Trending Now

പെണ്‍മനമൊരു ശിലയത്രേ

Spread the love

പെണ്‍മനമൊരു ശിലയത്രേ

(കവിത: മഞ്ജുള ശിവദാസ് റിയാദ്)

നിശ്ശബ്ദതയിലൊളിപ്പിച്ചു ഞാനെന്റെ
നിശ്ചലതയോളമെത്തിക്കാം.
നിധിപോലമൂല്ല്യമീ സ്‌നേഹാമൃതം
നിനക്കേകാതടച്ചു താഴിട്ടു വയ്ക്കാം.

വാഗ്ദാനമേകിയതു പാലിക്കുവാനെന്‍റെ
പാരതന്ത്ര്യം വിലക്കാകുമെങ്കില്‍,
അഭീഷ്ടനഷ്ടം ഭയന്നെന്‍ കനവുപാടത്തു
സ്വപ്നം വിതക്കാതിരിക്കാം.

പെണ്‍ചതി പാടുന്ന പാണനാകാനെന്‍റെ
പ്രാണനേ നീയുമെത്താതിരിക്കാന്‍,
നിറമാര്‍ന്ന കനവുകളെയാട്ടിയോടിച്ചെന്‍റെ
നനവാര്‍ന്ന മിഴിതുടച്ചാശ്വസിക്കാം.

നീറ്റലായോര്‍മ്മകളേകിച്ചതിക്കുന്ന
നീചയാവാതിരിക്കാനായ്,
ആശതന്‍പാശക്കുരുക്കിട്ടു നിന്നെ
യൊരുന്മാദിയാക്കാതിരിക്കാന്‍,

മൗനത്തിന്‍ താഴുതുറക്കാതെയൂഴി
വിട്ടെന്നേക്കുമായ് യാത്രചൊല്ലിടുമ്പോള്‍,
എന്നോടുകൂടെ ഞാന്‍ കൊണ്ടുപോയീടുമീ
നിന്നോടെനിക്കുള്ള സ്‌നേഹമെല്ലാം.

നിന്നെ നോക്കിക്കണ്ണടക്കാതെ മാനത്തു
താരകമായ് വന്നുദിച്ചുനില്‍ക്കാം.
എന്നെങ്കിലും നീയുമെത്തുന്നതും കാത്തു
കണ്ണടക്കാതെ ഞാന്‍ കാത്തിരിക്കാം….

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!