konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് സംബന്ധിച്ച് സി ബി ഐ നടത്തിവരുന്ന അന്വേഷണം ഏതാണ്ട് പകുതി വരെ എത്തിയുള്ളൂ . ഇ ഡി അവര്‍ക്ക് ആവശ്യമുള്ള തെളിവുകള്‍ ശേഖരിച്ചു അന്തിമ റിപ്പോര്‍ട്ട് കോടതിയ്ക്ക് സമര്‍പ്പിക്കാന്‍ ഉള്ള തയാര്‍ എടുപ്പില്‍ ആണെങ്കിലും പോപ്പുലര്‍ ഫിനാന്‍സ് എന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമകളുടെ പേരില്‍ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളില്‍ മേല്‍ ലേല നടപടികള്‍ ഒന്നും ആയിട്ടില്ല . പ്രതികളെ എല്ലാം പോലീസ് പിടിച്ചു നിയമ നടപടികള്‍ സ്വീകരിച്ചു . ഇ ഡിയും ഇവരെ എല്ലാം ചോദ്യം ചെയ്തു നടപടി സ്വീകരിച്ചു .എല്ലാ പ്രതികളും സി ബി ഐ ,ഇ ഡി എന്നിവരുടെ നിരീക്ഷണത്തില്‍ നിലവില്‍ ജാമ്യത്തില്‍ ആണ് .
രണ്ടായിരം കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് എന്നാണ് പോലീസും ഇ ഡിയും ആവര്‍ത്തിച്ചു പറയുന്നത് .1500 കോടി എന്നും നിലവില്‍ പറയുന്നു . സി ബി ഐ നിക്ഷേപകരുടെ പൂര്‍ണ്ണമായ മൊഴി രേഖപ്പെടുത്തിയ ശേഷം സി ബി ഐയുടെ സാമ്പത്തിക വിഭാഗ കോടതിയില്‍ ഹാജരാക്കുന്ന തുകയാകും ഇനി പുറത്തു വരുന്നത് . അത് വരെ തുകയെകുറിച്ചുള്ള കണക്കുകള്‍ വ്യത്യസ്ഥമാകും .
സ്ഥാപന ഉടമയായ തോമസ് ഡാനിയലിന്‍റെ നേതൃത്വത്തില്‍ നടന്ന കേരളം കണ്ടതില്‍ ഏറ്റവും വലിയ തട്ടിപ്പ് ആണ് പോപ്പുലര്‍ ഫിനാന്‍സ് പേരില്‍ നടന്നത് . ഭാര്യയും മൂന്നു പെണ്‍മക്കളും ആദ്യം തന്നെ പിടിയിലായത് ആണ് ഈ കേസിലെ ഏറ്റവും വലിയ നിക്ഷേപകരുടെ വിജയം . വിദേശ രാജ്യത്തേക്ക് കടക്കാന്‍ ഉള്ള പെണ്‍മക്കളുടെ നീക്കം നിക്ഷേപകരുടെ ഇടപെടീല്‍ തുടര്‍ന്ന് തകര്‍ന്നു . വിമാനത്താവളത്തില്‍ വെച്ച് തന്നെ രണ്ടു മക്കളെ പിടികൂടി . ഇതോടെ ലോഡ്ജിലെ ഒളിവില്‍ നിന്നും ഉടമയും ഭാര്യയും പോലീസിനു കീഴടങ്ങി . ഏറെ നാളത്തെ ശ്രമ ഫലമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞ ഉടമയുടെ മാതാവിനെ ഇ ഡി നാട്ടില്‍ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി .
ഇവരുടെ നേരിട്ടുള്ള സ്വത്തുക്കള്‍ പോലീസ് കണ്ടെത്തി സീല്‍ ചെയ്തു . പതിനെട്ടു വാഹനം മാത്രം പിടിച്ചെടുത്തു .ഇനിയും ഉള്ള വാഹനത്തിനു വേണ്ടി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പല ഭാഗത്തും അന്വേഷണം നടത്തി വരുന്നു . അന്യ സംസ്ഥാനത്ത് വാങ്ങി കൂട്ടിയ വസ്തുക്കളില്‍ പലതും കണ്ടെത്തി . കേരളത്തിലെ പല ജില്ലകളിലും ഉള്ള ഫ്ലാറ്റ് സീല്‍ ചെയ്തു . കോന്നി വകയാറില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു ബഹു നില കെട്ടിടവും വീടും സീല്‍ ചെയ്തു . ഇത്രയും മുന്‍കാല നടപടികള്‍ .
ഇന്ന് 26/01/2023 . വകയാറിലെ കെട്ടിടങ്ങളുടെ സ്ഥിതി കാണുക . വകയാറില്‍ ഉടമകള്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടം ഏതാണ്ട് കാട് പിടിച്ചു . അറ്റകുറ്റപണികള്‍ ഇല്ലാത്തതിനാല്‍ കെട്ടിടത്തിനു പഴയ പ്രതാപം ഇല്ല . വകയാറിലെ ആസ്ഥാന മന്ദിരത്തിനു മുന്നില്‍ കോടതി വിധികളുടെയും വക്കീല്‍ നോട്ടീസുകളുടെയും കൂമ്പാരം . പല നിക്ഷേപകരും അയച്ച വക്കീല്‍ നോട്ടീസുകള്‍ ആളില്ലാതെ മടങ്ങിയ വിവരം സംബന്ധിച്ചുള്ള പോസ്റ്റ് ഓഫീസ് നോട്ടീസ് മറുവശത്ത് . വൈദ്കുയുതി കുടിശിക ലക്ഷങ്ങള്‍ കടന്ന നോട്ടീസ് വേറെയും .
വാകയാറിലെ അനക്സ് കെട്ടിടത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ് ബി ഐ വകയാര്‍ ശാഖ ഉടന്‍ തന്നെ ഇവിടെ നിന്നും മാറ്റുകയാണ് . എസ് ബി ഐ ശാഖ വകയാര്‍ കുളത്തിങ്കല്‍ പേരൂര്‍ക്കുളം സ്കൂളിനു സമീപം മാറ്റുവാന്‍ കെട്ടിടം പണികള്‍ നടക്കുന്നു . എസ് ബി ഐ ശാഖ തുടങ്ങുമ്പോള്‍ നല്‍കിയ ഡിപ്പോസിറ്റ് തുക എത്രയെന്നോ വാടക ഇതുവരെ എത്ര നല്‍കിയെന്നോ വെളിപ്പെടുത്താന്‍ തയാറായിട്ടില്ല . ഉടമകള്‍ പിടിയിലായത് മുതല്‍ ഉള്ള വാടക ഏതു ബാങ്ക് ശാഖയിലൂടെ ആണ് നല്‍കി വരുന്നത് എന്നും അറിയില്ല എങ്കിലും നല്ലൊരു തുക വാടക ഇനത്തില്‍ കിട്ടിയിരുന്നു . ഡിപ്പോസിറ്റ് തുക നല്‍കി എങ്കില്‍ അക്കാര്യം അറിയാന്‍ നിക്ഷേപകര്‍ക്ക് ആഗ്രഹം ഉണ്ട് .
പിടിച്ചെടുത്ത വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ കിടന്നു മഴയും വെയിലും കൊണ്ട് തുരുമ്പിച്ചു തുടങ്ങി . കെട്ടിടവും ഈ വാഹനവും എല്ലാം ലേലം ചെയ്തു വേണം നിക്ഷേപകര്‍ക്ക് ലഭിക്കാന്‍ ഉള്ള തുക മടക്കി നല്‍കുവാന്‍ . കേസ് നീണ്ടു പോയാല്‍ വാഹനങ്ങള്‍ കൂടുതല്‍ നശിക്കും . തുരുമ്പിച്ച വില മാത്രം ലഭിക്കും .കെട്ടിടങ്ങള്‍ക്ക് മതിപ്പ് വില ലഭിക്കില്ല . നിക്ഷേപകരുടെ സ്വത്താണ് ഇങ്ങനെ നശിക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്നു .