konnivartha.com : പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് പുണ്യ റംദാന്‍റെ വിശുദ്ധിയുടെയും ഭക്തിയുടെയും നിറവിൽ മങ്കഫ് ഡിലൈറ്റ്സ് ഹാളിൽ ഈദ് – ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു.
ജനറൽ കൺവീനർ ബൈജു കിളിമാനൂരിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ, പ്രതീക്ഷ ഫാഹീൽ യൂണിറ്റ് സെക്രട്ടറി രാജി സുജിത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സാഹിത്യകാരനും കുവൈറ്റ് ഇസ്ലാമിക് കൗൺസിൽ ഫഹീൽ മേഖലാ സെക്രട്ടറിയുമായ ഇസ്മയിൽ വള്ളിയോത്ത് ആത്മീയ പ്രഭാഷണം നടത്തി.
മനുഷ്യനിൽ സാഹോദര്യത്തിന്റെയും, സഹവർത്തിത്വത്തിന്റെയും പ്രാധാന്യം അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് റമദാൻ നാളുകളിൽ നാം അനുവർത്തിക്കുന്ന സാഹോദര്യം മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തും ഊർജ്ജവും പ്രദാനം ചെയ്യുന്ന ഉൾപ്രേരകങ്ങളായി മാറണമെന്ന് റമദാൻ സന്ദേശത്തിൽ മുഖ്യപ്രഭാഷകനായ ഇസ്മയിൽ വള്ളിയോത്ത് ഉദ്ബോധിപ്പിച്ചു.
കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ പ്രസിഡൻറ് സക്കീർ പുത്തൻപാലം, പ്രതീക്ഷാ രക്ഷാധികാരി മനോജ് കോന്നി, ആക്ടിങ് പ്രസിഡൻറ് ബിജു വായ്പൂർ, ജനറൽ സെക്രട്ടറി ജ്യോതി പാർവതി എന്നിവർ സംസാരിച്ചു , ട്രഷറർ ബിനോയി ബാബു നന്ദിയും പറഞ്ഞു .
തുടർന്ന് കുവൈറ്റിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയായ ശാന്തി സജിയെ മെമെന്റോ നൽകി ആദരിക്കുകയും, പ്രതീക്ഷ അംഗമായ സുനിലിന് ചികിത്സാസഹായവും കൈമാറി. പ്രതീക്ഷ കുവൈറ്റിന്‍റെ വിവിധ യൂണിറ്റുകളിൽ നിന്നുമായി 200 പരം പ്രവർത്തകർ പങ്കെടുത്ത് ചടങ്ങ് പ്രൗഢഗംഭീരമാക്കി തീർത്തു