konnivartha.com : വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അര്‍പ്പിച്ച് പടിപൂജ. ദീപപ്രഭയില്‍ ജ്വലിച്ച് പുഷ്പവൃഷ്ടിയില്‍ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂര്‍വ്വ കാഴ്ചയ്ക്കാണ് ഞായറാഴ്ച സന്ധ്യയില്‍ സന്നിധാനത്ത് ആയിരങ്ങള്‍ സാക്ഷിയായത്. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മ്മികത്വത്തിലും മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലുമാണ് ഒരു മണിക്കൂറോളം നീണ്ട പടി പൂജ നടന്നത്.
പൂജയുടെ തുടക്കത്തില്‍ ആദ്യം പതിനെട്ടാംപടി കഴുകി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ഇരുവശത്തും ഓരോ നിലവിളക്ക് കത്തിച്ചു വെച്ചു. ഓരോ പടിയിലും നാളികേരവും പൂജാ സാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങള്‍ക്ക് പൂജ കഴിച്ചു. ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
ഞായറാഴ്ച്ച വൈകിട്ട് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തിയ സ്വാമി ഭക്തര്‍ പടിപൂജ കാണാനും കാത്തിരുന്നു. പടിപൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഉണ്ട്. തിങ്കളാഴ്ചയും ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടാവും. മകരവിളക്ക് കഴിഞ്ഞുള്ള ഒന്നാം ദിവസമായ ഞായറാഴ്ച അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്തും ആലങ്ങാട് സംഘത്തിന്റെ കര്‍പ്പൂരതാലം എഴുന്നള്ളത്തും നടന്നു. ഞായറാഴ്ച മാളികപ്പുറത്ത് മണിമണ്ഠപത്തില്‍ വില്ലാളി വീരനായ അയ്യപ്പന്റെ രൂപത്തിലായിരുന്നു കളമെഴുതിയത്.