Trending Now

റാന്നി നോളജ് വില്ലേജ്: വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ തല സമിതി

 

konnivartha.com : റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനുമായി വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ തല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.  സംസ്ഥാന തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചെയര്‍മാനും റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍  വൈസ് ചെയര്‍മാനും തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായുള്ള സമിതിയാണ് രൂപീകരിക്കുന്നത്.

 

ആധുനിക വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി, അംഗന്‍വാടികള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ നടത്തുന്ന അക്കാഡമിക് പ്രവര്‍ത്തനങ്ങളുടെ മികവ്, തൊഴില്‍ സംരംഭകത്വ സംസ്‌കാരം മെച്ചപ്പെടുത്തല്‍ എന്നീ ലക്ഷ്യത്തോടെ റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ ആവിഷ്‌കരിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്നതോടെ പദ്ധതിയുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും സുപ്രധാനമായ ചുവടുവെയ്പ്പാണ് സാധ്യമാകുന്നത്.

റാന്നിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌കില്‍ ആന്‍ഡ് ഇന്നവേഷന്‍ ഹബിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനമായി.  ഇതിന്റെ ഭാഗമായി റാന്നി നോളജ് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തിനാകെ മാതൃകയാകുന്ന പദ്ധതിക്ക് മുഖ്യമന്ത്രിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.

വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍, ശിശുക്ഷേമം, പ്രവാസി ക്ഷേമം, നൈപുണ്യ പരിശീലനം തുടങ്ങി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ റാന്നി നോളജ് വില്ലേജ് പദ്ധതിക്കായി ഏകോപിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി  കെ.എം. എബ്രഹാം ആണ്.

മുന്‍ മാതൃകകളില്ലാത്ത റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ മുന്നൊരുക്കത്തിനും അക്കാഡമിക് തല  ആസൂത്രണത്തിനുമായി സമാനതകളില്ലാത്ത വിപുലമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടത്തിയത്. പ്രീ പ്രൈമറി തലം, സ്‌കൂള്‍ തലം, ഉന്നത വിദ്യാഭ്യാസ തലം എന്നിവയില്‍ മൂന്ന് അക്കാദമിക് കൗണ്‍സിലുകള്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ചു. മൂന്ന് കൗണ്‍സിലുകളുടെയും ഏകോപിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സമിതി രൂപീകരിച്ചു

മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും അക്കാദമിക് വിദഗ്ധനുമായ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ശില്പശാല മുതല്‍ തുടര്‍ന്ന് നടന്ന വിവിധതലത്തിലുള്ള അക്കാദമിക്ക്ചര്‍ച്ചകളിലും വര്‍ക്ക് ഷോപ്പുകളിലും കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉണ്ടായി.

ഒരു വിദ്യാഭ്യാസ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുകയും ആ അഭിപ്രായ രൂപീകരണത്തില്‍ പങ്കാളികളാവുകയും ചെയ്യുക എന്ന അപൂര്‍വ മാതൃകയ്ക്കും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച റാന്നി നോളജ് അസംബ്ലിയില്‍ റാന്നി അസംബ്ലി മണ്ഡലത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

 

മുന്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ആയിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ് റാന്നിയില്‍ സ്ഥാപിതമാകുന്ന സ്‌കില്‍ ആന്‍ഡ് ഇന്നവേഷന്‍ ഹബ്. ഈ പദ്ധതിയുടെ ആസൂത്രണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ  റാന്നിയിലെ എല്ലാ വിദ്യാലയങ്ങളെയും കോര്‍ത്തിണക്കി ഒട്ടേറെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്. അംഗന്‍വാടി, പ്രീ സ്‌കൂള്‍ എന്നിവയ്ക്കായുള്ള മോണ്ടിസോറി അധിഷ്ഠിത കരിക്കുലം രൂപീകരണം, കരിക്കുലം പരിഷ്‌കരണം, റാന്നിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അഭിരുചികള്‍ അടയാളപ്പെടുത്തുന്ന ആപ്റ്റിറ്റിയൂഡ് മാപ്പിംഗ്, കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ അവരുടെ പഠനാനുഭവങ്ങളും സാമൂഹ്യ ജീവിതത്തിന്റെ കാഴ്ചകളും ഒപ്പിയെടുത്ത് രൂപം നല്‍കിയ കേരളത്തിലെ ആദ്യത്തെ ഇ -ബുക്ക് ആവിഷ്‌ക്കാറിന്റെ പ്രകാശനം, ഗണിതത്തിന് വിവിധ കാരണങ്ങളാല്‍ മികവ് തെളിയിക്കാന്‍ കഴിയാതെ പോയ സ്‌കൂള്‍ കുട്ടികള്‍ക്ക് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രത്യേകമായ പരിശീലനം നല്‍കുന്ന ജ്വാല എന്ന കേരളത്തെ ആകെ ആകര്‍ഷിച്ച പദ്ധതി. ഉന്നത വിദ്യാഭ്യാസ രംഗത്ത് നവ്യാനുഭവമായി മാറിയ ഒരു കോളജിലെ അധ്യാപകര്‍ മറ്റൊരു കോളജില്‍ പോയി വിഷയങ്ങളും ആശയങ്ങളും കൈമാറ്റം ചെയ്യുന്ന ഇന്റര്‍ ഡിസിപ്ലിനറി ലേണിംഗ് പദ്ധതി, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ റാന്നിയില്‍ നടപ്പിലാക്കിയത്.

 

വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍  മുഖ്യമന്ത്രിയുടെചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കീഫ്ബിസിഇഒയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. കെ.എം. എബ്രഹാം, അസാപ് എംഡി ഡോ. ഉഷ ടൈറ്റ്സ്, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, ഐസിടിഎകെ സിഇഒ സന്തോഷ് കുറുപ്പ്, ഡിഡിയു-ജികെവൈ പ്രോഗ്രാം മാനേജര്‍ പി.എന്‍. ഷിബു, കെഎഎസ്ഇ ഓപ്പറേഷന്‍ മാനേജര്‍സുബിന്‍ ദാസ്, ഐസിടിഎകെ, ഇ ഗവ. ഹെഡ് ആര്‍. അഭിലാഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

റാന്നി നോളജ് വില്ലേജ്
മലയോര റാണിയായ റാന്നിയുടെ വൈഞ്ജാനിക വികാസത്തിലൂടെ മാനവ വിഭവ ശേഷിയുടെ ഫലപ്രദവും ക്രമീകൃതവുമായ വളര്‍ച്ച മുന്നില്‍ കണ്ടു ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് റാന്നി നോളജ് വില്ലേജ്… നഴ്സറി / അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലവരെയുള്ള സ്ഥാപനങ്ങളെ കോര്‍ത്തിണക്കി വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സാമൂഹികാവശ്യങ്ങളോടും സാമൂഹിക പ്രശ്‌നങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്ന സ്ഥാപനങ്ങളാക്കുകയും ആധുനിക കാലഘട്ടത്തിന് അനുയോജ്യരായ മത്സരാധിഷ്ഠിത ലോകത്തില്‍ മുന്‍പന്തിയില്‍ എത്തുന്ന യുവജന സമൂഹത്തെ ഒരുക്കിയെടുക്കുന്നതിനുമുള്ള കര്‍മ്മപദ്ധതികളാണ് റാന്നി നോളജ് വില്ലേജ് മുന്നോട്ട് വയ്ക്കുന്നത്.

 

റാന്നി നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെ 250 അങ്കണ വാടികളും 173 വിദ്യാലയങ്ങളും എട്ട് ഉന്നത – സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു കുടക്കീഴില്‍ അണി നിരത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്  റാന്നി നോളജ് വില്ലേജ് തുടക്കമിട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഹയര്‍ എഡ്യുക്കേഷന്‍ അക്കാദമിക് കൗണ്‍സിലും -2 മുതല്‍ +2 വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി സ്‌കൂള്‍ അക്കാഡമിക് കൗണ്‍സിലും ഇതിനായി രൂപീകരിച്ചു. അനൗപചാരിക വിദ്യാഭ്യാസ ഏജന്‍സികളെ ഉള്‍പ്പെടുത്തി മറ്റൊരു സമിതിക്കും ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, സന്നദ്ധ യുവജന സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു പിന്തുണാ സംവിധാനത്തിനും രൂപം നല്‍കിയിട്ടുണ്ട്.

 

പൊതു വിദ്യാഭ്യാസ വകുപ്പ്, എസ്‌സിഇആര്‍ടി, എസ്എസ്‌കെ,  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കെഡിസ്‌ക്,  തുടങ്ങി വിവിധങ്ങളായ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഏജന്‍സികള്‍ എന്നിവയുടെ ഏകോപനത്തിലൂടെ റാന്നി നോളജ് വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പിന്തുണ ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ശില്പശാലയിലൂടെ റാന്നി നോളജ് വില്ലേജിലൂടെ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ഒരു മാര്‍ഗ രേഖ തയാറാക്കുകയുണ്ടായി.

 

അക്കാദമിക് ലിങ്കേജ്, എംപ്ലോയ്‌മെന്റ് എന്‍ഹാന്‍സ്‌മെന്റ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്,
എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് മാര്‍ഗ രേഖ തയാറാക്കിയിരിക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള മീറ്റ് ദി മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് തുടക്കം കുറിക്കുവാന്‍ കഴിഞ്ഞു. ആദ്യ പ്രോഗ്രാമില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സാഹിത്യകാരന്‍ ബെന്യാമിന്‍ എന്നിവരാണ് കുട്ടികളുമായി സംവദിച്ചത്. ഓരോ മാസവും പ്രമുഖ വ്യക്തിത്വങ്ങള്‍ കുട്ടികളുമായി സംവദിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശവും പ്രചോദനവുമേകുന്നതിനാണ് മീറ്റ് ദി മാസ്റ്റേഴ്‌സ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലത്തിലെ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സ്‌കൂള്‍ അക്കാദമിക് കൗണ്‍സില്‍ പ്രാഥമികമായി ചേരുകയും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. കേരളത്തിന്റെ മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഇതിന് നേതൃത്വം നല്‍കി. നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ആലോചനാ യോഗങ്ങള്‍ സംഘടിപ്പിക്കുകയും നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടികളുടെ ആപ്റ്റിറ്റിയൂഡ് മാപ്പിംഗ് ശാസ്ത്രീയമായി തയാറാക്കുകയാണ് മറ്റൊരു പ്രധാന പ്രവര്‍ത്തനം. സ്‌കില്‍ പാര്‍ക്ക്,  പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും നോളജ് വില്ലേജിന്റെ ഭാഗമായി ഒരുക്കും. കോവിഡ് കാലത്ത് റാന്നി മണ്ഡലത്തിലെ മുഴുവന്‍ കുട്ടികളുടെയും സര്‍ഗാത്മക പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ കേരളത്തിലെ ആദ്യത്തെ ബ്രഹത് ഇ-ബുക്ക് ആവിഷ്‌കാര്‍  പ്രസിദ്ധീകരിച്ചു.

 

ഈ പദ്ധതി നടപ്പാക്കാനുള്ള ചുമതല സംസ്ഥാന തൊഴില്‍ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 30.08.2022 ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി  വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിനെ (സിഎംഡി) ഇതിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി (എസ് പി വി) നിശ്ചയിച്ച് കൊണ്ടും സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ചെയര്‍മാനും റാന്നി എംഎല്‍എ വൈസ് ചെയര്‍മാനും ലേബര്‍ സെക്രട്ടറി കണ്‍വീനറും കെ ഡിസ്‌ക്ക് സിഇഒ, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, കെയിസ് എംഡി, അസാപ് സിഎംഡി, എസ്‌ഐഇറ്റി ഡയറക്ടര്‍, റാന്നി നോളജ് വില്ലേജ് അക്കാഡമിക് കൗണ്‍സില്‍ മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള മേല്‍നോട്ട സമിതിയെ നിശ്ചയിച്ചുകൊണ്ടും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. (ഉത്തരവ് നം. സ.ഉ.( സാധാ)നം.1474/2022/എല്‍ബിആര്‍ തീയതി 16.12.2022)

 

പദ്ധതിയുടെ ഏകോപനത്തിനായും നിര്‍വഹണത്തിനായും വിദഗ്ധരടങ്ങിയ അക്കാഡമിക് കൗണ്‍സില്‍ രൂപീകരിക്കുകയും കുട്ടികളില്‍ സ്‌കില്‍ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയുമാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പിന്തുണ നല്‍കുന്ന പ്രവാസി സമൂഹം ഏറെയുള്ള റാന്നിയില്‍ ഇത്തരത്തിലുള്ള ഒരു പദ്ധതി വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. കേരളത്തിന്റെയാകെ വൈജ്ഞാനിക മുന്നേറ്റത്തിനും പദ്ധതി മുതല്‍ക്കൂട്ടാകും.