Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 21/01/2023)

ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും
ഭാരതത്തിന്റെ 74-ാംമത് റിപ്പബ്ലിക് ദിനം ജനുവരി 26ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. കോവിഡിന് മുന്‍പ് നടത്തിയിരുന്ന രീതിയില്‍ പൂര്‍ണതോതിലുള്ള ആഘോഷമാകും സംഘടിപ്പിക്കുകയെന്ന് എഡിഎം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി നിരോധിച്ചിട്ടുള്ളതിനാല്‍ ആഹാര സാധനങ്ങളും പാനീയങ്ങളും പ്ലാസ്റ്റിക്ക് രഹിതമായിക്കുവാന്‍ പ്രത്യേക ശ്രദ്ധിക്കണമെന്നും പരിശീലന ദിവസങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

 

പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരനായിരിക്കും സെറിമോണിയല്‍ പരേഡിന്റെ ചുമതല. ജനുവരി 21നും 23നും ഉച്ചകഴിഞ്ഞ് മൂന്നിന് പരേഡ് പരിശീലനവും 24ന് രാവിലെ ഏഴിന് ഫൈനല്‍ പരേഡ് റിഹേഴ്സലും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. പോലീസ് സേനയില്‍ നിന്നും മൂന്ന്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റില്‍ നിന്ന് ഏഴ്, സ്‌കൗട്ട്‌സ് വിഭാഗത്തില്‍ നിന്നും നാല്, ഗൈഡ്സിന്റെ ആറും, ജൂനിയര്‍ റെഡ്ക്രോസ് അഞ്ച്, എന്‍സിസി ഒന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, ബാന്‍ഡ് സെറ്റ് രണ്ടും പ്ലാറ്റൂണുകള്‍ വീതം പരേഡില്‍ അണിനിരക്കും.

 

സാംസ്‌കാരിക പരിപാടി, ബാന്‍ഡ്, ദേശഭക്തിഗാനം എന്നിവയുടെ ഏകോപനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കും. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശം നല്‍കും. പരേഡിനും പരിശീലനത്തിനും സ്‌കൂള്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആര്‍ടിഒ എ.കെ. ദിലു അധ്യക്ഷനായി ഉപസമിതി രൂപീകരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍, പത്തനംതിട്ട-തിരുവല്ല ഡിഇഒമാര്‍, എസ്പിസിയുടെ ചുമതലയുള്ള ഡിവൈഎസ്പി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി, ജൂനിയര്‍ റെഡ്ക്രോസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ഉപസമിതി ആര്‍ടിഒ ഓഫീസില്‍ ചേരും.
ജനുവരി 21നും 23നും പത്തനംതിട്ട നഗരസഭ സെക്രട്ടറിയും ഫൈനല്‍ റിഹേഴ്സല്‍ നടക്കുന്ന 24ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും റിപ്പബ്ലിക് ദിനത്തില്‍ ജില്ലാ സപ്ലൈ ഓഫീസറും വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ക്രമീകരിച്ചു നല്‍കും. സെറിമോണിയല്‍ പരേഡ്, സുരക്ഷ, അനൗണ്‍സ്മെന്റ്, ട്രോഫി വിതരണം എന്നീ ചുമതലകള്‍ പോലീസ് നിര്‍വഹിക്കും. അപകടങ്ങള്‍ ഉണ്ടാകാതെ ഫയര്‍ഫോഴ്സ് സുരക്ഷ ഒരുക്കും. പരിശീലന ദിവസങ്ങളിലും പരേഡ് ദിവസവും കുടിവെള്ള ലഭ്യത വാട്ടര്‍ അതോറിറ്റിയും വൈദ്യുതി കെഎസ്ഇബിയും ഉറപ്പാക്കും. സല്യൂട്ടിംഗ് ബേസ്, പവലിയന്‍ നിര്‍മാണം, ബാരിക്കേഡ് എന്നിവ പൊതുമരാമത്ത് കെട്ടിട വിഭാഗം നിര്‍വഹിക്കും. സൗണ്ട് സിസ്റ്റം, ജനറേറ്റര്‍, വൈദ്യുതി ക്രമീകരണം ഇലക്ട്രോണിക്സ് വിഭാഗം നിര്‍വഹിക്കും. പരിശീലന ദിവസങ്ങളിലും പരേഡ് ദിവസവും ആംബുലന്‍സ്, മെഡിക്കല്‍ ടീം സൗകര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) സജ്ജമാക്കും. ജില്ലാ സ്റ്റേഡിയം പത്തനംതിട്ട നഗരസഭ വൃത്തിയാക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഏകോപനം കോഴഞ്ചേരി തഹസീല്‍ദാര്‍ നിര്‍വഹിക്കും.
(പിഎന്‍പി 229/23)


തൊഴിലാളിശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം

തൊഴില്‍ വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിനായി സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം.
സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മ്മാണം, ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം, ടെക്സ്റ്റൈല്‍ മില്‍, സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, നഴ്സ്, ഗാര്‍ഹിക തൊഴിലാളി തുടങ്ങിയ വിഭാഗങ്ങളിലും കരകൗശല വൈദഗ്ദ്ധ്യ പാരമ്പര്യ (ഇരുമ്പുപണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍ പാത്ര നിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം) മാനുഫാക്ടറിങ്, പ്രോസസിങ്ങ് മേഖലയിലെ  തൊഴിലാളികള്‍ (മരുന്നു നിര്‍മ്മാണം, ഓയില്‍ മില്‍,  ചെരിപ്പു നിര്‍മ്മാണം, ഫിഷ് പീലിങ്ങ്), മത്സ്യ തൊഴിലാളി (മീന്‍ പിടുത്തം, വില്‍പ്പന) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ 18 മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജനുവരി 23 മുതല്‍ 30 വരെ www.lc.kerala.gov.in ല്‍ അപേക്ഷിക്കാം.
തൊഴിലാളികള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസിലും, ജില്ലയിലെ അഞ്ച് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലുമായി ഹെല്‍പ്ഡെസ്‌ക്കുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ ലേബര്‍ ഓഫീസ്: 0468 2 222 234, 8547 655 259, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, അടൂര്‍: 8547655377, പത്തനംതിട്ട: 847655373, തിരുവല്ല: 8547655375, റാന്നി: 8547655374, മല്ലപ്പള്ളി: 8547655376.

ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
പത്തനംതിട്ട വനിതാ ശിശു വികസന വകുപ്പിന്റെയും കാതോലിക്കേറ്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും അഭിമുഖ്യത്തില്‍ ലിംഗ പദവി സമത്വം എന്ന പരിപാടിയിലൂടെ ശൈശവ വിവാഹ നിരോധനവും വകുപ്പിലൂടെ നടപ്പിലാക്കി വരുന്ന പൊന്‍വാക്ക് പദ്ധതിയുടെ ഉദ്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.
ചടങ്ങില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു.അബ്ദൂള്‍ ബാരി ശൈശവ വിവാഹ നിരോധനം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. വനിതാ സംരക്ഷണ ഓഫീസര്‍ എ.നിസ പൊന്‍വാക്ക് പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റിയും ശൈശവ വിവാഹം തടസപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികമായി 2500 രൂപാ നല്‍കുന്ന പദ്ധതിയാണെന്നും അറിയിച്ചു. ജില്ലാതല ഐ.സി.ഡി.എസ് സെല്ലിലെ പ്രോഗ്രാം ഓഫീസര്‍ നിഷ. ആര്‍.നായര്‍, സീനിയര്‍ സൂപ്രണ്ട് പി.എന്‍ രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

ശുചിത്വമിഷന്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു
ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി നാലു മുതല്‍ ആറു വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കും.

മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശനപരിഹാരത്തിനുള്ള ആശയങ്ങള്‍ കണ്ടെത്തുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ ഫെബ്രുവരി അഞ്ചാം തീയതി ഗ്ലോബല്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും നല്‍കും.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27. രജിസട്രേഷന്‍ സൗജന്യം. വെബ്‌സൈറ്റ് : www.suchitwamission.org

വെബിനാര്‍
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) പ്ലാറ്റ്ഫാമില്‍ എസ്എംഇ/എംഎസ്എംഇ സ്ഥാപനങ്ങളെ എങ്ങനെ ലിസ്റ്റ് ചെയ്യും എന്നതിനെകുറിച്ച് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് (കീഡ്) ന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി ജനുവരി 25ന് വൈകുന്നേരം നാലു മുതല്‍ അഞ്ച് വരെ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫോണ്‍ : 0484 2550322, 7012376994. വെബ് സൈറ്റ്: www.kied.info.

തൊഴില്‍മേള ജനുവരി 23 ന്  
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ തല തൊഴില്‍മേള ജനുവരി 23 ന് ചെന്നീര്‍ക്കര ഐടിഐയില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വഹിക്കും. ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസിന്റെ അധ്യക്ഷത വഹിക്കും. സര്‍ക്കാര്‍,സ്വകാര്യ ഐ ടി ഐ കളില്‍ നിന്നും എന്‍ സി വി ടി/ എസ് സി വി ടി പരിശീലനയോഗ്യത നേടിയ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ https://knowledgemission.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ ഒന്‍പതിന് ഗവ ഐ ടി ഐ യില്‍ എത്തണം. ഫോണ്‍ : 9495 138 871, 9447 593 789.

നാഷണല്‍ യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിലെ യുവജനകാര്യ വകുപ്പ് രാജ്യ വ്യാപകമായി നടത്തുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തില്‍  പങ്കെടുക്കാന്‍ യുവതീ യുവാക്കള്‍ക്ക് അവസരം. 18നും 25നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് ജനുവരി 24ന് ജില്ലാ തലത്തില്‍ നടത്തുന്ന പ്രഥമ റൗണ്ട് മത്സരത്തില്‍ പങ്കെടുക്കാം. പ്രസംഗത്തിനായി ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. നാല് മിനുട്ട് സമയമാണ് അനുവദിക്കുക.
ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കും. ജില്ലാ-സംസ്ഥാനതല മത്സരങ്ങള്‍ ഓണ്‍ലൈനായിരിക്കും തുടര്‍ന്ന് സംസ്ഥാനതല മത്സരത്തില്‍ ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് ഫെബ്രുവരിയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ഒന്നാമതെത്തുന്ന വ്യക്തിക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കാനും അവസരം ലഭിക്കും. പാര്‍ലമെന്റ് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ വിമാനയാത്രാ ടിക്കറ്റ്, താമസം തുടങ്ങിയവ കേന്ദ്ര സര്‍ക്കാര്‍  വഹിക്കും.
മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫോറത്തിനും മറ്റു വിവരങ്ങള്‍ക്കും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായോ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍മാരുമായോ ബന്ധപ്പെടണം.

ഡാറ്റ ജേണലിസം ശില്‍പശാല
കേരള മീഡിയ അക്കാദമി ഗൂഗിളിന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഡാറ്റ ജേണലിസത്തില്‍  ഏകദിന ശില്‍പശാല ഫെബ്രുവരി നാലിന് കൊച്ചിയില്‍ കേരള മീഡിയ അക്കാദമി ഹാളില്‍ സംഘടിപ്പിക്കും. ഡാറ്റ ജേണലിസം രംഗത്തെ രാജ്യത്തെ വിദഗ്ദ്ധര്‍ ശില്‍പശാല നയിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള  (അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന) മാധ്യമ പ്രവര്‍ത്തകര്‍ https://goo.gle/datadialogue എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രതിനിധികളെ നിര്‍ദ്ദേശിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് പ്രവേശനം.