konnivartha.com : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്തും അവധി എടുക്കാതെയും പ്രവര്‍ത്തി ദിനം തന്നെ വിനോദയാത്രയ്ക്ക് പോയ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന. കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് നാളെ കൈമാറും. ജന രോക്ഷം ശക്തമായതോടെ നടപടി ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും എന്ന് മനസ്സിലാക്കിയാണ് നടപടിയ്ക്ക് വേണ്ടി ശ്രമിക്കുന്നത് . സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്ള പെരുമാറ്റ ചട്ടം ലംഘിച്ചു കൊണ്ട് എം എല്‍ എയെ അധിക്ഷേപിക്കുന്ന നിലയില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദശം കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട് . വിഷയത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും സിപിഐ അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള പോര് മുറുകി .കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായി . പ്രവര്‍ത്തി ദിവസം തന്നെ ടൂറിനു തിരഞ്ഞെടുത്തത് ആണ് വിവാദമായത് . ഭൂ മാഫിയയുടെ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കണം എന്നും ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകണം എന്നും ബി ജെ പി ആവശ്യപ്പെട്ടു . ബി ജെ പി ഇന്ന് താലൂക്ക് ഓഫീസ്സിലേക്ക് മാര്‍ച്ച് നടത്തി .
45 ജീവനക്കാരാണ് ഇന്ന് ജോലിക്കെത്തിയത്. രാവിലെ ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാര്‍ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനും തയാറായില്ല.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റവന്യുവകുപ്പിലെ ജീവനക്കാര്‍ ഒന്നിച്ച് വിനോദയാത്ര പോയത്. വിഷയം പുറത്തുവന്നതോടെ ഇടപെട്ട കോന്നി എംഎല്‍എക്കെതിരെ ജീവനക്കാരുടെ ഗ്രൂപ്പില്‍ ഡെപ്യൂട്ടി തഹസീല്‍ദാരുടെ സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാം എംഎല്‍എയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസില്‍ കൊണ്ടുവന്നത് എംഎല്‍എ ആണെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം സി രാജേഷ് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചത്. പത്ത് പേരെങ്കിലും സേവനം കിട്ടാതെ താലൂക്ക് ഓഫിസില്‍ നിന്ന് മടങ്ങിപോയെന്ന് ജനീഷ് കുമാര്‍ പറഞ്ഞത് വാസ്തവമാണെങ്കില്‍ താന്‍ ജോലി രാജിവയ്ക്കാമെന്നും എം സി രാജേഷ് മെസേജിലൂടെ വെല്ലുവിളി ഉയര്‍ത്തിയിട്ടുമുണ്ട്.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്ള പെരുമാറ്റ ചട്ടങ്ങള്‍ ചിലര്‍ ലംഘിച്ചതായി പരക്കെ ആക്ഷേപം ഉണ്ട് . ജനങ്ങളുടെ നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളെ വെല്ലു വിളിക്കരുത് എന്നാണു പൊതു ജന അഭിപ്രായം . ഇത്തരം ആളുകളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും നീക്കണം എന്നും ആവശ്യം ഉയര്‍ന്നു .