Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/02/2023)

ഭിന്നശേഷി അവകാശ നിയമം 2016: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള
ബോധവല്‍ക്കരണ ക്ലാസ് സംസ്ഥാനതല ഉദ്ഘാടനം 17ന്

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സഹകരണത്തോടെ ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17ന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ആരോഗ്യ, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലകളിലെയും സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ സ്വാഗതം ആശംസിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ മേനോന്‍ നന്ദി പറയും. ഉച്ചയ്ക്ക് 12 മുതല്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടക്കും.

2016ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ശരിയായ അവബോധം നല്‍കുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നീതിയും സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ നിയമത്തിലുള്ള അവബോധം സൃഷ്ടിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുന്നതിന് ഏറെ സഹായകമാകും.

 

പി.ആര്‍.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ഇന്നു (ഫെബ്രുവരി 15) കൂടി
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനല്‍ തയാറാക്കുക. അപേക്ഷകള്‍ ഇന്നു (ഫെബ്രുവരി 15)കൂടി careers.cdit.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദമായ വിജ്ഞാപനം www.prd.kerala.gov.incareers.cdit.org എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

ഓവര്‍സീയര്‍ ഒഴിവ്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിലവിലുള്ള ഓവര്‍സീയറുടെ താല്‍ക്കാലിക ഒഴിവിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബിടെക് പാസായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 27 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 04734 246031.

പെട്രോളിയം ഡീലര്‍മാര്‍ക്കുളള പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

പട്ടികജാതി വിഭാഗത്തില്‍പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍/എല്‍പിജി വില്‍പനശാലകള്‍ പ്രവര്‍ത്തന നിരതമാക്കുന്നതിന് പ്രവര്‍ത്തന മൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ പരിഗണിക്കുന്നതിനായി കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടയാളും  പൊതുമേഖലയിലുളള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ  അംഗീകൃത ഡീലറും ആയിരിക്കണം. അപേക്ഷകന്  സംരംഭം തുടങ്ങുന്നതിന്  ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്സ് രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം.  അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ് കവിയാന്‍ പാടില്ല. അപേക്ഷകനോ ഭാര്യയോ /ഭര്‍ത്താവോ/കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുളളവരായിരിക്കരുത്. അപേക്ഷകന്‍  വായ്പയ്ക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണം. സ്വന്തം മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെളളകടലാസില്‍ തയാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന  പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍ 20 എന്ന  വിലാസത്തില്‍  ലഭിക്കത്തക്കവണ്ണം അയച്ചു തരണം.

പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 17 ന്
കേരള മൃഗസംരക്ഷണവകുപ്പും ഓണാട്ടുകര വികസനസമിതിയും സംയുക്തമായി നടപ്പാക്കുന്ന ആനിമല്‍ റിസോഴ്സ് ഡെവലപ്മെന്റ് 2022 -23 മാതൃകാ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 17 ന് രാവിലെ ഒന്‍പതിന് പന്തളം കടയ്ക്കാട് കൃഷിഫാം അങ്കണത്തിലെ ഫാര്‍മേഴ്സ് ട്രെയ്നിംഗ് സെന്ററില്‍  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ്മന്ത്രി ചിഞ്ചുറാണി നിര്‍വഹിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് വിശിഷ്ടാതിഥിയാവും.

സെലക്ഷന്‍ ട്രയല്‍
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2023-2024 വര്‍ഷത്തെ അഞ്ചാം ക്ലാസ്, 11-ാം ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി  (എസ്.സി, എസ്.റ്റി വിഭാഗത്തിലുളളവര്‍ക്ക് മാത്രം) പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള  കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക്  മാര്‍ച്ച് അഞ്ചിന് രാവിലെ ഒന്‍പതിന് പത്തനംതിട്ട  മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. നിലവില്‍ നാല് , പത്ത്  ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തണം. അഞ്ചാം ക്ലാസിലെ പ്രവേശനം   ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11-ാം ക്ലാസിലെ പ്രവേശനം ജില്ലാ തലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്.  പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്തയും, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കു പ്രത്യേക ഹോസ്റ്റല്‍ സൗകര്യവും ഉണ്ടാകും.  മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.  സായി, സ്പോര്‍ട്സ് കൗണ്‍സില്‍ മുതലായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഉയര്‍ന്ന നിലവാരത്തിലുളള കായിക പരിശീലനത്തിന്  സൗകര്യമൊരുക്കും. ഫോണ്‍ : 0471 2381601, 7012831236.

കെ ടെറ്റ് പരീക്ഷ: പ്രമാണ പരിശോധന 16 മുതല്‍
ഒക്ടോബര്‍ 2022 വിജ്ഞാപന പ്രകാരം നടന്ന കെടെറ്റ് പരീക്ഷയില്‍  വിജയിച്ചവരുടെ  അസല്‍  പ്രമാണങ്ങളുടെ  പരിശോധന ഫെബ്രുവരി 16 മുതല്‍ 23 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  നടത്തും. അര്‍ഹരായ എല്ലാ പരീക്ഷാര്‍ഥികളും  അസല്‍ പ്രമാണങ്ങളും അവയുടെ പകര്‍പ്പും സഹിതം  ഹാജരാകണമെന്ന്  പത്തനംതിട്ട  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. കാറ്റഗറി ഒന്ന് – ഫെബ്രുവരി 16 ന്. കാറ്റഗറി രണ്ട് – ഫെബ്രുവരി 17, 20 തീയതികളില്‍. കാറ്റഗറി മൂന്ന് – ഫെബ്രുവരി 21, 22 തീയതികളില്‍.
കാറ്റഗറി നാല് – ഫെബ്രുവരി 23 ന്.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള മെക്കാനിക്കല്‍ വിഭാഗം  ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍  ഗസ്റ്റ്  അധ്യാപകരെ  നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തിലുളള  ഐ.റ്റി.ഐ/റ്റിഎച്ച്എസ് എല്‍ സി യാണ് യോഗ്യത.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐറ്റിഐ (വെല്‍ഡിംഗ്) / റ്റിഎച്ച്എസ്എല്‍സി  എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 21 ന്  രാവിലെ  10.30 ന്  വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.

കെടെറ്റ് പരീക്ഷ: പ്രമാണ പരിശോധന
പരീക്ഷ ഭവന്‍  2022 ഡിസംബറില്‍  നടത്തിയ കെടെറ്റ് പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിലുളള  സെന്ററായ എം.ജി.എം.എച്ച്.എസ്.എസില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ  യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ  അസല്‍ പരിശോധന ഫെബ്രുവരി 16, 17 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  നടത്തും. കാറ്റഗറി ഒന്ന് – ഫെബ്രുവരി 16 രാവിലെ 10 മുതല്‍ 12 വരെ.  കാറ്റഗറി രണ്ട് – ഫെബ്രുവരി 16 ന്   ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു വരെ.
കാറ്റഗറി മൂന്ന് – ഫെബ്രുവരി 17 ന് രാവിലെ  10 മുതല്‍ 12 വരെ.
കാറ്റഗറി നാല് – ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു വരെ.
സര്‍ട്ടിഫിക്കറ്റ് പരിശോധന വേളയില്‍ ഹാള്‍ടിക്കറ്റ്, മാര്‍ക്ക്  ലിസ്റ്റ് പ്രിന്റ്, എസ്.എസ്.എല്‍.സി മുതലുളള യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ  അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം. മാര്‍ക്കില്‍, യോഗ്യതയില്‍ ഇളവുളള പരീക്ഷാര്‍ഥികള്‍ അത് തെളിയിക്കുന്നതിനുളള  സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

 

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റിസ്
മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക്  അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. യോഗ്യത – ബിരുദം. ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള പിജിഡിസിഎ /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/തത്തുല്യം. പ്രായപരിധി: 19-26 വയസ്. സ്‌റ്റൈപന്‍ഡ് : 9000. താത്പര്യമുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഓരോ ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് ഏഴിന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം.  വിലാസം: ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍,  സംസ്ഥാന
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഓഫീസ്, ജനറല്‍ ഹോസ്പിറ്റലിന് എതിര്‍വശം, പത്തനംതിട്ട. ഫോണ്‍ : 0468 2223983.

ദര്‍ഘാസ്
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാര്‍ച്ച് ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയിതി ഫെബ്രുവരി 23 ന് വൈകുന്നേരം നാലിന്. ഫോണ്‍ : 0468-2214108.

രേഖകള്‍ ഹാജരാക്കണം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും 60 വയസ് പൂര്‍ത്തിയാക്കി റിട്ടയര്‍ ചെയ്ത, 2017 ഡിസംബര്‍ വരെ അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍, രേഖകള്‍ ഹാജരാക്കിയിട്ടില്ലാത്ത, ആനുകൂല്യം ലഭ്യമാകാത്ത അംഗങ്ങള്‍ ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സീറോ ബാലന്‍സ് അല്ലാത്ത സിംഗിള്‍ അക്കൗണ്ടുളള ബാങ്ക് പാസ്ബുക്ക്, സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പുകളും ഫോണ്‍ നമ്പറും കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പേരിലോ വിലാസത്തിലോ വ്യത്യാസമുളളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കണം. ഫോണ്‍ : 0468-2327415.

ടൂറിസം – റോഡ് നിര്‍മാണ ഉദ്ഘാടനങ്ങള്‍ മാറ്റി വച്ചു
വടശേരിക്കരയില്‍ ഫെബ്രുവരി 16 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ടൂറിസം – റോഡ് നിര്‍മാണ ഉദ്ഘാടനങ്ങള്‍ മാറ്റി വച്ചു.

 

അടൂര്‍ കോടതി സമുച്ചയം രണ്ടാംഘട്ടത്തിന്
7.17 കോടി രൂപയുടെ അനുമതിയായി: ഡെപ്യുട്ടി സ്പീക്കര്‍

അടൂര്‍ കോടതി സമുച്ചയം രണ്ടാംഘട്ടത്തിന് 7 കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ആഭ്യന്തരവകുപ്പിന്റെ തനത് ഫണ്ട് ഉപയോഗ്യമാക്കിയാണ് ഈ ഘട്ടവും നടപ്പിലാക്കുന്നത്.
9.81 കോടി രൂപ ചെലവിട്ട് അടൂര്‍ കോടതി സമുച്ചയത്തിന്റെ  ഒന്നാം ഘട്ടം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബഹുനില കെട്ടിടമായതിനാല്‍ ഈ സമുച്ചയത്തിന്റെ ഫയര്‍ ഫൈറ്റിംഗ് സംവിധാനവും കൂടി ക്രമീകരിക്കുന്നതിനുള്ള ചെലവിനായി ഒരു കോടി രൂപ ലഭ്യമാക്കുന്നതിന് ഭരണാനുമതിക്കായി ഫയല്‍ നടപടി നടന്നുവരികയാണ്. ഇതുകൂടി ക്രമീകരിച്ചെങ്കില്‍ മാത്രമേ ഒന്നാം ഘട്ടം ഉദ്ഘാടന സജ്ജമാവുകയുള്ളൂ എന്ന സാഹചര്യമാ യിരുന്നു നിലനിന്നത്.
എന്നാല്‍, രണ്ടാംഘട്ടത്തിനായി നല്‍കിയ പദ്ധതി  നിര്‍ദേശം അംഗീകരിച്ചു. 7.17 കോടിരൂപ ഇപ്പോള്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതോടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിനായി അധികമായി വേണ്ടുന്നതായ അടങ്കലിനായി കാത്തിരിക്കേണ്ടതില്ലെന്നും, എസ്റ്റിമേറ്റ് പരിഷ്‌കരിച്ച് പ്രസ്തുത ചെലവ് കൂടി  ഉള്‍പ്പെടുത്തി ഒന്നാം ഘട്ടവും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ നിര്‍വഹണ ചുമതലയുള്ള പൊതുമരാമത്ത് കെട്ടിട വിഭാഗം സാങ്കേതിക ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ ഒരു കോടതി സമുച്ചയമാണ് അടൂരില്‍ ഉയരുന്നതെന്നും  സമയബന്ധിതമായി ഈ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

error: Content is protected !!