Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

10 വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യന്റെ സന്നിധിയില്‍ പാടി വനപാലകര്‍

konnivartha.com : പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അയ്യന്റെ സന്നിധിയില്‍ അയ്യപ്പ സ്തുതികള്‍ ആലപിച്ചപ്പോള്‍ വനപാലകര്‍ക്കും വനസംരക്ഷണ പ്രവര്‍ത്തകര്‍ക്കും അത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ദര്‍ശനപുണ്യം തേടിയെത്തിയ ഭക്ത ജനങ്ങള്‍ തിങ്ങി നിറഞ്ഞ സദസിനെയും അത് ഭക്തിസാന്ദ്രമാക്കി. വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ അയ്യപ്പ സ്തുതികളാലപിച്ചത്. ഗംഗയാറു പിറക്കുന്നു, വിഘ്‌നേശ്വരാ ജന്മനാളികേരം, കര്‍പ്പൂര പ്രിയനേ തുടങ്ങി 15 ഗാനങ്ങള്‍ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.

2012 വരെ എല്ലാ വര്‍ഷവും ഡിസംബര്‍ 12 ന് സന്നിധാനത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗാനാലാപനം നടന്നിരുന്നു. എന്നാല്‍ അതിനു ശേഷം വിവിധ കാരണങ്ങളാല്‍ മുടങ്ങി. ഈ വര്‍ഷം വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇനി വരും വര്‍ഷങ്ങളിലും തുടരുമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള മൂന്ന് പേരും എരുമേലി, കോട്ടയം, വടശേരിക്കര യൂണിറ്റുകളിലെ ഉദ്യോഗസ്ഥരും വനസംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് ഗാനങ്ങള്‍ ആലപിച്ചത്. ഒരു റേഞ്ച് ഓഫീസറും 15 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുമാണ് സന്നിധാനത്ത് സ്പെഷ്യല്‍ ഡ്യൂട്ടിയലുള്ളത്. സ്ഥിരമായുള്ള സെഷന്‍ ഓഫീസര്‍ ക്കും അഞ്ച് ബി.എഫ്.ഒ മാര്‍ക്കും പുറമെയാണിത്.

എന്‍. സെല്‍വരാജ്, സജു എസ്. ദേവ്, സൗമേന്ദ്രകുമാര്‍, വി.എല്‍. മനേഷ്, കെ.വി. രഞ്ജിത്ത്, ജീവന്‍ സുരേഷ്, ജ്യോതിഷ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

മകരവിളക്ക് : ഹോമിയോപ്പതി വകുപ്പ് സജ്ജം

മകരവിളക്കിനോടനുബന്ധിച്ച് ശബരിമല അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കും ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ജീവനക്കാര്‍ക്കുമായി എല്ലാ ഒരുക്കങ്ങളും സജ്ജമാക്കി ഹോമിയോപ്പതി വകുപ്പ്.

സന്നിധാനത്ത് പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ പകര്‍ച്ചപ്പനി, ചിക്കന്‍പോക്സ്, ചെങ്കണ്ണ് എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമാണ്. മലകയറി വരുന്ന അയ്യപ്പന്മാര്‍ക്കുണ്ടാവുന്ന പേശിവേദന, സന്ധിവേദന, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവക്കും ഫലപ്രദമായ ചികിത്സ ലഭ്യമാണ്. കൂടാതെ ഹോമിയോപ്പതി ഇമ്യൂണ്‍ ബൂസ്റ്ററിന്റെ ലഭ്യതയും ഡിസ്പന്‍സറിയില്‍ ഉറപ്പുവരുത്തിയതായി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ ദിലീപ് ചന്ദ്രന്‍ അറിയിച്ചു. ഭക്തജനങ്ങള്‍ക്കു പുറമേ സന്നിധാനത്തും പരിപരങ്ങളിലുമുള്ള കടയിലെ ജോലിക്കാര്‍, ഡോളി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍
(11.01.2023)

………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30 ന് 25 കലശപൂജ
തുടര്‍ന്ന് കളഭാഭിഷേകം12.45 ന് ഉച്ചപൂജ
1.30 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
9.30 മണിക്ക് …..അത്താഴപൂജ
11.20 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും

error: Content is protected !!