പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന് തുടക്കം
ശബരിമലയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശബരിമല സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞ പദ്ധതി പവിത്രം ശബരിമലയുടെ ഭാഗമായുള്ള പരിസര ശുചീകരണം സന്നിധാനത്ത് നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസിഡണ്ടിനൊപ്പം നടന്ന ശുചീകരണത്തില്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, അസി.എക്‌സി ഓഫീസര്‍ എ രവികുമാര്‍, പി ആര്‍ ഒ സുനില്‍ അരുമാനൂര്‍ മറ്റ് ജീവനക്കാര്‍ ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നിത്യവും ഒരു മണിക്കൂര്‍ വീതമാണ് പവിത്രം ശബരിമലയുടെ ഭാഗമായി സന്നിധാനവും പരിസരവും ശുചീകരിക്കുക.
മകരവിളക്ക്: ഒരുക്കങ്ങള്‍ വിലയിരുത്തി ദേവസ്വം പ്രസിഡണ്ട്.
മകരവിളക്ക് മഹോല്‍സവത്തിന്റെ മുന്നോടിയായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന മുന്നൊരുക്കങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ.കെ അനന്തഗോപന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മകരജ്യോതി ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍ തമ്പടിക്കുന്ന പാണ്ടിത്താവളം, മാങ്കുണ്ട ഭാഗങ്ങളിലായിരുന്നു പ്രസിഡണ്ടിന്റേയും സംഘത്തിന്റേയും സന്ദര്‍ശനം.
പാണ്ടിത്താവളത്തിലെ നിലമൊരുക്കല്‍, ബാരിക്കേഡ് നിര്‍മ്മാണം, കുടിവെള്ള വിതരണ സംവിധാനങ്ങള്‍ തുടങ്ങിയവ സംഘം പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ഉരല്‍ക്കുഴി, പുല്ലുമേടു നിന്നുള്ള തീര്‍ത്ഥാടക വഴികള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു. ശേഷം അപകടമുണ്ടായ വെടിമരുന്ന് ശാല സന്ദര്‍ശിച്ച പ്രസിഡണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.മരാമത്ത് വിഭാഗം അസി.എഞ്ചിനിയര്‍ സുനില്‍ കുമാര്‍, ഫെസ്റ്റിവെല്‍ കണ്‍ട്രോളര്‍ രാജേഷ്, ദേവസ്വം പിആര്‍ഒ സുനില്‍ അരുമാനൂര്‍ എന്നിവരും പ്രസിഡണ്ടിനെ അനുഗമിച്ചു.
പമ്പയും പരിസരവും ശുചീകരിച്ചു
മകരവിളക്ക് മഹോല്‍സവത്തില്‍ ജനത്തിരക്കേറുവാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പാനദിയും പരിസരപ്രദേശങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. പമ്പാനദിയിലെ ജലത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമേറുന്നതായും ജലജന്യ രോഗപകര്‍ച്ചയ്ക്ക് സാധ്യതയുള്ളതായും ആരോഗ്യവകുപ്പിന്റെ പ്രത്യേക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എ.ഡി.എം. വിഷ്ണുരാജ് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണീ നടപടി.
പരിപാടി പമ്പാ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഡ്യൂട്ടി മജിസ്‌ട്രേറ്റ് എന്‍.കെ കൃപ അധ്യക്ഷത വഹിച്ചു. റവന്യൂ, പോലീസ്, ഫയര്‍, ഫോറസ്റ്റ്, ഇറിഗേഷന്‍, ആരോഗ്യം, മാലിന്യനിയന്ത്രണ വകുപ്പുകളിലെ ജീവനക്കാര്‍, വിശുദ്ധിസേനാംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. പമ്പയില്‍ കെട്ടിക്കിടന്ന നാശമായ തുണിയുള്‍പ്പടെയുള്ള മാലിന്യങ്ങളാണ് നീക്കിയത്.
ഘന ഗംഭീര ശാരീരത്താല്‍ അയ്യപ്പന് കാണിക്കയേകി തീക്കോയി രാധാകൃഷ്ണന്റെ കര്‍ണാടിക് സംഗീതകച്ചേരി. ശാസ്ത്രീയ സംഗീതാലാപന രംഗത്ത് വര്‍ഷങ്ങളുടെ പരിചയവും ശിഷ്യസമ്പത്തുമുള്ള രാധാകൃഷ്ണന്റെ ആലാപനം അയ്യപ്പദര്‍ശന സൗഭാഗ്യം തേടിയെത്തിയ ഭക്തര്‍ക്ക് ഏറെ ആര്‍ഷകമായി. വലിയ നടപ്പന്തലിലെ മുഖമണ്ഡപത്തിലായിരുന്നു രാധാകൃഷ്ണന്റെ ആലാപനം. രാഗ വൈവിധ്യമായിരുന്നു കച്ചേരിയെ വ്യത്യസ്തമാക്കിയത്. ഏതെങ്കിലും ഒരുരാഗത്തിലും കൃതിയിലും ശ്രദ്ധയൂന്നുന്നതിന് പകരം വ്യത്യസ്ഥമായ രാഗങ്ങളിലുള്ള കൃതികള്‍ അദ്ദേഹം അയ്യപ്പസന്നിധിയില്‍ ആലപിച്ചു.
ഹംസ്വധ്വനി രാഗത്തിലെ വാതാപി ഗണപതിം എന്ന പ്രസിദ്ധ കീര്‍ത്തനത്തോടെയാണ് തീക്കോയി രാധാകൃഷ്ണന്‍ കച്ചേരി തുടങ്ങിയത്. തുടര്‍ന്ന് കീരവാണിയില്‍ അംബാവാണി, ദ്വിജവന്തിയില്‍ അഖിലാണ്ഡേശ്വരി, സാരമതിയില്‍ ഹരിഹരസുത പാലയാമാ, പന്തുവരാളിയില്‍ ശംഭോ മഹാദേവ ശങ്കര, ദര്‍ബാരി കാനഡയില്‍ ഗോര്‍വര്‍ദ്ധന ഗിരിധാരി, ബിന്ദുമാലിനിയില്‍ എന്തമൃതോ എന്തസുഖസോ, വൃന്ദവനസാരംഗത്തില്‍ കാക്കച്ചിറകിനിലൈ, രേവതിയില്‍ മഹാദേവ ശിവശംഭോ എന്നീ കൃതികള്‍ അദ്ദേഹം ആലപിച്ചു. അയ്യപ്പദര്‍ശനം തേടയെത്തിയ ഭക്തര്‍ക്ക് സംഗീത മഴയായി രാധാകൃഷ്ണന്റെ കച്ചേരി.
മൃദഗംത്തില്‍ കണ്ടഴ രാജഗോപാല്‍, ഘടകത്തില്‍ പ്രതീഷ് തലനാട്, വയലിനില്‍ സുരേന്ദ്രന്‍ കട്ടപ്പന, മുഖര്‍ശംഖില്‍ സുബിന്‍ തിടനാട് എന്നിവര്‍ അകമ്പടിയായി.
തത്വമസി പൊരുളിന്റെ സത്തതേടി അയ്യനെ ദര്‍ശിക്കാനെത്തിയ അയ്യപ്പസ്വാമിമാരെ ഭക്തിലഹരിയുടെ ആനന്ദത്തിലാറാടിച്ച് ഭജന്‍ ഗായകന്‍ പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി നാമസങ്കീര്‍ത്തന ഭജന. സന്നിധാനം നടപ്പന്തലിലെ മുഖ്യവേദിയിലാണ് ഭക്തിയും സംഗീതവും സമന്യയിച്ച ആലാപന വൈഭവംകൊണ്ട് പ്രശാന്ത് വര്‍മ്മ അയപ്പസ്വാമിമാരെ ആനന്ദലഹരിയുടെ മറുകരയെത്തിച്ചത്. സാമ്പ്രദായിക ഭജനയുടെ വിനിമയ ശേഷി വെളിപ്പെട്ട അനര്‍ഘ നിമിഷങ്ങള്‍!
അയ്യനെ സ്തുതിക്കുന്ന അയ്യപ്പസ്വാമിയെന്ന ഭജനയോടായിരുന്നു ആലാപന തുടക്കം. തുടര്‍ന്ന് പമ്പാഗണപതി, ഗണപതിയേ തുടങ്ങിയ വിഘ്‌നേശ്വര സ്തുതികള്‍ ഭക്തരെ ഇളക്കി മറിച്ചു. മാളികപ്പുറത്തമ്മയെ സ്തുതിച്ചുള്ള മാളികപ്പുറത്തമ്മേ, രഞ്ജിനി മനോരഞ്ജിനി, അമ്മേ നാരായണ എന്നീ ദേവീസ്തുതികള്‍ ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരെപ്പോലും ആനന്ദഭരിതരാക്കി. കാളി ഭദ്രകാളി, തുളസിക്കതിര്‍ നുള്ളിയെടുത്ത്, ഗുരുവായൂര്‍ അമ്പലം ശ്രീവൈകുണ്ഠം, സ്വാമിയല്ലാതൊരു ശരണമില്ല, ഏറ്റുമാനൂരപ്പെനെ, ശങ്കര മഹാദേവ തുടങ്ങിയ ജനപ്രിയ ഭക്തിഗീതങ്ങളും അദ്ദേഹം ആലപിച്ചു. കോഴിക്കോട് സ്വദേശിയായ പ്രശാന്ത് വര്‍മ്മ ഏഴാം വയസ്സിലാണ് സംഗീതപഠനമാരംഭിച്ചത്. ഇന്ന് കേരളത്തിലെ അറിയിപ്പെടുന്ന പതിനേഴിലേറെ ഭജനസംഘങ്ങളിലെ മുഖ്യഗായകനാണ് അദ്ദേഹം. 14 ഭക്തി ആല്‍ബങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
ഹാര്‍മോണിയത്തില്‍ പുരുഷോത്തമന്‍, തബലയില്‍ സുനില്‍, തവിലില്‍ അമിത്, ഡോലക്കില്‍ രതീഷ് എന്നിവര്‍ അകമ്പടിയായി. രാജന്‍, മണികണ്ഠന്‍, അഭിലാഷ്, പ്രവീണ്‍, അനീഷ്, രവികുമാര്‍ എന്നിവര്‍ കോറസ് പാടി.
ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍
09.01.2023)
………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30 ന് 25 കലശപൂജ
തുടര്‍ന്ന് കളഭാഭിഷേകം12.45 ന് ഉച്ചപൂജ
1.30 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
9.30 മണിക്ക് …..അത്താഴപൂജ
11.20 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും