Trending Now

മണിയാര്‍ ടൂറിസം പദ്ധതിക്ക് ടൂറിസം – ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി

 

konnivartha.com : റാന്നിയുടെ ടൂറിസം മേഖലയില്‍ നാഴികക്കല്ലാകുന്ന മണിയാര്‍ ടൂറിസം പദ്ധതിക്ക് ടൂറിസം – ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. മണിയാര്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പമ്പ റിവര്‍ വാലി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് വളരെ മുന്‍പ് ഭരണാനുമതി ലഭിക്കുകയും വിശദമായ പദ്ധതി രേഖ തയാറാക്കുകയും ചെയ്തിരുന്നു.

നിര്‍ദിഷ്ട പദ്ധതി പ്രദേശം ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലായതിനാല്‍ പ്രവര്‍ത്തി നടപ്പാക്കാന്‍ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. നിയമ, സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ദീര്‍ഘകാലമായി ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭിക്കാതെ പദ്ധതി നഷ്ടമാകുന്ന സ്ഥിതിയിലായിരുന്നു.
ഇതേത്തുടര്‍ന്ന് ടൂറിസം – ഇറിഗേഷന്‍ വകുപ്പ് മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി തവണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും അനുമതിക്കായി തുടര്‍ച്ചയായി ഇടപെടല്‍ നടത്തുകയും ചെയ്തു വരുകയായിരുന്നു. ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ട് ഇറിഗേഷന്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും വകുപ്പിന്റെ അനുമതിക്ക് ഉത്തരവ് നല്‍കുകയും ചെയ്തു.

ഇറിഗേഷന്‍- ടൂറിസം വകുപ്പ് മന്ത്രിമാരുടെ പ്രത്യേക താല്‍പര്യമാണ് സാങ്കേതികതയില്‍ കുരുങ്ങി മുടങ്ങിപ്പോകുമായിരുന്ന പദ്ധതിയെ പുനരുജ്ജീവിപ്പിക്കുന്നതിനു കാരണമായിട്ടുള്ളത്.
മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി പ്രദേശത്തിന്റെ പ്രകൃതി ഭംഗി നിലനിര്‍ത്തിക്കൊണ്ടും പരിസ്ഥിതിക്ക് ദോഷം വരാത്ത നിലയിലും ആകര്‍ഷകമായ രീതിയിയിലാകും പദ്ധതി നടപ്പാക്കുക. റാന്നിയുടെ ടൂറിസം വികസനത്തിന് മുതല്‍ കൂട്ടാകുന്ന ഈ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നും വിനോദസഞ്ചാരികള്‍ക്കായി തുറന്നു നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.

error: Content is protected !!