Trending Now

എംഎല്‍എയുടെ അടിയന്തിര ഇടപെടല്‍; തിരുവാഭരണ പാതയില്‍ പാലവും വെളിച്ചവും

KONNIVARTHA.COM : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അടിയന്തര ഇടപെടലില്‍ തിരുവാഭരണ ഘോഷയാത്ര സുഗമമാക്കി വെളിച്ചവും പാലവും. കീക്കൊഴൂര്‍ പേരുച്ചാല്‍ പാലത്തിന് സമീപം തിരുവാഭരണപാതയില്‍ തകര്‍ന്ന പാലത്തിനു പകരം പുതിയ പാലവും പേരുച്ചാല്‍ പാലത്തിന്റെ അയിരൂര്‍ കരയില്‍ മിനി മാസ്റ്റ് ലൈറ്റും അടിയന്തരമായി നല്‍കിയതാണ് തിരുവാഭരണ ഘോഷയാത്ര സുഗമമാക്കിയത്.

പമ്പാ നദിയോട് ചേര്‍ന്നുള്ള തിരുവാഭരണ പാതയില്‍ തോടിന് കുറുകെയുണ്ടായിരുന്ന പാലം 2018ലെ മഹാപ്രളയത്തിലാണ് ഒലിച്ചു പോയത്. തുടര്‍ന്ന് പഞ്ചായത്ത് താല്‍ക്കാലിക പാലം നിര്‍മിച്ച് അതിലൂടെയാണ് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിരുന്നത്. തിരുവാഭരണ ഘോഷയാത്ര തിരുവാഭരണ പാതയില്‍ കൂടി തന്നെ പോകണം എന്ന ആവശ്യം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് എംഎല്‍എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് ഇവിടെ പുതിയ പാലം വേണമെന്ന് അഭ്യര്‍ഥിച്ചത്. മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് 19 ലക്ഷം രൂപ മേജര്‍ ഇറിഗേഷന്‍ വകുപ്പില്‍ ഫണ്ട് ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പാലം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ചു മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. ഇതുകൂടാതെ 45 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തിയും നിര്‍മിച്ചിട്ടുണ്ട്.

പേരൂച്ചാല്‍ പാലത്തിന്റെ അയിരൂര്‍ പഞ്ചായത്ത് ഭാഗത്ത് തിരുവാഭരണ ഘോഷയാത്ര എത്തുമ്പോള്‍ വെളിച്ചം വേണമെന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് എംഎല്‍എ ഫണ്ടില്‍ നിന്നും മിനിമാസ്റ്റ്ലൈറ്റ് അനുവദിക്കുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയായ മിനിമാസ്റ്റ്ലൈറ്റിന് റെക്കോര്‍ഡ് വേഗത്തില്‍ വൈദ്യുത കണക്ഷന്‍ നല്‍കിയ കെഎസ്ഇബി അയിരൂര്‍ സെക്ഷനെയും എംഎല്‍എ അഭിനന്ദിച്ചു.

പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, എക്സി. എന്‍ജിനീയര്‍ ജെ. ബേസില്‍, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഡി. ജയകൃഷ്ണന്‍, അസി. എന്‍ജിനീയര്‍ ജി. അരവിന്ദ്, ജോമോന്‍ കോളാ കോട്ട്, റോയി തുടങ്ങിയവര്‍ സംസാരിച്ചു.
error: Content is protected !!