സ്വാമിവേഷത്തില്‍ കരിങ്കല്‍ ക്വാറിയില്‍ കഴിഞ്ഞു, ഫോണ്‍വിളിയില്‍ പ്രവീണ്‍ റാണയെ വലയിലാക്കി കേരള പോലീസ് .നൂറുകോടിയുടെ തട്ടിപ്പുനടത്തി പോലീസിനെ വെട്ടിച്ച് കടന്ന സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ പിടികൂടി.ദേവരായപുരത്തെ ക്വാറിയില്‍ ഒരു തൊഴിലാളിയുടെ കുടിലില്‍ സ്വാമിയുടെ വേഷത്തില്‍ ഒളിച്ചുകഴിയുകയായിരുന്നു പ്രവീണ്‍.ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രവീണ്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഇതുവഴിയാണ് ഇയാളുടെ ഒളിവിടത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.സ്ഥലത്തെത്തിയ പോലീസ് ബലംപ്രയോഗിച്ചാണ് പ്രവീണിനെ കീഴ്‌പ്പെടുത്തിയത്.
തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48% വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ കൂടുതൽ പരാതികൾ വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ മൂല്യം 150 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.
കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020 ൽ അനൻ എന്ന ചിത്രം നിർമിക്കുകയും ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീൺ റാണ. 2022 ലെ ചോരൻ എന്ന സിനിമയും നിർമിച്ച് അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീൺ റാണയായിരുന്നു.
തൃശൂർ ഈസ്‌റ്റ് സിഐ ലാൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സിറ്റി പൊലീസ് സ്‌പെഷ്യൽ സ്‌ക്വാഡ് പൊള്ളാച്ചിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്‌ച വൈകിട്ട് ഒളി സങ്കേതം വളഞ്ഞാണ് പിടികൂടിയത്. പിടിയിലാകുമ്പോൾ കറുപ്പണിഞ്ഞ് സ്വാമി വേഷത്തിലായിരുന്നു. ഇയാളെ വ്യാഴാഴ്‌ച തൃശൂരിൽ കൊണ്ടുവരും.റാണയുടെ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് മേധാവി സതീഷിനെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. നിരവധി രേഖകളും പിടിച്ചിട്ടുണ്ട്
എറണാകുളത്തുനിന്ന് തൃശൂരിലേക്കും അവിടെനിന്ന് പൊള്ളാച്ചിയിലേക്കും കടന്നിട്ടുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സംഘം ബുധനാഴ്‌ച പകൽ പൊള്ളാച്ചിയിലേക്ക് പോയത്. ഒരു വർഷമായി പ്രവീൺ റാണ സിനിമാ നിർമാണം, റിസോർട്ട്, ഭൂമിക്കച്ചവടം തുടങ്ങി മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നൂറുകണക്കിന് ജീവനക്കാരുള്ള കമ്പനിവഴി ശേഖരിച്ച നിക്ഷേപത്തുക ഉപയോഗിച്ച് പലയിടങ്ങളിലായി ഭൂമിയും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകൾ പാലാഴിയിലെ വാടകവീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.