Trending Now

സംസ്ഥാന സെക്രട്ടറിയുടെ ജാഥയ്ക്ക് പോകാന്‍ അനധികൃത മണലൂറ്റുകാരനെ ഊറ്റാന്‍ നോക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത് സി.പി.എം

മണലുവാരലുകാരനെ ഭീഷണിപ്പെടുത്തിയ ലോക്കല്‍ സഖാവിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

കോഴഞ്ചേരി തോട്ടപ്പുഴശേരി ലോക്കല്‍ കമ്മറ്റിയംഗവും കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് കമ്മറ്റിയംഗവുമായ അരുണ്‍ മാത്യുവിനെയാണ് വ്യാഴാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗം സസ്‌പെന്‍ഡ് ചെയ്തത്. പമ്പ ആറ്റില്‍ നിന്നും  അനധികൃതമായി മണല്‍ വാരുന്നയാളെ വിളിച്ച്‌ 15,000 രൂപയാണ് ആവശ്യപ്പെട്ടത്. 3000 രൂപ നല്‍കാമെന്ന് മണല്‍വാരലുകാരന്‍ പറഞ്ഞപ്പോള്‍  ചോദിച്ച പണം കിട്ടിയില്ലെങ്കില്‍ പോലീസില്‍ പിടിപ്പിക്കുമെന്ന് അരുണ്‍മാത്യു ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. തൊട്ടുപിന്നാലെയാണ് ലോക്കല്‍ കമ്മറ്റി യോഗം ചേര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍, ജില്ലാ കമ്മറ്റി അംഗം ആര്‍.അജയകുമാര്‍, ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിന്‍, ലോക്കല്‍ കമ്മറ്റിസെക്രട്ടറി ടിം ടൈറ്റസ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

സംസ്ഥാന സെക്രട്ടറിയുടെ ജാഥ ജില്ലയില്‍ പ്രവേശിക്കും മുന്‍പ് പാര്‍ട്ടിക്ക്
പൊതു സമൂഹത്തിന് മുന്‍പില്‍ നാണക്കേട് ഉണ്ടായ പ്രശ്‌നത്തിന് പരിഹാരം
കാണണമെന്ന് ജില്ലാ നേതൃത്വം നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ പങ്കെടുത്ത് യോഗം നടത്തിയത്. അരുണ്‍ മാത്യുവിന്റെ ഫോണ്‍ സംഭാഷണം നാട്ടിലും ചര്‍ച്ച ആയെങ്കിലും സമാന പിരിവുകാരായ ഇതര രാഷ്ട്രീയകക്ഷി നേതാക്കള്‍ പ്രതികരിച്ചില്ല.

അശാസ്ത്രീയമായി മണല്‍ വാരല്‍ മൂലം മരണാവസ്ഥയിലായ പമ്പയിലെ  കടവുകളില്‍ നിന്നും വീണ്ടും വാരാന്‍ പണം ആവശ്യപ്പെട്ടതും സി.പി.എമ്മിന് നാണക്കേടായി. മണല്‍ വാരലിന്‍റെ  ദൂഷ്യഫലം ഏറെ അനുഭവിക്കുന്നവരാണ് തീരവാസികള്‍.

കോഴഞ്ചേരിയോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്താണ് തോട്ടപ്പുഴശേരി. പമ്പ  ഒഴുകുന്നത് പഞ്ചായത്തിലൂടെയാണ്. ഇവിടെ പണ്ട് മണല്‍ വാരിയിരുന്ന കടവുകള്‍ പഞ്ചായത്ത് പൂട്ടി സില്‍ ചെയ്തിരിക്കുകയാണ്. ആ പൂട്ട് താക്കോല്‍ ഉപയോഗിച്ച്‌ തുറന്നാണ് വാരിയ മണല്‍ കടത്തുന്നത് എന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്.

 

ബ്രാഞ്ച് സെക്രട്ടറി ചോദിക്കുന്നത് ഒരു ലോഡ് മണല്‍ സൈറ്റില്‍ കുത്തുമ്പോള്‍  ലഭിക്കുന്ന പണമാണ്. എന്നാല്‍, ഒരു ലോഡ് മണലിന് തങ്ങള്‍ക്ക് കിട്ടുന്നത് വെറും 4000 രൂപ മാത്രമാണെന്നാണ് വാരലുകാരന്‍ പറയുന്നത്. തങ്ങള്‍ കഷ്ടപ്പെട്ട് വാരി ചുമന്ന് കൊണ്ട് എത്തിക്കുന്നു. അതു കൊണ്ട് എല്ലാ വാരലുകാരും ചേര്‍ന്ന് മൂവായിരം രുപ തരാം. അതില്‍ കൂടുതല്‍ പറ്റില്ലെന്നും പറയുന്നു. ജാഥയില്‍ പങ്കെടുക്കാന്‍ ഒരു ബസ് പത്തനംതിട്ട പോകണമെങ്കില്‍ 5000 രൂപ കൊടുക്കണമെന്ന് സെക്രട്ടറി പറയുന്നു. അതു കൊണ്ട് 15,000 രൂപയില്‍ ഒരു പൈസ പോലും കുറയില്ലെന്നും പറയുന്നു.

3000 രൂപ എന്ന സംഭാവനയില്‍ ഉറച്ചു നില്‍ക്കുകയാണ് മണല്‍വാരലുകാരന്‍. തങ്ങള്‍ കെ.ജെ. രാജുവെന്ന സിപിഎം നേതാവിനോട് പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. രാജുവല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതൊക്കെ കഴിഞ്ഞ കാലമെന്ന് സഖാവിന്റെ മറുപടി. അരുണ്‍ ആണ് ബ്രാഞ്ച് സെക്രട്ടറി. സിപിഎമ്മിനെ വെല്ലുവിളിച്ച്‌ നിനക്കൊക്കെ മണല്‍ വാരാന്‍ കഴിയുമോ? നീയൊക്കെ എവിടുന്നൊക്കെ വാരുന്നുണ്ടെന്ന് എനിക്കറിയാം. ഒരു ലോഡ് മണലിന്റെ കാശ് വേണം. അല്ലെങ്കില്‍ പോലീസിനെ കൊണ്ട് നിന്നെയൊക്കെ പിടിപ്പിക്കും എന്നും അരുണ്‍ പറയുന്നുണ്ട്.

എന്നാല്‍, മണല്‍വാരലുകാരന് യാതൊരു കൂസലുമില്ല. നീയെന്താന്ന് വച്ചാല്‍ അങ്ങ് കാണിക്ക്. 4000 രൂപ ഒരു ലോഡ് മണലില്‍ കിട്ടും. പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് വാരുന്നത്. അത് കൊട്ടയിലാക്കി ചുമന്ന് വേണം ലോറിയില്‍ കൊണ്ടിടാന്‍. ഒരു ലോഡ് മണല്‍ ലോറിക്കാര്‍ വില്‍ക്കുന്നത് 12,000 രൂപയ്ക്കാണ്. എന്നും അയാള്‍ പറയുന്നു. നിങ്ങള്‍ക്ക് എത്ര കിട്ടുമെന്നൊക്കെ വ്യക്തമായി എനിക്കറിയാം. ലോറിക്കാരുടെ കൈയില്‍ നിന്ന് കൂടി വാങ്ങി 15,000 തരണം. അല്ലാത്ത പക്ഷം ഒരുത്തനെയും മണല്‍ വാരാന്‍ അനുവദിക്കില്ല. പോലീസില്‍ അറിയിക്കും. സഖാവിന്റെ വെല്ലുവിളി മണല്‍വാരലുകാരന്‍ തള്ളുന്നിടത്താണ് ഓഡിയോ അവസാനിക്കുന്നത്.

മണല്‍ വാരലിന് നിരോധനമുള്ള നദിയാണ് പമ്പ . പോലീസിനും സിപിഎം നേതാക്കള്‍ക്കും റവന്യൂ അധികൃതര്‍ക്കും പടി കൊടുത്താണ് മണല്‍ വാരല്‍ നടക്കുന്നതെന്നാണ് ഓഡിയോ ക്ലിപ്പില്‍ നിന്ന് പുറത്തു വരുന്നത്. എല്ലാവര്‍ക്കും പങ്കിട്ട് കഴിയുമ്പോള്‍  മണല്‍ വാരലുകാര്‍ക്ക് കിട്ടുന്നത് തുച്ഛമായ തുകയാണ്. അതു കൊണ്ടാണ് സഖാവ് ചോദിക്കുന്ന സംഭാവന നല്‍കാന്‍ കഴിയില്ലെന്ന് മണല്‍ വാരലുകാരന്‍ അറുത്തു മുറിച്ച്‌ പറയുന്നത്.