Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍

മലയാലപ്പുഴ ഗവ എല്‍പി സ്‌കൂള്‍ നിര്‍മാണ ഉദ്ഘാടനം
മലയാലപ്പുഴ ഗവ എല്‍പി സ്‌കൂളിന്റെ നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി 14ന് രാവിലെ 10.30ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. 1.20 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മലയാലപ്പുഴ ഗവ എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയാകും. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് കെ. ഷാജി അധ്യക്ഷത വഹിക്കും.


ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ  കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), ഏഴ് ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കും.  മാര്‍ച്ച് ആറു  മുതല്‍ 14  വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസില്‍വെച്ചാണ്  പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച്  വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള  സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി  ക്ംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ്  ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൈം ആന്റ് സ്ട്രെസ് മാനേജ്മെന്റ്, സ്‌കീംസ് തുടങ്ങീ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4,130 രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ ,സെര്‍റ്റിഫിക്കേഷന്‍ ,ഭക്ഷണം , താമസം, ജി.എസ്.ടി ഉള്‍പ്പടെ).താല്‍പര്യമുള്ളവര്‍ കീഡി ന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി ഫെബ്രുവരി 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി.

ഫോണ്‍:0484 2532890,2550322,9605542061


വൈഗ 2023 കാര്‍ഷിക സെമിനാറുകളില്‍ രജിസ്റ്റര്‍ ചെയ്യാം

കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് നടത്തുന്ന വൈഗ 2023 ല്‍ വിവിധ വിഷയങ്ങളിലുള്ള കാര്‍ഷിക സെമിനാറുകള്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് രണ്ടു വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍  സംഘടിപ്പിക്കും. കാര്‍ഷിക ധനകാര്യവും സംരംഭകത്വവും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ അധിഷ്ഠിത ഉല്‍പ്പാദനം, ട്രൈബല്‍ അഗ്രികള്‍ച്ചര്‍ ടെക്നോളജികള്‍, ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍, പാക്കേജിംഗ് ടെക്നോളജിയും ബ്രാന്‍ഡിംഗും, കാര്‍ഷികഉത്പാദക സംഘടനകള്‍, കാര്‍ബണ്‍ ന്യുട്രല്‍ കൃഷി, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍- യൂത്ത്, സംരംഭകത്വ വികസനം സംബന്ധിച്ച വിഷയങ്ങള്‍, ചെറുധാന്യങ്ങളുടെ സാദ്ധ്യതകള്‍, പച്ചക്കറി- ഫലവര്‍ഗ്ഗങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും മൂല്യവര്‍ധനവും തുടങ്ങി 17 വിഷയങ്ങളിലാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.
സെമിനാറുകളില്‍ പങ്കെടുക്കുന്നതിന് കര്‍ഷകര്‍, കാര്‍ഷിക സംരംഭകര്‍, മറ്റു തല്പരവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് www.vaigakerala.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍ 9447212913, 9383470150
 

ശാസ്ത്രീയ മുട്ടക്കോഴി പരിപാലന പരിശീലനം 16ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ മുട്ടക്കോഴി പരിപാലനം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും.  ഫെബ്രുവരി 16 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും,പരിശീലനത്തില്‍ പങ്കെടുക്കുന്നതിനും  ഫെബ്രുവരി 15ന് മൂന്നിന് മുമ്പായി  8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ജില്ലാതല ശില്‍പ്പശാല
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ ഡിസ്‌ക്) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ജില്ലാതല ശില്‍പ്പശാല ഫെബ്രുവരി 14ന് രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്  അധ്യക്ഷത വഹിക്കും. കോളജ് പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. ജിക്കു ജയിംസ് വിഷയാവതരണം നടത്തും. പ്രൊഫ. നിജിന്‍ കെ മാത്യു, ഡോ. ബിനോയ് ടി തോമസ്, പ്രൊഫ. അജീഷ് എം തോമസ്, പ്രൊഫ. വി.എസ്. ജിജിത്, ജിന്റോ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംസാരിക്കും.

ആത്മ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 14ന്  മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു കീഴിലുള്ള ആത്മയുടെ പുതിയ ഓഫീസ് പന്തളം കടയ്ക്കാട് ഫെബ്രുവരി 14ന് രാവിലെ 9.30ന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കര്‍ഷകര്‍ക്ക് നൂതന കാര്‍ഷികരീതികള്‍ നല്‍കുക വഴിയും കൃഷിയിടങ്ങളിലെ കാര്‍ഷിക വിളകളില്‍ നിന്നും മെച്ചപ്പെട്ട വരുമാനം ഉറപ്പു നല്‍കി സ്വയംപര്യാപ്തത കൈവരിച്ച് സാമൂഹിക-സാമ്പത്തിക ഭദ്രത ഉറപ്പു നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്നതാണ് ആത്മ.
അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയായ ആത്മയുടെ പ്രവര്‍ത്തനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് മികച്ച രീതിയിലാണ് നടക്കുന്നത്. നിലവിലുള്ള വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും, കൃഷി അനുബന്ധ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചും, കാര്‍ഷിക വികസന പദ്ധതികളില്‍ കര്‍ഷകരുടെ മെച്ചപ്പെട്ട പങ്കാളിത്തം ഉറപ്പാക്കിയും, നൂതന കാര്‍ഷിക രീതികളും വ്യവസ്ഥകളും കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കിയും മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ് ആത്മ.
പന്തളം കടയ്ക്കാട് ജില്ലാ മണ്ണു പരിശോധനാ കേന്ദ്രത്തിന്റെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 11.15ന് സെമിനാറില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ രൂപീകരണവും പ്രവര്‍ത്തനങ്ങളും എന്ന വിഷയം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് മാത്യു ഏബ്രഹാമും കൊടുമണ്‍ കൃഷി ഓഫീസര്‍ എസ്. ആദിലയും അവതരിപ്പിക്കും. ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ കെ.എസ്. പ്രദീപ് മോഡറേറ്ററാകും. ഉച്ചയ്ക്ക് 12.30ന് തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരും കര്‍ഷകരുമായുള്ള മുഖാമുഖം നടക്കും.

യോഗ ഇന്‍സ്ട്രക്ടര്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ  2022-23 സാമ്പത്തിക വര്‍ഷത്തെ വനിതകള്‍ക്കുളള യോഗ പരിശീലന പദ്ധതിയിലേക്ക്  യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് രണ്ടിന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. പ്രവര്‍ത്തി പരിചയം അഭികാമ്യം.  ഫോണ്‍ : 8848680084, 0468-2362129.

കിക്മ എം.ബി.എ അഭിമുഖം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2023-25 ബാച്ചിലേക്കുള്ള എം.ബി.എ.(ഫുള്‍ടൈം) കോഴ്സിലേക്കുള്ള അഭിമുഖം ഫെബ്രുവരി 17 ന് രാവിലെ 10 മുതല്‍ 12 വരെ ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ നടക്കും.
കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍  യൂണിവേഴ്സിറ്റി  നിബന്ധനകള്‍ക്ക്  വിധേയമായി  ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റ് : www.kicma.ac.in.
ഫോണ്‍ : 7356650384, 8547618290.

സൗജന്യ പച്ചക്കറി തോട്ടം നിര്‍മ്മാണം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 20  ന് ആരംഭിക്കുന്ന സൗജന്യ പച്ചക്കറി തോട്ട നിര്‍മ്മാണവും പരിപാലനവും, പോളി ഹൗസ് നിര്‍മ്മാണം- പരിപാലനം, ബഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയുടെ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം  ആരംഭിക്കും . പരിശീലന കാലാവധി 10 ദിവസം.
ഫോണ്‍ :8330010232, 0468 2270243

പ്രി ഡി ഡി സി യോഗം ഫെബ്രുവരി 20 ന്
ജില്ലാ വികസന സമിതിയുടെ പ്രിഡിഡിസി യോഗം  ഫെബ്രുവരി 20 ന് രാവിലെ 11 ന് ഓണ്‍ ലൈനായി ചേരും.