Trending Now

ശബരിമലയില്‍ കനത്ത സുരക്ഷാ ക്രമീകരണം

Spread the love

ശബരിമല: ശബരിമലയിലും സന്നിധാനത്തും(ഡിസംബര്‍ 5, 6) സുരക്ഷ ഏര്‍പ്പെടുത്തും. ഡിസംബര്‍ ആറിന്റെ മുന്നോടിയായാണ് പഴുതടച്ച സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാകും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് സന്നിധാനം പോലീസ് കണ്‍ട്രോള്‍ ചുമതല വഹിക്കുന്ന എസ്.പി. കെ.കെ. ജയമോഹന്‍ പറഞ്ഞു.
ഇപ്പോഴുള്ള പോലീസ് സേനാംഗങ്ങള്‍ക്ക് പുറമേ ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, ആന്ധ്ര, കര്‍ണാടക പോലീസ്, ക്വിക്ക് റെസ്‌പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ് എന്നിവയേയും സുരക്ഷക്കായി നിയോഗിച്ച് കഴിഞ്ഞു. ഇവര്‍ക്കൊപ്പം കേരളാപോലീസിന്റെ നൂറ് കമാന്റോകളേയും 200 പോലീസ് സേനാംഗങ്ങളേയും പുതുതായി ശബരിമലയില്‍ നിയോഗിക്കും. ഇന്ത്യന്‍ നേവി ഹെലികോപ്ടറും ഡ്രോണും ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ശബരിമലയിലെ കുടിവെള്ള സ്രോതസ്സുകള്‍, കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോമറുകള്‍, ഹൈടെന്‍ഷന്‍ ലൈറ്റുകള്‍ എന്നിവയ്്ക്ക് പ്രത്യേക സുരക്ഷ നല്‍കും. തീര്‍ഥാടകരുടെ ബാഗേജുകള്‍ തുറന്ന് പരിശോധിയ്ക്കും. എല്ലാ സാധനങ്ങളും നിരീക്ഷണത്തിന് വിധേയമാക്കും. ദേഹപരിശോധനയും നടത്തും. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശമനുസരിച്ച് റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങി ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യുന്നയിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. വനമേഖലയില്‍ പട്രോളിങ്ങും ഉണ്ടാകും. അന്യസംസ്ഥാന സേനകളിലെ ക്രൈം സ്‌പോട്ടര്‍മാരേയും കേരളാപോലീസിലെ ക്രൈം ഡിറ്റക്ഷന്‍ സ്‌ക്വാഡുകളേയും ശബരിമലയില്‍ വിന്യസിപ്പിച്ച് കഴിഞ്ഞു. ശബരിമല ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരേയും ജനറല്‍ സ്‌റ്റേറ്റ് ഓഫ് ഹൈ അലേര്‍ട്ട്‌നെസില്‍ ഉള്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ കെ.കെ. ജയമോഹന്‍ അറിയിച്ചു. മഫ്തിയിലും ധാരാളം ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. പ്രത്യേക ഡ്യൂട്ടിയില്‍ ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്യും. ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍, എ.ഡി.ജി.പി. സുധേഷ്‌കുമാര്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യും. ക്യൂവിലൂടെ മാത്രമേ നെയ്യഭിഷേകം നടത്താന്‍ അനുവദിക്കുകയുള്ളു. ഇരുമുടിക്കെട്ട് സോപാനത്ത് തുറക്കാന്‍ അനുവദിക്കില്ല. ശ്രീകോവിലിനടുത്ത് തന്ത്രിക്കും ശാന്തിമാര്‍ക്കും മാത്രമാണ് പ്രവേശനം. സ്റ്റാഫ് ഗേറ്റിലൂടെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ കയറ്റിവിടുകയുള്ളു. അഭിഷേകം ചെയ്ത നെയ്യ് വിതരണത്തിനായി ദേവസ്വം ബോര്‍ഡ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും തീര്‍ഥാടകര്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും കെ.കെ. ജയമോഹന്‍ അഭ്യര്‍ഥിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!