Trending Now

പൂങ്കാവിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിൽ തർക്കം, ജീവനക്കാർക്ക് മർദ്ദനമേറ്റു; ഒരാൾ കസ്റ്റഡിയിൽ

 

konnivartha.com : പെട്രോൾ പമ്പിൽ നാലംഗ സംഘത്തിന്റെ അതിക്രമം. ഇന്ധനം നിറയ്ക്കുന്നത് വൈകിയെന്നാരോപിച്ച് ജീവനക്കാരെ മർദ്ദിച്ചു. സംഭവത്തിൽ പ്രമാടം സ്വദേശി കെ എസ് ആരോമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമി സംഘത്തിലുണ്ടായിരുന്ന ഒരാൾ പമ്പിൽ പെട്രോൾ അടിക്കാനെത്തി. പമ്പിൽ കറന്റ് പോയതിനാൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. ജനറേറ്റർ ഓൺ ആയി വരാൻ രണ്ട് മിനിറ്റ് സമയം എടുക്കുമെന്ന് പമ്പ് ജീവനക്കാർ പറഞ്ഞതാണ് അക്രമി സംഘത്തെ ചൊടുപ്പിച്ചത്. ഗൂഗിൾ പേ വഴി പണം നൽകിയിട്ടും കാത്തിരിക്കണോ എന്ന് ആക്രോശിച്ചാണ് അക്രമികൾ ജീവനക്കാർക്ക് നേരെ തിരിഞ്ഞത്.

ആദ്യം ഒരു ജീവനക്കാരനെ തള്ളി താഴെയിട്ടു. ഇത് കണ്ട് ഓഫീസിൽ നിന്ന് ഇറങ്ങി വന്ന മാനേജരുടെ തലയക്കടിച്ചു. മറ്റൊരാളെ നിലത്തിട്ട് ചവിട്ടി. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെയും അക്രമി സംഘം തിരിഞ്ഞു. ഇതിനിടെ പമ്പ് ഉടമയാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തെരച്ചിലിലാണ് കെ എസ് ആരോമലിനെ കസ്റ്റഡിയിലെടുത്തത്. മാസങ്ങൾക്ക് മുമ്പ് ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് തട്ടുകട ഉടമയേയും മർദ്ദിച്ച കേസിലെ പ്രതിയാണ് ആരോമൽ. പൂങ്കാവിലും പ്രമാടത്തും പല ക്രിമിനൽ പ്രവർത്തികളിലും ഈ സംഘം ഏർപ്പെട്ടിട്ടുണ്ടെന്നനും നാട്ടുകാർ പറയുന്നു.

error: Content is protected !!