാധാരണ പൗരന്മാർക്കിടയിൽ വിശ്വാസം വളർത്തിയെടുത്തു” – പ്രധാനമന്ത്രി പറഞ്ഞു. ഇന്നും പരിഹരിക്കപ്പെടാത്ത കേസ് വരുമ്പോൾ, കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെടുന്ന പൊതുധാരണ ഉയർന്നുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ചില സമയങ്ങളിൽ നഗരങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നത‌ിനെ പ്രധാനമന്ത്രി ഉദാഹരണമാക്കി. പഞ്ചായത്തുതലത്തിൽ പോലും ഒരു പ്രശ്നം ഉയർന്നുവരുമ്പോൾ, പൗരന്മാർക്കിടയിൽ പരസ്പരമുള്ള ചർച്ചകൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “എല്ലാവരുടെയും ചുണ്ടിൽ സിബിഐയുടെ പേരുണ്ട്. ഇതു സത്യത്തിനും നീതിക്കുമായുള്ള ബ്രാൻഡ് പോലെയാണ്” – സാധാരണക്കാരുടെ വിശ്വാസം നേടിയെടുക്കുക എന്ന അസാധാരണമായ നേട്ടം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. 60 വർഷത്തെ ഈ യാത്രയിൽ സിബിഐയുമായി ബന്ധപ്പെട്ട ഏവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, സ്വയം നവീകരിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു. നിർദിഷ്ട ചിന്തൻ ശിവിർ, ഭൂതകാലത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് ഭാവി ആസൂത്രണം ചെയ്യണമെന്നും അമൃതകാലമെന്ന സുപ്രധാന സമയം കണക്കിലെടുത്ത് വികസിത ഭാരതം കൈവരിക്കാൻ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണലായതും കാര്യക്ഷമവുമായ സ്ഥാപനങ്ങളില്ലാതെ വികസിത ഭാരതം സാധ്യമല്ലെന്നും ഇതു സിബിഐയുടെ മേൽ വലിയ ഉത്തരവാദിത്വം ഏൽപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ അഴിമതിയിൽനിന്നു മുക്തമാക്കുക എന്നതാണു സിബിഐയുടെ പ്രധാന ഉത്തരവാദിത്വമെന്നു പ്രധാനമന്ത്രി പറഞ്ഞു. “അഴിമതി സാധാരണ കുറ്റകൃത്യമല്ല; അതു പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു; മറ്റു നിരവധി കുറ്റകൃത്യങ്ങൾക്കു കാരണമാകുന്നു; നീതിയുടെയും ജനാധിപത്യത്തിന്റെയും പാതയിലെ ഏറ്റവും വലിയ തടസം അഴിമതിയാണ്” – അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് സംവിധാനത്തിലെ അഴിമതി ജനാധിപത്യത്തെ തടസ്സപ്പെടുത്തുന്നുവെന്നും അത്തരം സാഹചര്യങ്ങളിൽ പ്രതിഭകളെ ഇല്ലായ്മചെയ്യുന്ന പ്രത്യേകതരം ആവാസവ്യവസ്ഥ തഴച്ചുവളരുന്നതിനാൽ യുവാക്കളുടെ സ്വപ്നങ്ങൾക്കാണ് പ്രധാനമായും പ്രതിസന്ധിയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി, സ്വജനപക്ഷപാതത്തെയും  കുടുംബവാഴ്ചയെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇതു രാജ്യത്തിന്റെ ശക്തിയെ ഇല്ലാതാക്കുകയും വികസനത്തെ ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിർഭാഗ്യവശാൽ, സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഇന്ത്യക്ക് അഴിമതിയുടെ പാരമ്പര്യം ലഭിച്ചുവെന്നു പറഞ്ഞ പ്രധാനമന്ത്രി, അത് നീക്കം ചെയ്യുന്നതിനുപകരം ചിലർ ഈ രോഗത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. ഒരു ദശകംമുമ്പു നടന്ന അഴിമതികളെക്കുറിച്ചും നിലവിലുള്ള ശിക്ഷാ വിധിയുടെ ബോധത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം വ്യവസ്ഥിതിയുടെ നാശത്തിലേക്കു നയിച്ചെന്നും നയപരമായ തളർച്ചയുടെ അന്തരീക്ഷം വികസനത്തെ നിശ്ചലമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
2014 ന് ശേഷം, വ്യവസ്ഥിതിയിൽ വിശ്വാസം വളർത്തുക എന്നതാണ് ഗവണ്മെന്റിന്റെ  മുൻഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഗവണ്മെന്റ് കള്ളപ്പണത്തിനും ബിനാമി സ്വത്തിനും എതിരെ ദൗത്യമെന്ന തരത്തിൽ നടപടിയെടുക്കാൻ തുടങ്ങി. അഴിമതിക്കാരെയും അഴിമതിക്കു പിന്നിലെ കാരണങ്ങളെയും തകർക്കാൻ തുടങ്ങി. ഗവണ്മെന്റ് ടെൻഡറുകൾ നൽകുന്ന പ്രക്രിയകളിൽ സുതാര്യത കൊണ്ടുവന്നതും 2ജി, 5ജി സ്പെക്ട്രം അനുവദിക്കലിലെ വ്യത്യാസവും അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലും വിലയ്ക്കുവാങ്ങൽ പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനാണ് ജിഇഎം (ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലേസ്) പോർട്ടൽ സ്ഥാപിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ഇന്റർനെറ്റ് ബാങ്കിങ്ങും യുപിഐയും മുമ്പത്തെ ‘ഫോൺ ബാങ്കിങ്’ ബുദ്ധിമുട്ടിൽനിന്നു തികച്ചും വ്യത്യസ്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കിങ് മേഖലയ്ക്കു സ്ഥിരത കൊണ്ടുവരാനുള്ള സമീപ വർഷങ്ങളിലെ ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികളുടെ 20,000 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സഹായിച്ച ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ടിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.
ഗവണ്മെന്റിന്റെ ഖജനാവ് കൊള്ളയടിക്കാനുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള വഴികളിലൊന്നിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സഹായം കൊള്ളയടിക്കുന്ന തലംവരെ അഴിമതിക്കാർ പോകുമെന്നു ചൂണ്ടിക്കാട്ടി. റേഷനോ വീടോ സ്കോളർഷിപ്പോ പെൻഷനോ മറ്റേതെങ്കിലും ഗവണ്മെന്റ് പദ്ധതിയോ ആകട്ടെ, ഓരോ തവണയും യഥാർഥ ഗുണഭോക്താവ‌ിന് താൻ വഞ്ചിക്കപ്പെട്ടതായി അനുഭവപ്പെട്ടിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഒരു പ്രധാനമന്ത്രി പോലും ഒരിക്കൽ പറഞ്ഞത് പാവപ്പെട്ടവർക്ക് അയക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമേ അവരിലേക്ക് എത്തുന്നുള്ളൂ എന്നാണ്” – ശ്രീ മോദി പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗവണ്മെന്റ് ഇതുവരെ 27 ലക്ഷം കോടി രൂപ ദരിദ്രർക്കായി കൈമാറിയിട്ടുണ്ടെന്നും ഒരു രൂപ 15 പൈസ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നെങ്കിൽ ഇതിനകം 16 ലക്ഷം കോടി രൂപ അപ്രത്യക്ഷമായേനെയെന്നും ചൂണ്ടിക്കാട്ടി. 8 കോടിയിലധികം വ്യാജ ഗുണഭോക്താക്കളെ സംവിധാനത്തിൽനിന്ന് നീക്കം ചെയ്ത ജൻധൻ-ആധാർ-മൊബൈൽ സംവിധാനത്തിലൂടെ ഗുണഭോക്താക്കൾക്ക് അവരുടെ മുഴുവൻ അവകാശവും ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  “നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ, രാജ്യത്തിന്റെ ഏകദേശം 2.25 ലക്ഷം കോടി രൂപ തെറ്റായ കൈകളിലേക്ക് പോകുന്നത് ‌‌ഒഴിവാക്കാൻ കഴിഞ്ഞു” – പ്രധാനമന്ത്രി പറഞ്ഞു.
അഭിമുഖത്തിന്റെ പേരിലുള്ള നിയമനങ്ങളിലെ അഴിമതി പ്രധാനമന്ത്രി അനുസ്മരിച്ചു. അതുകൊണ്ടാണ് കേന്ദ്രത്തിലെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി സേവനങ്ങളിൽ അഭിമുഖം നിർത്തലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, യൂറിയയുമായി ബന്ധപ്പെട്ട അഴിമതികൾ യൂറിയയിലെ വേപ്പെണ്ണ പൂശല‌ിലൂടെയാണ് കൈകാര്യം ചെയ്തത്. പ്രതിരോധ ഇടപാടിൽ വർധിച്ചുവരുന്ന സുതാര്യതയെക്കുറിച്ചും പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്ത ഭാരതത്തിന് ഊന്നൽ നൽകുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
കുറ്റവാളിയെ ശിക്ഷിക്കുന്നതിലെ കാലതാമസം, നിരപരാധികളെ ഉപദ്രവിക്കൽ തുടങ്ങിയ അന്വേഷണത്തിലെ കാലതാമസം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. അഴിമതിക്കാരെ വേഗത്തിൽ ഉത്തരവാദികളാക്കുന്നതിനുള്ള വഴി കണ്ടെത്തുന്നതിന് ഈ പ്രക്രിയ വേഗത്തിലാക്കേണ്ടതിന്റെയും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾ സ്വീകരിക്കേണ്ടതിന്റെയും ഉദ്യോഗസ്ഥരുടെ ശേഷി വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഇന്ന് കുറവേതുമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അഴിമതിക്കാർ എത്ര ശക്തരെങ്കിലും അവർക്കെതിരെ മടിയേതുമില്ലാതെ നടപടിയെടുക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അഴിമതിക്കാരുടെ അധികാരത്തിന്റെ ചരിത്രവും അന്വേഷണ ഏജൻസികളെ കളങ്കപ്പെടുത്താൻ അവർ സൃഷ്ടിച്ച ആവാസവ്യവസ്ഥയും കണ്ട് പിന്തിരിയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ഇത്തരക്കാർ നിങ്ങളെ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കും. പക്ഷേ നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അഴിമതിക്കാരെ ആരെയും വെറുതെ വിടരുത്. നമ്മുടെ പ്രയത്നങ്ങളിൽ അലംഭാവം പാടില്ല. ഇതാണ് രാജ്യത്തിന്റെ ആഗ്രഹം, ഇതാണ് നാട്ടുകാരുടെ ആഗ്രഹം. രാജ്യവും നിയമവും ഭരണഘടനയും നിങ്ങളോടൊപ്പമുണ്ട്” – പ്രധാനമന്ത്രി പറഞ്ഞു.
മെച്ചപ്പെട്ട ഫലങ്ങൾക്കായി വിവിധ ഏജൻസികൾ തമ്മിലുള്ള പ്രതിബന്ധങ്ങൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നൽ നൽകി. പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷത്തിൽ മാത്രമേ സംയുക്തവും ബഹുമുഖവുമായ അന്വേഷണം സാധ്യമാകൂ എന്ന് അദ്ദേഹം ആവർത്തിച്ചു. അന്താരാഷ്ട്ര ഇടപാടുകളെക്കുറിച്ചും, ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്ത് പോലും വലിയ തോതിലുള്ള ജനങ്ങൾ, ചരക്ക്, സേവനങ്ങൾ എന്നിവയുടെ സഞ്ചാരത്തെക്കുറിച്ചും പരാമർശിക്കവേ, ഇന്ത്യയുടെ സാമ്പത്തിക ശക്തി വളരുകയാണെന്നും ഒപ്പം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നവരും വർധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമൂഹിക ഘടന, ഐക്യം, സാഹോദര്യം, സാമ്പത്തിക താൽപ്പര്യങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങൾ വർധിക്കുമെന്നു പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. “അഴിമതിപ്പണം ഇതിനായി ചെലവഴിക്കും” – കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും ബഹുരാഷ്ട്ര സ്വഭാവം മനസിലാക്കുകയും പഠിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ ഫോറൻസിക് സയൻസിന്റെ ഉപയോഗം കൂടുതൽ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി കുറ്റകൃത്യങ്ങൾ ആഗോളമായി മാറിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അതൊരു പരിഹാരമാണെന്നും ചൂണ്ടിക്കാട്ടി.
സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നൂതനമായ സമീപനത്തിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. സാങ്കേതികവിദ്യ പ്രാപ്തമാക്കിയ സംരംഭകരെയും യുവാക്കളെയും ബന്ധ‌ിപ്പിക്കാനും വകുപ്പിലെ സാങ്കേതിക വിദഗ്ധരായ യുവ ഉദ്യോഗസ്ഥരെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനും അദ്ദേഹം നിർദേശിച്ചു. ബ്യൂറോയിലെ നിർത്തലാക്കാൻ കഴിയുന്ന 75 പ്രക്രിയകളും സംവിധാനങ്ങളും സമാഹരിച്ചതിന് അദ്ദേഹം സിബിഐയെ അഭിനന്ദിക്കുകയും ഇക്കാര്യത്തിൽ സമയബന്ധിതമായി പ്രവർത്തിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. സ്ഥാപനത്തിന്റെ പരിണാമ പ്രക്രിയ അക്ഷീണം തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര പഴ്സണൽ, പബ്ലിക് ഗ്രീവൻസ് & പെൻഷൻ മന്ത്രാലയ സഹമന്ത്രി ശ്രീ ജിതേന്ദ്ര സിങ്, പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ, സിബിഐ ഡയറക്ടർ ശ്രീ സുബോധ് കുമാർ ജയ്‌സ്വാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ രണ്ടാം ജി20 എംപവർ യോഗം 2023 ഏപ്രിൽ 4 മുതൽ 6 വരെ തിരുവനന്തപുരത്ത്
 
“സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദം” എന്നതാണ് യോഗത്തിന്റെ പ്രമേയം
 
ഏപ്രിൽ 4ന് അനുബന്ധ പരിപാടികൾ പാനൽ ചർച്ചകളുടെ രൂപത്തിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ഏറ്റെടുക്കും
 
‘സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുക: 25×25 ബ്രിസ്‌‌ബെയ്ൻ ലക്ഷ്യങ്ങളിലേക്ക്’ എന്ന വിഷയത്തിലെ സമ്മേളനത്തോടെ ഏപ്രിൽ 5ന് യോഗത്തിനു തുടക്കമാകും
 
ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി ഡോ. മുഞ്ജ്പര മഹേന്ദ്രഭായി പങ്കെടുക്കും
 
‘സ്കൂളിൽനിന്നു ജോലിയിലേക്ക്’ പരിവർത്തനങ്ങളും തൊഴിൽ സാധ്യതകളും പ്രാപ്തമാക്കൽ; കെയർ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനു പ്രാപ്തമാക്കുന്ന അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപം; സ്ത്രീശാക്തീകരണത്തിനായി കോർപ്പറേറ്റ് സംസ്കാരം മുന്നോട്ടുകൊണ്ടുപോകൽ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും
 
ഏപ്രിൽ 6നു നടക്കുന്ന സമാപന സമ്മേളനം പ്രധാന അനന്തരഫലങ്ങൾ തിരിച്ചറിയുന്നതിലും സമവായത്തിലെത്തിയ ആശയങ്ങളിൽ ജി20 എംപവർ മുൻഗണനകളിലുടനീളം പ്രവർത്തനങ്ങൾ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും
 
വിവിധ സെഷനുകളിലെ പ്രമേയാധിഷ്ഠിത ചർച്ചകളും ആലോചനകളും ജി20 എംപവർ വിജ്ഞാപനത്തിൽ പ്രതിഫലിക്കുകയും ജി20 നേതാക്കൾക്കുള്ള ശുപാർശകളായി നൽകുകയും ചെയ്യും.
സ്ത്രീശാക്തീകരണം എന്നതു സാമൂഹ്യനീതിയുടെ മാത്രം പ്രശ്നമല്ല. അതു സാമ്പത്തിക അനിവാര്യത കൂടിയാണ്. ലോക ജിഡിപിയുടെ 80 ശതമാനത്തിലേറെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ 60 ശതമാനവും പ്രതിനിധാനം ചെയ്യുന്നതാണു ജി20 അംഗങ്ങൾ. ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രധാന പങ്കു കണക്കിലെടുക്കുമ്പോൾ, ഭാവിയിലെ ആഗോള സാമ്പത്തിക വളർച്ചയും സമൃദ്ധിയും സുരക്ഷിതമാക്കുന്നതിൽ ജി20 തന്ത്രപരമായ പങ്കു വഹിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമുള്ള വലിയ സാധ്യതയും ഇതിനുണ്ട്.
സ്ത്രീകളുടെ സാമ്പത്തിക പ്രാതിനിധ്യത്തിന്റെ ശാക്തീകരണത്തിനും പുരോഗതിക്കും വേണ്ടിയുള്ള ജി 20 സഖ്യം (Alliance for the Empowerment and Progression of Women’s Economic Representation-എംപവർ) സ്വകാര്യ മേഖലയിൽ വനിതാനേതൃത്വവും ശാക്തീകരണവും ത്വരിതപ്പെടുത്താൻ ലക്ഷ്യമിടുന്ന വ്യവസായ നേതൃത്വത്തിന്റെയും ഗവണ്മെന്റുകളുടെയും സഖ്യമാണ്. ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിലുള്ള ജി20 എംപവർ 2023 ലക്ഷ്യമിടുന്നത് ഇന്ത്യയുടെ വന‌ിതാനേതൃത്വത്തിലുള്ള വികസന കാര്യപരിപാടി മുന്നോടുകൊണ്ടുപോകുന്നതിനാണ്.
ഫെബ്രുവരി 11നും 12നും ഉത്തർപ്രദേശിലെ ആഗ്രയിലാണ് ജി20 എംപവറിന്റെ ആദ്യയോഗം ചേർന്നത്. രണ്ടാം യോഗം 2023 ഏപ്രിൽ 4 മുതൽ 6 വരെ തിരുവനന്തപുരത്തു നടക്കും.
“സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദം” എന്നതാണ് രണ്ടാം ജി20 എംപവർ യോഗത്തിന്റെ പ്രമേയം. ഇന്ത്യയുടെ ജി20 അധ്യക്ഷപദം സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലേക്കു പരിവർത്തനാത്മകമായ മാറ്റങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നവിധം സമഗ്രവും തുല്യവും അഭിലാഷപൂർണവും നിർണായകവും പ്രവർത്തനാധിഷ്ഠിതവുമാണ്. മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീശാക്തീകരണത്തിൽ ഇന്നു രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിർണായക ഘട്ടത്തിലും ഉചിതമായ സമയത്തുമാണ് ഇന്ത്യയുടെ ജി 20 അധ്യക്ഷപദം വന്നിരിക്കുന്നത്. ജി20 എംപവർ 2023ന്റെ മുൻഗണനാ മേഖലകൾ, സ്ത്രീശാക്തീകരണം ത്വരിതപ്പെടുത്തുന്നതിനു ജി20 എംപവർ സഖ്യത്തിനു കീഴിൽ മുൻ അധ്യക്ഷരുടെ കാലത്തു നടത്തിയ ശ്രമങ്ങൾ എന്നിവ തിരുവനന്തപുരത്തു നടക്കുന്ന രണ്ടാം എംപവർ യോഗത്തിനു കീഴിൽ മുന്നോട്ടു കൊണ്ടുപോകുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രി ഡോ. മുഞ്ജ്പര മഹേന്ദ്രഭായി, ജി20 എംപവർ 2023ന്റെ അധ്യക്ഷ ഡോ. സംഗീത റെഡ്ഡി എന്നിവർ യോഗത്തിൽ പങ്കെടുത്തു സദസിനെ അഭിസംബോധന ചെയ്യും. കേന്ദ്ര വനിതാ-ശിശു വികസന സെക്രട്ടറി ശ്രീ ഇന്ദീവർ പാണ്ഡേയും ജി20 സെക്രട്ടറിയറ്റിലെയും കേന്ദ്ര-കേരള ഗവണ്മെന്റുകളി‌ലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുക: 25×25 ബ്രിസ്‌ബെയ്ൻ ലക്ഷ്യങ്ങളിലേക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ട സമ്മേളനത്തോടെ ജി20 എംപവർ രണ്ടാം യോഗത്തിനു തുടക്കമാകും. തുടർന്നു പാനൽ ചർച്ചകൾ നടക്കും. മാർഗദർശനം, ശേഷിവർധന എന്നിവയിലൂടെ വനിതാസംരംഭകത്വം മെച്ചപ്പെടുത്തുക; വിപണിപ്രവേശനവും ധനസഹായവും; വ്യവസായം മെച്ചപ്പെടുത്തുന്നതിൽ സ്റ്റെം വിദ്യാഭ്യാസത്തിന്റെയും നവീകരണത്തിന്റെയും പങ്ക്; അടിത്തട്ടിൽ ഉൾപ്പെടെ എല്ലാ തലങ്ങളിലും നേതൃത്വം പ്രാപ്തമാക്കൽ; സ്ത്രീശാക്തീകരണത്തിനായുള്ള മാനസികവും പ്രതിരോധാത്മകവുമായ ആരോഗ്യം ഉൾപ്പെടെയുള്ള സമഗ്ര ക്ഷേമം; വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനും വ്യാപ്തിക്കും ഡിജിറ്റൽ മുന്നേറ്റത്തിനും ആജീവനാന്ത പഠനത്തിനുമുള്ള നിക്ഷേപം വർധിപ്പിക്കൽ; ശാസ്ത്രീയവും പാരമ്പര്യേതരവുമായ തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തൽ തുടങ്ങിയവയാണ് ഈ ചർച്ചകൾകൊണ്ട് ഉദ്ദേശിക്കുന്നത്.
‘സ്കൂളിൽനിന്നു ജോലിയിലേക്ക്’ പരിവർത്തനങ്ങളും കരിയർ വികസന അവസരങ്ങളും പ്രാപ്തമാക്കൽ; കെയർ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനു പ്രാപ്തമാക്കുന്ന അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപം; സ്ത്രീശാക്തീകരണത്തിനായി കോർപ്പറേറ്റ് സംസ്കാരം മുന്നോട്ടുകൊണ്ടുപോകൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ പാനൽ ചർച്ചകളുടെ രൂപത്തിൽ ഏപ്രിൽ 4നു നടക്കുന്ന അനുബന്ധപരിപാടികൾ ഏറ്റെടുക്കും.
തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, കയർ എന്നിവയുടെ കൃഷിയിലും ഉൽപ്പാദനത്തിലും സ്ത്രീകളുടെ പങ്കാളിത്തം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള എഫ്‌പ‌ിഒകളുടെ പ്രവർത്തനങ്ങൾ, സ്ത്രീകൾ രൂപകൽപ്പന ചെയ്ത നാടൻ കളിപ്പാട്ടങ്ങൾ, കൈത്തറി, കരകൗശല വസ്തുക്കൾ, ആയുർവേദ – സൗഖ്യ ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി രൂപകല്പനചെയ്തു തയ്യാറാക്കിയ പ്രദർശനവും പ്രധാന പരിപാടിയോടൊപ്പം സംഘടിപ്പിക്കും. പ്രേക്ഷകർക്ക് അതിമനോഹരമായ അനുഭവമേകുന്ന ഡിജിറ്റൽ സവിശേഷതകൾ പ്രദർശനത്തിലുണ്ടാകും.
സമ്മേളനങ്ങൾക്കു പുറമേ, കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി) സന്ദർശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതു പ്രതിനിധികൾക്ക് ഇന്ത്യൻ കലകളും കരകൗശലവിദ്യയും പരിചയപ്പെടുത്തുകയും കരകൗശല വിദഗ്ധരുമായി സംവദിക്കാൻ അവസരമൊരുക്കുകയും ചെയ്യും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള ആകർഷകമായ കാഴ്ചകൾ സമ്മാനിക്കുന്ന സാംസ്കാരിക പരിപാടികൾ വൈകുന്നേരങ്ങളിൽ സംഘടിപ്പിക്കും. ഇന്ത്യയുടെ പരമ്പരാഗത രീതികളും മികച്ച പാചകരീതികളും അനുഭവിക്കുന്നതിനായി പ്രാദേശിക പാചകരീതികളും ചെറുധാന്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭക്ഷണവും പരിപാടികളിൽ വിളമ്പും.
സമാപന സമ്മേളനം പ്രധാന അനന്തരഫലങ്ങൾ തിരിച്ചറിയുന്നതിലും സമവായത്തിലെത്തിയ ആശയങ്ങളിൽ ജി20 എംപവർ മുൻഗണനകളിലുടനീളം പ്രവർത്തനങ്ങൾ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ജി20 എംപവർ ആദ്യ യോഗത്തിന്റെ സമാപന സമ്മേളനം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലുള്ള കൂട്ടായ വിശ്വാസം ആവർത്തിക്കുകയും,  ലിംഗപരമായ അന്തരം നികത്താൻ 132 വർഷമെടുക്കുമെന്ന അനുമാനം (ലോക സാമ്പത്തിക ഫോറം 2022)  സഖ്യത്തിന്റെ അടിയന്തരവും നിശ്ചയദാർഢ്യമുള്ളതും ധീരവും പരിവർത്താനത്മകവുമായ നടപടികളിലൂടെ അസാധുവാക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.
വിവിധ സെഷനുകളിലെ പ്രമേയാധിഷ്ഠിത ചർച്ചകളും ആലോചനകളും ജി20 എംപവർ വിജ്ഞാപനത്തിൽ പ്രതിഫലിക്കുകയും ജി20 നേതാക്കൾക്കുള്ള ശുപാർശകളായി നൽകുകയും ചെയ്യും. എല്ലാ അന്താരാഷ്ട്ര യോഗങ്ങളിലെയും പ്രധാന പരിപാടികളിൽനിന്നും അനുബന്ധ പരിപാടികളിൽനിന്നുമുള്ള ഫലങ്ങളിൽനിന്നുരുത്തിരിയുന്ന സമവായത്തിലെത്തിയ ആശയങ്ങൾ ജി20 എംപവർ 2023ന്റെ വിജ്ഞാപനത്തിന്റെ ഭാഗമാകും.
മെച്ചപ്പെട്ട നാളെ കൈവരിക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായി സ്ത്രീകളെ പ്രതിഷ്ഠിക്കുമ്പോൾതന്നെ സാമ്പത്തിക അഭിവൃദ്ധിയിലേക്കുള്ള വികസനത്തിന്റെ അടുത്ത ഘട്ടത്തിനുള്ള കാര്യപരിപാടി നിശ്ചയിക്കുന്നതിൽ ജി20 എംപവറിനു നിർണായക പങ്കുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നു.
ആഗ്രയിൽ നടന്ന എംപവർ ആദ്യയോഗത്തിൽ കേന്ദ്ര വനിതാ-ശിശുവികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി പറഞ്ഞതിങ്ങനെ :
“നിങ്ങളുടെ ഭാവി ശരിയായ തലത്തിലായിരിക്കണമെന്നു നിങ്ങൾ ആഗ്രഹ‌ിക്കുന്നണ്ടെങ്കിൽ, ഭാവിയിലേക്കു തയ്യാറാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കി‌ൽ, സ്ത്രീകളാണ് എന്തിന്റെയും കേന്ദ്രസ്ഥാനത്ത് എന്നും നിങ്ങളുടെ തീരുമാനത്തിന്റെ കേന്ദ്രം സ്ത്രീകളാണെന്നും ഉറപ്പാക്കുക”
error: Content is protected !!