Trending Now

ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസിന് അംഗീകാരം

 

konnivartha.com : ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്‌സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കത്ത് ലഭിച്ചു. മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണിത്. മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളെ ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുതെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ക്ക് 100 എംബിബിഎസ് സീറ്റുകള്‍ക്ക് വീതം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ യുഡിഎഫിന്റെ കാലത്ത് അനുമതി നഷ്ടപ്പെടുമ്പോള്‍ 50 എംബിബിഎസ് സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ 100 സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ സാധിച്ചിരുന്നു. രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിച്ച സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.

ഈ സര്‍ക്കാരിന്റെ കാലത്ത് കോന്നി മെഡിക്കല്‍ കോളേജില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സാധ്യമാക്കിയത്. 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി എന്നിവയുടെ നിര്‍മ്മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിര്‍മ്മാണം ആരംഭിച്ചു. 5 കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്‌കാന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ആധുനിക ലേബര്‍റൂം നിര്‍മ്മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി ലഭ്യമാക്കി.

ഇടുക്കി മെഡിക്കല്‍ കോളേജിലൂടെ ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാമെന്ന ഉറപ്പിന്മേല്‍ രണ്ട് ബാച്ചില്‍ 50 വിദ്യാര്‍ത്ഥികളെ വീതം 2014ലും 15ലുമായി പ്രവേശിപ്പിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ആദ്യ പരിശോധനയില്‍ തന്നെ അംഗീകാരം നഷ്ടമായിരുന്നു. മതിയായ കിടക്കകളുള്ള ആശുപത്രിയും ലാബ് സൗകര്യങ്ങളും ഹോസ്റ്റല്‍ സൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും ഒരുക്കിയിട്ടാണ് ഈ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

error: Content is protected !!